കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐയുടെ നീക്കങ്ങൾ കുശാഗ്ര ബുദ്ധിയോടെ. ഉദുമ മുൻ എംഎ‍ൽഎയും സിപിഎം കാസർകോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്തതോടെ, സിപിഎമ്മും വിറളി പൂണ്ടു. പാർട്ടി അറിഞ്ഞല്ല പെരിയ ഇരട്ട കൊലപാതകമെന്നും സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കാസർകോട് ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ പറഞ്ഞത് പറ്റിപ്പോയ കോട്ടം തീർക്കാനാണ്. എന്നാൽ, വളരെ നല്ല കണക്കുകൂട്ടലോടെ സാവകാശമുള്ള സിബിഐ നീക്കങ്ങൾ ഈ കേസിൽ നിർണായകമായെന്ന് പറയാതെ വയ്യ.

2019 ഫെബ്രുവരി 17നായിരുന്നു കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിയയിൽ വച്ച് കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ കള്ളക്കളികൾ പൊളിച്ചുകൊണ്ട് രംഗപ്രവേശം. എൻട്രി തന്നെ സംഭവം പുനരാവിഷ്‌കരിച്ച് കൊണ്ട് നാടകീയമായിട്ടായിരുന്നു.
പെരിയയിലെ കൊലപാതകം നടന്ന കല്യോട്ട് കൂരാങ്കര റോഡിൽ കൊലപാതക ദിവസത്തെ സംഭവങ്ങൾ സംഘം പുനരാവിഷ്‌കരിച്ചു. നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം പുനരാവിഷ്‌കരിച്ചത്. സംഭവം നടന്ന സ്ഥലത്തെത്തിയ സിബിഐ സംഘം ആദ്യം സ്ഥലം വിശദമായി പരിശോധിച്ചു. പിന്നീട് ശരത്ലാലിന്റെ അച്ഛൻ ശങ്കരനാരായണന്റെ സഹോദരനോടും നാട്ടുകാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് കേസിലെ സാക്ഷികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ സംഭവം പുനരാവിഷ്‌കരണം നടത്തി.

അന്വേഷണ വിവരങ്ങൾ കൈമാറാതെ ക്രൈംബ്രാഞ്ചിന്റെ കളി

ബൈക്കിൽ സഞ്ചരിച്ചിരുന്ന കൃപേഷ്, ശരത്ലാൽ എന്നിവരെ ആക്രമിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 2019 ഒക്ടോബറിൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയുണ്ടായതിന് പിന്നാലെ അന്വേഷണം ഏറ്റെടുത്തു. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ വിധിക്കെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് സുപ്രീംകോടതിയിലെത്തിയ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതിയും തള്ളുകയായിരുന്നു.

കേസ് ആദ്യം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന് ഏഴ് തവണ കത്ത് നൽകിയിട്ടും അന്വേഷണ വിവരങ്ങൾ കൈമാറിയിരുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് അടിയന്തരമായി ഇവ കൈമാറാനും കേസ് ഡയറി എത്തിക്കാനും സുപ്രീംകോടതിയിലെ ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് ഡിസംബർ 2ന് സർക്കാർ ഹർജി തള്ളിയതിനൊപ്പം നിർദ്ദേശിച്ചു. തുടർന്നാണ് വിശദ അന്വേഷണം സിബിഐ ആരംഭിച്ചത്. പ്രദേശത്തെ സിപിഎം നേതാക്കൾ പ്രതികളായ കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരായി ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങളാണ് സിബിഐ മുഖവിലയ്ക്ക് എടുത്തത്

തന്ത്രപൂർവം ചോദ്യം ചെയ്യൽ

പ്രദേശത്തെ തന്നെ സിപിഎം നേതാക്കളും അനുഭാവികളും ഒക്കെ ഉൾപ്പെട്ട കേസായതിനാൽ, വളരെ തന്ത്രപൂർവമായിരുന്നു നീക്കങ്ങൾ. ഇടയ്ക്കിടെ നേതാക്കളെയും പ്രവർത്തകരെയും വിളിച്ചുചോദ്യം ചെയ്യൽ. കൃത്യമായ ഇടവേളകളിൽ വ്യക്തമായ പ്ലാനിങ്ങോടെ നീങ്ങിയപ്പോൾ, ആർക്കും ഒന്നും പിടികിട്ടിയില്ല. തദ്ദേശ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി.മുസ്തഫ അടക്കമുള്ള നേതാക്കളെയും സിബിഐ ചോദ്യംചെയ്തു. എന്നാൽ, തങ്ങൾ പ്രതികളായേക്കുമെന്ന് ഒരു സൂചനയും സിപിഎം നേതാക്കൾക്ക് കിട്ടിയില്ല.

