ഇരിട്ടി: പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നാളെ കണ്ണൂർ ജോയന്റ് രജിസ്ട്രാർ ഓഫിസറുടെ ഓഫിസിലേക്ക് മാർച്ചു നടത്തും. ഇതിനിടെ സിപിഎം നിയന്ത്രിത ഭരണ സമിതി ഭരിക്കുന്ന കണ്ണൂർ പേരാവൂർ സഹകരണ സംഘത്തിലെ ചിട്ടി തട്ടിപ്പിൽ ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.

ഈട് വാങ്ങാതെ വായ്പകൾ അനുവദിച്ചത് ബാധ്യതക്ക് കാരണമായെന്നാണ് റിപ്പോർട്ട്. സഹകരണ വകുപ്പ് അസി.രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.ഇതിനിടെ നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന ഉറപ്പ് സിപിഎം ജില്ലാ നേതൃത്വം ലംഘിച്ചെന്നാരോപിച്ച് വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് സമരസമിതി. 2017ലാണ് ധനതരംഗ് എന്ന പേരിൽ പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി ആരംഭിക്കുന്നത്. 2000 രൂപ മാസ തവണയിൽ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയിൽ ചേർന്നത്.

നറുക്ക് ലഭിക്കുന്നയാളുകൾ പിന്നീട് പണം നൽകേണ്ടതില്ലെന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണെന്ന് അന്നേ വിമർശനമുയർന്നിരുന്നു.. ചിട്ടി ആരംഭിച്ചതിനു പിന്നാലെ ചിട്ടി നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ച് സഹകരണ വകുപ്പ് ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഭരണസമിതിയും സെക്രട്ടറിയും നോട്ടീസിനു മറുപടി പോലും അയച്ചിരുന്നില്ലെന്ന് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു . പിരിഞ്ഞു കിട്ടിയ തുക വകമാറ്റി ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചിട്ടി തട്ടിപ്പിനെതിരെ നിക്ഷേപകർ റിലേ നിരാഹാര സമരം നടത്തിയിരുന്നു.

ഒക്ടോബർ ഒന്നിന് പൊലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ആറുമാസത്തിനകം ചിട്ടി തുക തിരികെ നൽകുമെന്ന് നിക്ഷേപകർക്ക് സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പിന്നാലെ സെക്രട്ടറി നിലപാട് മാറ്റി. ഭരണ സമിതി എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. പാർട്ടി നിക്ഷേപകരുടെ കൂടെയാണെന്നും ബന്ധപ്പെട്ടവരിൽ നിന്നും പണം വസൂലാക്കി നിക്ഷേപകർക്ക് മടറി നൽകുമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ അൽപ്പസ്വൽപ്പം കുടിശിക പിരിവ് നടക്കുകയല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.