- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിന്തൽമണ്ണ സ്വദേശിക്ക് കാശ്മീരിൽ നിന്നു പണമൊഴുക്ക്; ഗൗരവമോർത്ത് മലപ്പുറം പൊലീസ് മുകളിലേക്ക് വിട്ടു; അന്വേഷണം എ ഡി ജി പി കൈവിട്ടു; ഗൾഫിലേക്കു പോയ യുവാവിനെപ്പറ്റി വിവരമില്ല
മലപ്പുറം : ഗൾഫിൽ ജോലി ചെയ്യുന്ന യുവാവിനു കാശ്മീരിൽനിന്ന് അനധികൃതമായി പണമൊഴുകിയതുമായി ബന്ധപ്പെട്ട അന്വേഷണം എ ഡി ജി പി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടു മുക്കി. അടുത്തയിടെ വിവാദത്തിൽപ്പെട്ട പൊലീസ് ഉന്നതനാണ് കാശ്മീരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് കോടികൾ ഒഴുകിയതുമായി ബന്ധപ്പെട്ട അന്വേഷണം ഒന്നുമല്ലാതാക്കിത്തീർത്തത
മലപ്പുറം : ഗൾഫിൽ ജോലി ചെയ്യുന്ന യുവാവിനു കാശ്മീരിൽനിന്ന് അനധികൃതമായി പണമൊഴുകിയതുമായി ബന്ധപ്പെട്ട അന്വേഷണം എ ഡി ജി പി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടു മുക്കി. അടുത്തയിടെ വിവാദത്തിൽപ്പെട്ട പൊലീസ് ഉന്നതനാണ് കാശ്മീരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് കോടികൾ ഒഴുകിയതുമായി ബന്ധപ്പെട്ട അന്വേഷണം ഒന്നുമല്ലാതാക്കിത്തീർത്തത്.
ഒരു ദേശസാൽകൃതബാങ്ക് മുഖാന്തിരമായിരുന്നു കാശ്മീരിലെ പഹൽഗാം, കുപ്‌വാര എന്നിവിടങ്ങളിലെ ബാങ്ക് ശാഖകൾ വഴി പെരിന്തൽമണ്ണയിലേക്ക് പണമെത്തിയത്. ഇതിൽ സംശയം തോന്നിയ പെരിന്തൽമണ്ണയിലെ ബാങ്ക് മാനേജർ ക്രൈംബ്രാഞ്ചിനു വിവരം നൽകുകയായിരുന്നു. തുടർന്ന് മലപ്പുറം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും ഗൾഫിലുള്ള യുവാവിനെ പിടികൂടുകയുമായിരുന്നു. ഇദ്ദേഹത്തെ നിർബന്ധപൂർവ്വം മലപ്പുറത്തെത്തിച്ച് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിവരങ്ങൾ ആരാഞ്ഞെങ്കിലും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തിനായില്ല. ഹൈദരാബാദുകാരനായ ഒരു വ്യവസായിയാണ് തനിക്ക് കാശ്മീരിലെ ബാങ്കുകൾ മുഖാന്തിരം പണം അയച്ചതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.
എന്നാൽ ഇടപാടിനു പിന്നിൽ എന്താണെന്നുള്ള ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ യുവാവ് നിശബ്ദത പാലിച്ചു. സംഭവം ഗൗരവമുള്ളതിനാൽ തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുകയില്ലെന്ന് ക്രൈം ബ്രാഞ്ചിന് ബോധ്യപ്പെട്ടു. ദേശസുരക്ഷ, വിദേശമാഫിയ, അന്യസംസ്ഥാന ബന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാൽ മലപ്പുറത്തെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം എ ഡിജി പിക്ക് കൈമാറി. എൻ ഐ എയുടെ അന്വേഷണം ശുപാർശ ചെയ്തായിരുന്നു പൊലീസിന്റെ ഈ നീക്കം. ഇതിനിടെ യുവാവിന്റെ പാസ്‌പോർട്ട് മലപ്പുറം ക്രൈംബ്രാഞ്ച് പിടിച്ചുവയ്ക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരത്ത് എ ഡി ജി പി യുടെ മുമ്പിൽ ഹാജരായ യുവാവിനെ പൊലീസിലെ ഉന്നതൻ വിവരങ്ങൾ ആരായുകപോലും ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.
പൊലീസ് നടപടികളിലെ കൃത്രിമത്വം ബോധ്യപ്പെട്ട യുവാവ് ഹൈക്കോടതിയിൽ ഹരജി നൽകി. തന്റെ പാസ്‌പോർട്ട് കാരണങ്ങളൊന്നുമില്ലാതെ മലപ്പുറം ക്രൈംബ്രാഞ്ച് പിടിച്ചുവച്ചു എന്നതായിരുന്നു പരാതി. എ ഡി ജി പി നടപടിയെടുക്കുമെന്ന് വിചാരിച്ച് മലപ്പുറം ക്രൈം ബ്രാഞ്ച് കേസ് ചാർജ്ജ് ചെയ്യാതിരുന്നത് പ്രതിക്ക് തുണയാവുകയും ചെയ്തു. കേസൊന്നുമില്ലാത്തതിനാലും പ്രോസിക്യൂഷ്യന്റെ അനാസ്ഥ കാരണവും യുവാവിനു പാസ്‌പോർട്ട് തിരിച്ചു നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവായി. പൊലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
തുടർന്ന് പാസ്‌പോർട്ട് വിട്ടുകിട്ടിയ യുവാവ് ഗൾഫിലെത്തിയ ശേഷം പിന്നീട് ഇയാളെക്കുറിച്ച് ആർക്കും വിവരമൊന്നുമില്ല. 9 മാസങ്ങൾക്കു മുമ്പാണ് സംഭവം നടന്നത്. സിറിയയിലെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് മലയാളികൾ അടക്കം നിരവധി പേർ സിറിയയിൽ എത്തിയെന്ന സൂചനകളെക്കുറിച്ച് എൻ ഐ എ യും റോയും ഇന്റലിജൻസ് ബ്യൂറോയും നടത്തിയ അന്വേഷണങ്ങൾക്കിടയിലാണ് ഈ യുവാവിന് കാശ്മീരിൽ നിന്നും ലഭിച്ച പണത്തെക്കുറിച്ചുള്ള ദുരൂഹത വീണ്ടും തലപൊക്കിയിരിക്കുന്നത്.
കേരളത്തിൽ നിന്നും ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘങ്ങളുടെ നേതൃത്വം ഇയാൾക്കാണെന്നാണ് സംശയം. എ ഡി ജി പി ക്കെതിരെ പൊലീസിൽ നിന്നു തന്നെ പരാതി ആഭ്യന്തര വകുപ്പിന് ലഭിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുമായുള്ള ബന്ധം കാരണം ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കുകയായിരുന്നു.