- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയ ഇരട്ടക്കൊലയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിബിഐ പരിശോധന; ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു; ഖജനാവിലെ ലക്ഷങ്ങൾ മുടക്കി സിബിഐ അന്വേഷണം തടയാൻ സർക്കാർ ശ്രമിച്ചിട്ടും പാർട്ടി ഓഫീസിൽ കേന്ദ്ര ഏജൻസിയെത്തി; പാർട്ടി ഗ്രാമങ്ങൾ സിബിഐ പേടിയിൽ
കാഞ്ഞങ്ങാട്: ഒടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം ഭയന്നിടത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കവേ സിബിഐ സിപിഎം ഓഫീസിലെത്തി. രാഷ്ട്രീയ കൊലപാതകമെന്ന നിലയിൽ വരും ദിവസങ്ങളിൽ സിപിഎമ്മിനെ ഏറെ പ്രതിക്കൂട്ടിലേക്ക് നയിക്കുന്നതിന്റെ തുടക്കമാണ് ഇതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
സിപിഎം ഉദുമ ഏരിയാ കമ്മറ്റി ഓഫീസിലാണ് സിബിഐ സംഘം എത്തിയത്. കേസിലെ പ്രതിയും സിപിഎം നതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ കെ.മണികണ്ഠനെ വിളിച്ചു വരുത്തിയാണ് സിബിഐ തെളിവെടുത്തത്. കേസിലെ 14-ാം പ്രതിയാണ് മണികണ്ഠൻ. അതിനിടെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തി സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
സിബിഐ. ഡിവൈ.എസ്പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓഫീസ് സെക്രട്ടറിയോട് കാര്യങ്ങൾ വിശദീകരിച്ച ശേഷം അകത്തേക്ക് കയറിയ സിബിഐ ഉദ്യോഗസ്ഥർ പ്രതികൾ ഉറങ്ങിയ ഇടവും മറ്റും കൃത്യമായി രേഖപ്പെടുത്തി. 2019 ഫെബ്രവുരി 17-നാണ് കൊല നടത്തിയത്. അന്നു രാത്രി പ്രതികളിൽ നാലു പേർ സിപിഎമ്മിന്റെ ഏരിയാകമ്മിറ്റി ഓഫീസിലും ബാക്കി നാലുപേർ വെളുത്തോളി ഗ്രാമത്തിലെ ഒരു വീട്ടിലുമാണ് തങ്ങിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്.
തെരഞ്ഞെടുപ്പു അടുത്ത വേളയിൽ സിബിഐ ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിയത് രാഷ്ട്രീയമായി സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അടുത്ത ആയുധം കൂടി നൽകുന്ന കാര്യമായി. സിപിഎം മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരൻ ഉൾപ്പടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരിൽ 11 പേരും കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. എട്ടുപേരാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവർ രണ്ടു വാഹനങ്ങളിലായി വെളുത്തോളി ഗ്രാമത്തിലെത്തുകയും അവിടെ നിന്നു നാലുപേർ ചട്ടഞ്ചാലിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയെന്നുമാണ് റിപ്പോർട്ട്. മുൻ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൃത്യമാണോയെന്ന പരിശോധനയാണ് സിബിഐ നടത്തുന്നത്.
വെളുത്തോളിയിൽ വച്ചാണ് പ്രതികൾ തങ്ങളുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞത്. ഈ സ്ഥലത്തും സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കൊലയ്ക്കു ശേഷം വാഹനങ്ങൾ ഉപേക്ഷിച്ചയിടം, ആയുധങ്ങൾ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലും സിബിഐ സംഘമെത്തി. കല്ല്യോട്ടെത്തിയ സിബിഐ ഉദ്യോഗസ്ഥർ ശരത് ലാലിന്റെ അമ്മ ലത, കൃപേഷിന്റെ അച്ഛൻ പി.കൃഷ്ണൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ പെരിയിയൽ എത്തിയ സിബിഐ സംഘം കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണ സംഘം പുനരാവിഷ്കാരം നടത്തിയിരുന്നു. അക്രമിസംഘം ഒളിച്ചുനിൽക്കുന്നതും ബൈക്ക് തടഞ്ഞ് വെട്ടുന്നതും ഉൾപ്പെടെ പുനരാവിഷ്കരിച്ചു.
കേസിലെ ദൃക്സാക്ഷികളെയും സ്ഥലത്തെത്തിച്ചു. കല്യോട്ട് കൂരാങ്കര റോഡിൽവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവർക്കു വെട്ടേറ്റത്. ഇവർ വീണ് കിടക്കുന്നതു കണ്ടത് ജീപ്പിലെത്തിയ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരായിരുന്നു. ഈ ജീപ്പിൽ കയറ്റിയാണ് ശരത്ലാലിനെ ആശുപത്രിയിൽ എത്തിച്ചത്. ഈ ജീപ്പും പുനരാവിഷ്കാരത്തിനായി എത്തിച്ചിരുന്നു. അതേസമയം, അന്വേഷണത്തിന് എത്തിയ സിബിഐ സംഘത്തോടു സർക്കാർ നിസഹകരണം തുടരുകയാണ്. സിബിഐ ആവശ്യപ്പെട്ട സൗകര്യങ്ങൾ നൽകിയിരുന്നില്ല.
സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ വരെ സംസ്ഥാന സർക്കാർ പോയിരുന്നു. ഇതിനായി ലക്ഷങ്ങൾ ഖജനാവിൽ നിന്നും മുടക്കുകയും ചെയ്യുകയുണ്ടായി. സിബിഐ സിപിഎം ഓഫീസിലും എത്തിയതോടെ കാസർകോട്ടെ പാർട്ടി ഗ്രാമങ്ങൾ സിബിഐ പേടിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