പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇന്ന് അരങ്ങേറിയ അക്രമങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെരിന്തൽമണ്ണ ലീഗ് ഓഫീസ് കേന്ദ്രീകരിച്ച് നടന്ന് തിരക്കഥയുടെ ചിത്രീകരണം. നേതൃത്വം നൽകിയതാകട്ടെ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കലും, വള്ളിക്കുന്ന് എംഎൽഎ പി.അബ്ദുൽ ഹമീദ് മാസ്റ്ററുടെ ഡ്രൈവറും മണ്ണാർമല സ്വദേശിയുമായ സക്കീറും.

കഴിഞ്ഞ വെള്ളിയാഴ്ച എംഎസ്എഫിന്റെ ഒരു ജില്ലാതല പരിപാടി കോളേജിൽ വെച്ച് സംഘടിപ്പിച്ചിരുന്നു ഈ പരിപാടിയിൽ പങ്കെടുത്ത എം എസ്എഫ് സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി.അഷ്റഫലിയെ എസ്എഫ്‌ഐ പ്രവർത്തകർ കൂവി വിളിക്കുകയും പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രതികാരമെന്നോണമാണ് പുറത്ത് നിന്നുള്ള മുസ്ലിംലീഗുകാരെയും കൂട്ടി സക്കീറും ഉമ്മർ അറക്കലും കോളേജിലെത്തി എസ് എഫ് ഐയുടെ കൊടിമരം പിഴുതെറിയുകയും കണ്ണിൽ കണ്ടവരെയെല്ലാം തല്ലിയോടിക്കുകയും ചെയ്തത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലടക്കമുള്ള അദ്ധ്യാപകർക്കും നിരവിധി വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി വള്ളിക്കുന്ന് എം എൽ എയും മുൻ മുസ്ലിലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അബ്ദുൽ ഹമീദ് മാസ്റ്ററും പെരിന്തൽമണ്ണ മുസ്ലിം ലീഗ് പാർട്ടി ഓഫീസ് കേന്ദ്രീകരിച്ചുണ്ടായിരുന്നു. ആ ഓഫീസാണ് ഇന്ന് എസ് എഫ് ഐക്കാർ തല്ലിത്തകർത്തത്. ഇതിന് പകരമായി സി പി എം ഏരിയാ കമ്മറ്റി ഓഫീസിലേക്ക് മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയെങ്കിലും പൊലീസ് ലാത്തി വീശി ലീഗ് പ്രവർത്തകരെ പിന്തിരിപ്പിച്ചു.

അതേ സമയം മാർച്ച് തടയാനായി പെരിന്തൽമണ്ണയിലെ സി ഐ ടി യു പ്രവർത്തകരടക്കം നിരവധിപേർ സി പി എം ഏരിയാകമ്മിറ്റി ഓഫീസിന് മുന്നിൽ തടിച്ച് കൂടിയിരുന്നു. എന്നാൽ മാർച്ച് ഓഫീസിന് അടുത്തെത്തും മുമ്പേ പൊലീസ് തടഞ്ഞു. പ്രകോപിതരായ പ്രതിഷേധക്കാർ പൊലീസിനും സി പി എം ഓഫീസിനും നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാർ സി പി എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും കൊടിത്തോരണങ്ങളും നശിപ്പിച്ചു. സി പി എം മലപ്പുറം ജില്ലാ സമ്മേളനം ഇത്തവണ പെരിന്തൽമണ്ണയിൽവച്ചായിരുന്നു.

അതിനിടെ അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിൽ അങ്ങാടിപ്പുറം ഗവൺമെന്റ് പോളിടെക്നിക് കോളേജിന്് രണ്ട് ദിവസത്തേക്ക് പ്രിൻസിപ്പൾ അവധി പ്രഖ്യാപിച്ചു. ജനുവരി 23,24 തിയ്യതികളിൽ കോളേജിന് റഗുലർ ക്ലാസുകളുണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൾ അറിയിച്ചു.