കോതമംഗലം : നേര്യമംഗലത്ത് പെരിയാർനിന്നും കോടികളുടെ കളിമണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാഫിയാസംഘത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങും.

സംഭവത്തിൽ മാഫിയാ സംഘത്തിൽനിന്നും ആനുകൂല്യം കൈപ്പറ്റിയതായി പറയപ്പെടുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്‌പി യതിഷ് ചന്ദ്ര ഇന്റിലിജൻസ് വിഭാഗത്തിന് നിർദ്ദേശം നൽകി. പൊലീസ് കൈക്കൂലി വാങ്ങി മണ്ണുകടത്തിന് മൗനാനുമതി നൽകിയെന്നാണ് ആക്ഷേപം.

കഴിഞ്ഞ നാലു മാസത്തോളമായി പെരിയാർ തീരത്തുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽനിന്നും മാഫിയാസംഘം കളിമണ്ണ് കടത്തിയിരുന്നു. സ്വകാര്യ വ്യക്തിയുടെ അഞ്ചു സെന്റ് സ്ഥലത്തെ മണ്ണുനീക്കുന്നതിന് ജിയോളജി വകുപ്പ് നൽകിയ അനുമതിയുടെ പേരിൽ കോടതിയിൽ നിന്നും സമ്പാദിച്ച അനുകൂല ഉത്തരവ് ചൂണ്ടിക്കാട്ടിയും മട്ടിമണൽ നീക്കം ചെയ്യുന്നതിന് വേണ്ടി എടുത്ത പാസിൽ കൃത്രിമം നടത്തിയുമാണ് മാഫിയാസംഘം വ്യാപകമായി ഖനനം നടത്തുകയും ദിവസേന നൂറുകണക്കിന് ലോഡ് മണ്ണ് കടത്തുകയും ചെയ്തിരുന്നത്.

കളിമണ്ണ് കടത്തുകയായിരുന്ന 15 വാഹനങ്ങൾ കഴിഞ്ഞ ദിവസം റൂറൽ എസ്‌പി.യുടെ കീഴിലുള്ള ഷാഡോ പൊലീസ് പിടിച്ചെടുത്തിരുന്നു. എസ്‌പി. യതിഷ് ചന്ദ്രക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ നേര്യമംഗലം നീണ്ടപാറയിൽ നിന്നാണ് മണ്ണ് കയറ്റിയതും അല്ലാത്തതുമായ വാഹനങ്ങൾ പിടികൂടിയത്. തൃശൂരിലെ ഓട്, ടൈൽ നിർമ്മാണ കേന്ദ്രങ്ങളിലേക്കാണ് മണ്ണ് കടത്തിയിരുന്നത്. ആറ് ടോറസ്, ഏഴ് ടിപ്പറുകൾ, ഒരു ഹിറ്റാച്ചി, ഒരു ജെ.സി.ബി എന്നിവയാണ് സംഭവസ്ഥലത്തുനിന്നു പിടികൂടിയത്. ഡ്രൈവർമാരായ ശ്രീനിഷ്, മനിഷ്, രഞ്ജിത്ത്, സന്ദിപ് ,സനുപ് ,രമേശൻ, ജോമോൻ, ബേസിൽ, പ്രജീൽ, സുനിൽ, നാസർ, ഉല്ലാസ് ഉൾപ്പടെ 17 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നീണ്ടപാറ പാലക്കാട്ട് ജോണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് മുവാറ്റുപുഴ സ്വദേശികളായ നാസർ, ഉല്ലാസ് എന്നിവരായിരുന്നു മണ്ണു കടത്തിനു നേതൃത്വം നൽകിയിരുന്നത്.

