തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനെ വധിച്ച കേസിൽ പൊലീസിന്റെ കുറ്റപത്രം സിപിഎമ്മിന്റെ ഇച്ഛയ്ക്ക് അനുസരിച്ച്. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും മുൻവൈരാഗ്യമാണ് കാരണമെന്നുമുള്ള പൊലീസിന്റെ നിലപാടാണ് കുറ്റപത്രത്തിൽ തിരുത്തിയിരിക്കുന്നത്. ഒന്നാം പ്രതി ജിഷ്ണുവിന്റെ മാത്രം രാഷ്ട്രീയമാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.

കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നിടത്ത് പൊലീസിന്റെ മലക്കം മറിച്ചിൽ വ്യക്തമാണ്. മുൻവൈരാഗ്യം മൂലമുള്ള ക്വട്ടേഷൻ ആക്രമണമാണ് നടന്നതെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. ജില്ലാ പൊലീസ് മേധാവിയായിരുന്ന ആർ. നിശാന്തിനി, തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തർ എന്നിവർ ഈ നിലപാട് സ്വീകരിച്ചത് സിപിഎമ്മിന്റെ കടുത്ത വിമർശനത്തിന് കാരണമായി.

തിരുവല്ലയിലെ പ്രാദേശിക നേതൃത്വം നൽകിയ വിവരം അനുസരിച്ച് ഇതൊരു രാഷ്ട്രീയ കൊലപാതകമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിക്കേണ്ടി വന്നു. മുൻവൈരാഗ്യം കൊണ്ടാണ് താൻ സന്ദീപിനെ വകവരുത്തിയത് എന്ന മുഖ്യ പ്രതി ജിഷ്ണുവിന്റെ മൊഴിയും അറസ്റ്റിലായ മറ്റു പ്രതികൾ ഡിവൈഎഫ്ഐക്കാരായതും സിപിഎമ്മിന് തിരിച്ചടിയായി. പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രതികരിച്ച മുഖ്യമന്ത്രിയാകട്ടെ രാഷ്ട്രീല കൊലപാതകം എന്നൊരു വാക്ക് ഉച്ചരിച്ചതേയില്ല.

രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം സംസ്ഥാന സെക്രട്ടറി ഉന്നയിച്ച സ്ഥിതിക്ക് കുറ്റപത്രത്തിൽ ആ പരാമർശം ഇല്ലാതെ വരുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് പൊലീസിൽ സമ്മർദം ചെലുത്തിയത്. അതനുസരിച്ച് പൊലീസ് കുറ്റപത്രവുമെഴുതി. എന്നാൽ, മുഖ്യപ്രതിക്ക് മാത്രം രാഷ്ട്രീയ ബന്ധം ആരോപിക്കുന്നിടത്ത് കുറ്റപത്രം പൊളിയുകയും സിപിഎമ്മിന്റെ സമ്മർദ തന്ത്രം പുറത്തു വരികയും ചെയ്തിരിക്കുകയാണ്. സിപിഎമ്മിന്റെ അതൃപ്തി മനസിലാക്കി തങ്ങളുടെ തൊപ്പി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കുറ്റപത്രമാണ് പൊലീസ് ഇപ്പോൾ നൽകിയിരിക്കുന്നത്.

കൊലപാതകം നടന്ന ഡിസംബർ രണ്ടിന് രാത്രിയിലും മൂന്നാം തിയതി പകലുമായി കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ദീപിനെ എങ്ങനെ കൊല്ലണമെന്ന് ആസൂത്രണം ചെയ്യാൻ രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികളായ പ്രമോദ്, നന്ദു അജി, മൺസൂർ, വിഷ്ണു അജി എന്നിവർക്കായി ജിഷ്ണു മുത്തൂരിലെ ലോഡ്ജിൽ മുറി എടുത്തു നൽകി. ഇവിടെ നിന്നാണ് പ്രതികൾ കൃത്യം നടപ്പിലാക്കാൻ ചാത്തങ്കരിയിലേക്ക് പോയത്. ഒന്നാം പ്രതിക്ക് മാത്രമാണ് സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യമെന്നും മറ്റുള്ളവർ ജിഷ്ണുവിനെ സഹായിക്കാൻ എത്തിയതാണെന്നും 732 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. മറ്റുള്ളവരുടെ രാഷ്ട്രീയം ചികഞ്ഞാൽ തിരിച്ചടിക്കുമെന്ന് കണ്ടാണ് ഇവിടെ ജിഷ്ണുവിന്റെ രാഷ്ട്രീയം മാത്രം പറഞ്ഞിരിക്കുന്നത്.

പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷ് അടക്കം ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികൾ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി രേഷ്മ ശശിധരന് മുൻപാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. അറുപതാം ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും ജിഷ്ണു ഒഴികെയുള്ള പ്രതികൾക്ക് രാഷ്ട്രീയ ബന്ധം ഇല്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികൾ സംഘം ചേർന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയത്. എട്ട് സാക്ഷികൾ മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴി നൽകി. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് പൊലീസിന്റെ കുറ്റപത്രം. കേസിൽ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. സുരേഷ് ബാബു തോമസിനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സംഭവം നടന്ന് 90 ദിവസം പിന്നിടും മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ മാവിലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് വിചാരണ പൂർത്തിയാകാതെ ജാമ്യം ലഭിക്കില്ല.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ സിപിഎമ്മിന്റെ അതൃപ്തിക്ക് പാത്രമായ ഡിവൈ.എസ്‌പിയെ സ്ഥലം മാറ്റുന്നതിനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. കടുത്ത സിപിഎമ്മുകാരനായ ഡിവൈഎസ്‌പി, എസ്‌പിക്കൊപ്പം ചേർന്ന് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് പറഞ്ഞതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഡിവൈഎസ്‌പി സിപിഎം തണലിൽ വിരാജിക്കുകയും അവസാനം അവർക്കെതിരേ നിലപാട് എടുക്കുകയും ചെയ്തുവെന്ന വിമർശനം പാർട്ടി സമ്മേളനങ്ങളിൽ അടക്കം ഉയർന്നിരുന്നു.

ഇദ്ദേഹത്തെ വടക്കൻ ജില്ലകളിലേക്ക് എവിടെയെങ്കിലും മാറ്റി അപ്രസക്തമായ യൂണിറ്റിൽ നിയമിക്കാനാണ് നീക്കം. പത്തനംതിട്ട ഡിവൈ.എസ്‌പി കെ. സജീവിനെ തിരുവല്ലയിലേക്ക് മാറ്റും. പകരം ഒരു സാമുദായിക സംഘടനയുടെ പിൻബലത്തിൽ ഡിവൈഎസ്‌പി വിദ്യാധരനെ പത്തനംതിട്ടയിൽ നിയമിക്കും.