കണ്ണൂർ: പേരാവൂർ പൊലിസ് ഇൻസ്‌പെക്ടർക്കെതിരെ ഭീഷണി പ്രസംഗവുമായി എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ. എസ്.ഡി.പി.ഐ. പേരാവൂർ മണ്ഡലം സെക്രട്ടറി ഷമീർ മുരിങോടിയെ അന്യായമായി കാപ്പ ചുമത്തി ജയിലിൽ അടച്ചുവെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരാവൂർ സിഐ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ശമ്പളം വാങ്ങുന്നത്. അല്ലാതെ നാഗ്പുരിലെ ആർഎസ്എസ് കാര്യാലയത്തിൽ നിന്നല്ല. രാജ്യത്തെ നിയമം പാലിക്കുന്നതിനായി പൊലിസിനെ അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. എന്നാൽ അന്യായമായി പൊതു പ്രവർത്തകരെ ജയിലിൽ അടയ്ക്കുന്നതിനെതിരെ അതിശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഉസ്മാൻ പറഞ്ഞു.

ബോധപൂർവ്വം തങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് പൊലീസുകാരുടെ നിലപാടെങ്കിൽ നിയമത്തിന്റെ ഏതറ്റം വരെയും പോയി അത്തരം ഉദ്യോഗസ്ഥരെ നിയമത്തിന് മുൻപിൽ പിടിച്ചു കൊണ്ടുവരുമെന്നും ഉസ്മാൻ പറഞ്ഞു.ആർ.എസ്.എസിന് വിടുപണി ചെയ്യുന്നവരെ ബഹുമാനിക്കാനോ അനുസരിക്കാനോ ഞങ്ങൾക്ക് ബാധ്യസ്ഥതയില്ല. നിലയ്ക്കു നിൽക്കാത്ത .ചില പൊലിസുകാർ പല താൽപ്പര്യങ്ങളുടെ പേരിൽ കാപ്പ ദുരുപയോഗം ചെയ്യുകയാണ്. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തന്റെ അനുഭവകഥയിൽ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ അവന്റെ വിവാഹ സമയത്ത് കാപ്പ ചുമത്തി വേട്ടയാടിയ കാര്യം തുറന്നു കാട്ടിയിട്ടുണ്ട്.

എസ്.ഡി.പി.ഐയുടെ പ്രവർത്തനം അതിന്റെ തുടക്കകാലം മുതൽ ഇവിടെ പൊലീസും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും പലവിധ പ്രതിബന്ധങ്ങളും സൃഷ്ടിച്ച് തടസപ്പെടുത്താൻ ശ്രമിച്ചിട്ടും ഒരിഞ്ച് പിന്മാറിയിട്ടില്ല. സിഐ റിപ്പോർട്ടിന്റെ പേരിൽ ചുമത്തിയ കാപ്പ പിൻവലിക്കാൻ കലക്ടർ തയ്യാറാകണം.നിർമ്മാണത്തിലിരിക്കുന്ന വീടിന് മുൻപിൽ വയ്ക്കുന്ന യാതൊരു പ്രതികരണ ശേഷിയുമില്ലാത്ത നോക്കുകുത്തിയായി കേരളത്തിന്റെ ആഭ്യന്തര മന്ത്രി മാറിയ കാഴ്‌ച്ചയാണ് കഴിഞ്ഞ കുറെക്കാലമായി ഇവിടെ കാണുന്നതെന്ന് ഉസ്മാൻ ആരോപിച്ചു.

ഇന്ന് രാവിലെ പ്‌ളാസ ജങ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ ബസ് സ്റ്റാൻഡ്, താലുക്ക് ഓഫിസ്, കാൽടെക്‌സ് വഴി സിവിൽ സ്റ്റേഷൻ പ്രധാനകവാടത്തിൽ സമാപിച്ചു. സംഘർഷ മൊഴിവാക്കുന്നതിനായി കലക്ടറേറ്റ് ഗേറ്റിൽ വൻ പൊലിസ് സന്നാഹവും വരുൺ ജലപീരങ്കിയും നിലയുറപ്പിച്ചിരുന്നു.

ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീൻ അധ്യക്ഷനായി ജില്ലാ ഭാരവാഹികളായ മുസ്തഫ നാറാത്ത്, ഷംസുദ്ദീൻ മൗലവി, കെ.പി സുഫീറ, എ.ഫൈസൽ, സി.കെ ഉമ്മർ മാസ്റ്റർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.