തൃശൂർ: വെള്ളം മുഴുവനും വറ്റി മണ്ണും ചെളിയും അടിഞ്ഞ് അനാഥ പ്രേതം പോലെയായി പെരിങ്ങൽ കുത്ത് ഡാം. പ്രളയം കേരളത്തെ തകർത്തെറിഞ്ഞപ്പോൾ പെരിങ്ങൽ കുത്ത് ഡാമിനുണ്ടായ വൻ കേടുപാടുകൾ തീർക്കണമെങ്കിൽ കോടികളുടെ മുടക്കും ആറു മാസത്തെ കഠിനാധ്വാനവും വേണം. പ്രളയത്തിൽ മഴവെള്ളം ഡാമുകളിലേക്ക് ഒഴുകി എത്തിയപ്പോൾ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് പരമാവധി ശേഷിയായ 424 മീറ്ററിൽ എത്തി. ഡാമുകൾ കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ഏഴു ഷട്ടറുകളും 3.6 മീറ്റർ (12 അടി) വീതവും രണ്ടു സ്ലൂയിസ് ഗേറ്റുകൾ 5.1 മീറ്റർ (18 അടി) വീതവും ഉയർത്തി. ഇതോടെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയ വന്മരങ്ങൾ ഡാമിലെ ഷട്ടറുകൾക്കിടയിൽ പെട്ടതാണ് കേടുപാടുകൾക്ക് കാരണമായത്. ഇതോടെ തുറന്ന ഷട്ടറുകൾ അടയ്ക്കാൻ കഴിഞ്ഞില്ല.

ഷട്ടറുകൾ താഴ്‌ത്താൻ സാധിക്കാതായതോടെ ഇന്ന് ഡാമിലെ വെള്ളത്തിന്റെ ഏറിയ പങ്കും ഒഴുകിപ്പോയി വറ്റി വരണ്ട നിലയിലാണ്. നിലവിൽ അണക്കെട്ടിന്റെ മധ്യഭാഗത്തായി മാത്രം വെള്ളം. സ്ലൂയിസ് ഗേറ്റുകൾ അടച്ചെങ്കിലും അണക്കെട്ടിൽനിന്നു പുറത്തേക്കു വെള്ളം ഒഴുകുന്നു. പ്രളയത്തിൽ തകർന്നു പോയ ഡാമിന്റെ ഷട്ടറുകൾ ഇനി പൂർണ്ണമായും പ്രവർത്തന ക്ഷമമാക്കണമെങ്കിൽ ആറു മാസത്തെ കഠിനാധ്വാനവും കോടിക്കണക്കിന് രൂപയും വേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ നിഗമനം. മോട്ടോറുകളും യന്ത്രച്ചക്രങ്ങളും അഴിച്ചുപണിയണം. ഷട്ടറുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനവും നവീകരിക്കേണ്ടതുണ്ട്.

15 വൻ മരങ്ങളാണ് പെരിങ്ങൽ കുത്ത് ഡാമിന്റെ ഷട്ടറിൽ കുരുങ്ങിയത്. ഏഴു ഷട്ടറുകളിൽ ഒരെണ്ണം മാത്രമേ ഇനിയും ഭാഗീകമായെങ്കിലും താഴ്‌ത്താൻ കഴിഞ്ഞിട്ടുള്ളു. ഈറ്റയും മുളകളും നീക്കംചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. മുളകൾ നീക്കി കഴിഞ്ഞാൽ മാത്രമേ ഷട്ടറുകളുടെ അറ്റകുറ്റപ്പണി തുടങ്ങാനാകൂ. ഒരാഴ്ചയ്ക്കുള്ളിൽ മുള പൂർണമായി നീക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. മറ്റു ഡാമുകളിൽനിന്നു വ്യത്യസ്തമാണു പെരിങ്ങൽക്കുത്തിന്റെ ഷട്ടറുകളുടെ ഘടന.

ചെളിവെള്ളവും ഈറ്റയും മുളയും വന്നടിഞ്ഞാണു ഷട്ടറുകളിലെ മോട്ടോറുകളും യന്ത്രച്ചക്രങ്ങളും തകരാറിലായത്. അണക്കെട്ടിനു മുകളിലെ ഷട്ടർ നിയന്ത്രണ സംവിധാനവും വയറിങ്ങുകളും വെള്ളം കയറി നശിച്ചു. ഒഴുകിയെത്തിയ വലിയ മരങ്ങളെല്ലാം മുറിച്ചു നീക്കംചെയ്തു. മിക്ക ഡാമുകളിലും ഷട്ടർ ഉയർത്തിയാണു വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിങ്ങൽക്കുത്തിൽ ഷട്ടറുകൾ താഴ്‌ത്തിയാണു വെള്ളം നിയന്ത്രിക്കുന്നത്. ഈ ഘടനയും ഷട്ടറുകളുടെ തകരാറിനു കാരണമായതായി പറയുന്നു. ഡാമിലേക്കുള്ള റോഡിന്റെ ഒരു ഭാഗവും തകർന്നു തരിപ്പണമായി. വിനോദസഞ്ചാരികൾക്കായുള്ള പാർക്കും ഉദ്യാനവും പ്രളയത്തിൽ പൂർണമായി ഒലിച്ചുപോയി. പാർക്കുണ്ടായിരുന്ന സ്ഥലത്ത് നിലവിൽ വലിയൊരു ഗർത്തം മാത്രമാണുള്ളത്. കൂറ്റൻ വൈദ്യുത തൂണും ഒടിഞ്ഞു വീണു.

പ്രളയക്കെടുതിയിൽ കെ.എസ്.ഇ.ബിയുടെ പവർഹൗസിൽ വരെ വെള്ളം കയറിയിരുന്നു. ഇപ്പോഴത്തെ പെരിങ്ങൽക്കുത്ത് ഡാമിൽ പേരിനു മാത്രമാണ് വെള്ളം. ഷട്ടർ അടയ്ക്കാൻ കഴിയാതെ വന്നതോടെ വെള്ളമെല്ലാം ഒഴുകി പോയി. പതിനഞ്ചു കൂറ്റൻ മരങ്ങളാണ് ഷട്ടറിൽ വന്നടിഞ്ഞത്. ഡാമിന്റെ റോഡിനൊരു ഭാഗം തകർന്നു തരിപ്പണമായി. ഷട്ടറുകളുടെ പല ഭാഗങ്ങളും ഇളകിയ നിലയിലാണ്. കൂറ്റൻ വൈദ്യുത തൂൺ ഒടിഞ്ഞു വീണു. പവർഹൗസിന്റെ ഇരുമ്പ് ഷെഡ് പന്തു പോലെ ഞെരിഞ്ഞമർന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ തൽസ്ഥിതി പരിശോധിക്കാൻ വൈദ്യുതി മന്ത്രി എം.എം.മണി നേരിട്ടെത്തിയിരുന്നു.