ഫെബ്രുവരിയിൽ അന്വേഷണ സംഘം ചട്ടഞ്ചാലിലെ സിപിഎം ഓഫീസിൽ എത്തി പരിശോധന നടത്തി. സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. കമ്മിറ്റി ഓഫീസിലെത്തിയാണ് പരിശോധന നടത്തിയത്. ഡിവൈഎസ്‌പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്. കൊല നടന്ന കല്യോട്ടും സിബിഐ സംഘം എത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും പരിശോധന നടത്തി.

കൊല നടത്തിയതിന് ശേഷം പ്രതികൾ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ താമസിച്ചുവെന്നും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തി പരിശോധന നടത്തിയത്. ഇതിന് പുറമെ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മൊഴിയെടുത്തു. കേസിലെ 14ാം പ്രതിയാണ് മണികണ്ഠൻ. കൊലപാതകം നടന്ന സമയത്ത് മണികണ്ഠനായിരുന്നു ഉദുമ ഏരിയ സെക്രട്ടറി. 300ലേറെ പേരിൽ നിന്നാണു സംഘം മൊഴിയെടുത്തത്. സംശയിച്ച നൂറുകണക്കിനു ഫോൺകോളുകളും പരിശോധനയ്ക്കു വിധേയമാക്കി. ഇതിന് ശേഷം നാടകീയമായാണ് ഇന്നലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പാർട്ടി പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തത്. വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫീസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.

കേസിൽ ഇന്ന് മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമനെ പ്രതി ചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് വേണ്ട സഹായം ചെയ്തു കൊടുത്തത് കുഞ്ഞിരാമനാണെന്നാണ് സിബിഐ കണ്ടെത്തൽ. ഇരുപത്തൊന്നാം പ്രതിയായിട്ടാണ് അദ്ദേഹത്തെ പട്ടികയിൽ ചേർത്തിരിക്കുന്നത്. പുതുതായി 10 പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്

അറസ്റ്റിലായവരിൽ വിഷ്ണു സുര കൊലപാതകത്തിൽ നേരിട്ട പങ്കെടുത്ത പ്രതിയാണെന്നും മറ്റുള്ളവർ കൊലപാതക ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നും സിബിഐ കോടതിയെ അറിയിച്ചു. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ നിലവിൽ 19 പേരാണ് കേസിലെ പ്രതികൾ. ഇവരിൽ മൂന്ന് പേർ ജാമ്യത്തിലാണ്. സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.

പാർട്ടി ഒന്നും അറിഞ്ഞില്ല

പാർട്ടി അറിഞ്ഞല്ല പെരിയ ഇരട്ട കൊലപാതകമെന്നും സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കാസർകോട് ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ പറഞ്ഞു. സിപിഎം വിരുദ്ധചേരി നടത്തുന്ന പ്രചാരണമാണ്. രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നു. കോൺഗ്രസ് പറഞ്ഞവരെയാണ് പ്രതിചേർത്തതെന്നും എം വിബാലകൃഷ്ണൻ പറഞ്ഞു.

'പീതാംബരൻ എന്നു പറഞ്ഞ ലോക്കൽ കമ്മറ്റി മെമ്പർ ഇതിൽ പ്രതിയാണെന്ന് പറഞ്ഞു. അയാൾ എന്തെങ്കിലും രീതിയിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അയാളെ പുറത്താക്കി. ഒരു ലോക്കൽ കമ്മറ്റി മെമ്പറെ പുറത്താക്കിയെങ്കിൽ അത് പാർട്ടി കാണിച്ച ധീരതയാണ്. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ കൊലപാതകം പാർട്ടി അറിഞ്ഞല്ല. ഇങ്ങനെയൊരു സംഭവം പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല.

സിപിഎം ഈ സംസ്ഥാനത്ത് വളരെ ശക്തമായ പ്രസ്ഥാനമാണ്. അപ്പോൾ സിപിഎമ്മിനെ കടത്തിവെട്ടാൻ ജനങ്ങളെ ശരിയായ രീതിയിൽ സമീപിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് സിപിഎം ആണ് ഈ കൊലപാതകം നടത്തിയതെന്ന് രാഷ്ട്രീയ മുതലെടുപ്പിനായി അവർ പ്രചരിപ്പിച്ചു.' എം വിബാലകൃഷ്ണൻ പറഞ്ഞു.