തൊടുപുഴ: മഴ തുടർന്നാൽ ഇടുക്കിയിൽ പ്രതിസന്ധി അതിരൂക്ഷമാകും. നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2400 അടി കടന്നു. ഞായറാഴ്ച വൈകീട്ട് ജലനിരപ്പ് 2400.12 അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.05 അടിയിലെത്തി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം.

ഇടുക്കിയിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ ആദ്യം 40ഉം പിന്നീട് 80ഉം സെന്റിമീറ്റർ ഉയർത്തിയിരുന്നു. എന്നാൽ, വലിയമരം ഷട്ടറിന്റെ ഭാഗത്തേക്ക് ഒഴുകിവന്നതിനെത്തുടർന്ന് ശനിയാഴ്ച രാത്രി 10.15ന് അടച്ചു. പിന്നീട് മരം നീക്കിയെങ്കിലും ഷട്ടർ തുറന്നില്ല. ഇതിനിടെ ഡാമിലെ റൂൾ കർവ് പുതുക്കുകയും ചെയ്തു.

ഇതനുസരിച്ച് ഓറഞ്ച് അലെർട്ട് ലെവൽ 2401 അടിയും റെഡ് അലെർട്ട് ലെവൽ 2402 അടിയുമാണ്. നിലവിൽ ബ്ലൂ അലെർട്ടിലാണ്. സംഭരണശേഷിയുടെ 96.56 ശതമാനം വെള്ളം ഇപ്പോൾ ഡാമിലുണ്ട്. മഴ തുടർന്നാൽ അതിവേഗം ജലം നിറയും. ഇത് പ്രതിസന്ധിയായി മാറും. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതയാണ്.

മുല്ലപ്പെരിയാറിൽ 10 സെ.മീ. ഉയർത്തിയ ഒരുഷട്ടർ വഴി 132 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 2132 ഘനയടി വെള്ളം ഡാമിൽ ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 2000 ഘനയടിയാണ്.