കാസർഗോഡ്: പെരിയയിലെ വയോധിക സുബൈദയുടെ കൊലപാതകത്തിൽ രണ്ട് പേർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചന. കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിൽ രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം പകുതി കുടിച്ച നിലയിൽ കണ്ടെത്തിയതാണ് ഇതിലേക്ക് വഴി വെക്കുന്നത്. കൊലക്ക് മുമ്പ് രണ്ടു പേർ വീട്ടിലെത്തുകയും നാരങ്ങവെള്ളം കുടിക്കുകയും ചെയ്തുവെന്നാണ് നിഗമനം. സുബൈദയുമായി ഏതെങ്കിലും കാര്യത്തിൽ തർക്കമുണ്ടാവുകയോ മറ്റൊ ഉണ്ടായതിനാലാകാം നാരങ്ങവെള്ളം പകുതി മാത്രം കുടിച്ച് ഉപേക്ഷിച്ചത്. സുബൈദയെ അടുത്തറിയാവുന്നവരാണ് ഇങ്ങിനെ എത്തിയതെന്നാണ് നിഗമനം.

കൊല നടത്തിയവർ വീട് പുറത്ത് നിന്നും പൂട്ടി പോവുകയും ചെയ്തു. കവർച്ചയാണോ കൊലപാതകികളുടെ ലക്ഷ്യമെന്ന് പൂർണ്ണമായും വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. അടുക്കളയോട് ചേർന്ന സ്ഥലത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ വെച്ചിരുന്ന പണം അതേ സ്ഥലത്ത് കിടക്കുന്നുമുണ്ട്. വീട്ടിലെ ഷെൽഫിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ആഭരണമോ പണമോ കണ്ടെത്താനായില്ല. അതിനാൽ കവർച്ച നടന്നുവെന്നും സംശയിക്കുന്നു. സുബൈദക്ക് അടുത്ത ബന്ധുക്കളാരും ഇല്ലാതിരുന്നതിനാൽ എത്ര ആഭരണമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.

സുബൈദയുടെ മൃതദേഹം തുണികൊണ്ട് ബന്ധിച്ച നിലയിൽ ഹാളിലേക്ക് കയറുന്ന വാതിലിന് സമീപം കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു. രക്തം വാർന്ന സ്ഥലത്ത് ഉറുമ്പുകൾ ഉണ്ടായിരുന്നു. ഒരു മരണാനന്തര ചടങ്ങിന് ക്ഷണിക്കാനായി സുബൈദയുടെ വീട്ടിലെത്തിയ ആൾ വീട് പൂട്ടിയിരിക്കുന്നത് കണ്ടതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിക്കുകയും അവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുകയുമായിരുന്നു. പൊലീസ് അടുക്കള വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സുബൈദ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്.

അടുത്തിടെ സുബൈദ ജോലിക്ക് നിന്ന വീട്ടിലെ ഒരു യുവതി ഒരു സ്വർണ്ണ വള നൽകിയിരുന്നു. അതിനു മുമ്പും സുബൈദക്ക് ആ വീട്ടിൽ നിന്നും ചില ആഭരണങ്ങൾ സ്നേഹത്തോടെ നൽകിയിരുന്നതായും പറയുന്നു. ഇങ്ങിനെ ലഭിച്ച ആഭരണങ്ങൾ സുബൈദ ആരുടെയെങ്കിലും കൈവശം സൂക്ഷിക്കാൻ നൽകിയിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതെല്ലാം പൊലീസിനെ കുഴക്കുന്നു. ആയംപാറ ചെക്കിപ്പള്ളത്ത് തനിച്ച് താമസിച്ചു വരികയായിരുന്ന സുബൈദയെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ വീടിനകത്ത് കാണപ്പെട്ടത്.

സുബൈദയുടെ കയ്യും കാലും കറുത്ത തുണികൊണ്ട് ബന്ധിച്ച നി്ലയിലായിരുന്നു. നെറ്റിയും തലയും ചുമരിലിടിച്ചതായും വ്യക്തമായിട്ടുണ്ട്. കെട്ടിയിട്ട കൈകാലുകളിൽ നിന്നും രക്തം വാർന്നിരുന്നു. വീടിനകത്തു നിന്നും പുരുഷന്റേതെന്ന് സംശയിക്കുന്ന വസ്ത്രം കണ്ടെത്തിയിട്ടുണ്ട്. സുബൈദയുമായി ബന്ധമുള്ളവരാകാം കൊലക്ക് പിന്നിലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. സംഭവത്തെതുടർന്ന് ഒരു വാഹനം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ മരണ കാരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കാഞ്ഞങ്ങാട് ഡി.വൈ. എസ്‌പി. കെ. ദാമോദരന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സിഐ മാരായ സി.കെ. സുനിൽ കുമാർ, വി.കെ. വിശ്വംഭരൻ, എന്നിവരും സംഘത്തിലുണ്ട്.