തൃശ്ശൂരിലെ ആമ്പല്ലൂർ കണ്ടേപറമ്പിൽ സുനിലിനാണ് സംഘം മണ്ണ് നൽകിയിരുന്നത്. ഇവിടെ നിന്നും ലോഡിന് 4500 രൂപക്ക് കിട്ടുന്ന മണ്ണ് തൃശ്ശൂരിലെ കമ്പനിയിലെത്തിക്കുമ്പോൾ മാഫിയാ സംഘത്തിന് 20,000 രൂപയോളം ലഭിക്കും. ഒരാഴ്ചക്കിടയിൽ വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന രണ്ടാമത്തെ സംഘത്തെയാണ് താലൂക്കിൽ നിന്ന് പിടികൂടുന്നത്. താൻ നൽകിയ പാസ്സുണ്ടെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് പാടം നികത്തിവന്ന മണ്ണ് മാഫിയാസംഘത്തെ പാതിരാത്രിയിൽ സ്ഥലത്തെത്തി മൂവാറ്റുപുഴ ആർ ഡി ഒ വി ആർ മോഹനൻപിള്ള കയ്യോടെ പികൂടിയിരുന്നു.

കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കീരംപാറ സെന്റ് സ്റ്റീഫൻ ഗേൾസ് ഹൈസ്‌കൂളിന് പിൻവശത്തെ പാടം നികത്തുന്നതിനായി മണ്ണെത്തിച്ചിരുന്ന നാല് ലോറികൾ ആർ ഡി ഒ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. നേര്യമംഗലം സ്വദേശി സനലിന്റെ മുന്ന് ടിപ്പറുകളും ചേലാട് സ്വദേശിയുടെ ഒരുടിപ്പറുമാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് കൃത്രിമ പാസ്സുമായി മണ്ണുകടത്തിയിരുന്ന രണ്ടാമത്തെ സംഘം ഇപ്പോൾ പിടിയിലായിട്ടുള്ളത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ സൂചനകളേത്തുടർന്ന് സ്‌പൈഡർ പൊലീസ് രാത്രി പന്ത്രണ്ടുമണിയോടെ കീരംപാറയിലെത്തുമ്പോൾ തകൃതിയായി മണ്ണടിക്കൽ നടക്കുകയായിരുന്നു.

രാത്രിയിൽ മണ്ണടിക്കുന്നതിന്റെ കാരണം തിരക്കായപ്പോൾ ആർ ഡി ഒ യുടെ പാസ്സുണ്ടെന്നും എപ്പോൾ വേണമെങ്കിലും തങ്ങൾക്കു മണ്ണടിക്കുന്നതിന് അധികാരമുണ്ടെന്നുമായിരുന്നു മാഫിയ സംഘാങ്ങളുടെ പ്രതികരണം.ഈ വിവരം സ്‌പൈഡർ പൊലീസ് സംഘം രഹസ്യന്വേഷണ വിഭാഗത്തിന് കൈമാറി .ഇതുപ്രകാരം ആലുവയിലെ സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തുനിന്നും ഉത്തരവാദപ്പെട്ടവർ ആർ ഡി ഒ യുമായി ഫോണിൽ ബന്ധപ്പെട്ടു. സംഭവമറിഞ്ഞ ആർ ഡി ഒ താൻ പാസ്സ് നൽകിയിട്ടില്ലന്ന് പൊലീസിൽ വ്യക്തമാക്കി. ഇത് മാത്രമല്ല, രാത്രി തന്നെ സ്ഥലത്തെത്തി വാഹനങ്ങൾ അദ്ദേഹം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

താൻ ചാർജ്ജെടുത്തശേഷം ആർക്കും മണ്ണടിക്കാൻ അനുമതി നൽകിയിട്ടില്ലന്നും ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വിവരങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ആർ ഡി ഒ അറിയിച്ചു. ജിയോളജിക്കൽ വിഭാഗം നേരിട്ടാണ് ഇപ്പോൾ മണ്ണെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാസ്സ് നൽകുന്നത്. ഇത്തരത്തിൽ നൽകുന്ന പാസ്സിന്റെ ഒരു കോപ്പി ആർ ഡി ഒ ഓഫീസിലേക്ക് നൽകണമെന്ന ചട്ടം നിലവിലുണ്ട്. ഇതു പ്രകാരം ജിയോളജി വിഭാഗം അയക്കുന്ന കോപ്പി മണ്ണടിക്കൽ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് ലഭിക്കാറുള്ളതെന്നും അതിനാൽ എവിടെയൊക്കെ മണ്ണടിക്കൽ നടക്കുന്നുണ്ടെന്നുപോലും വിവരം ലഭിക്കാറില്ലന്നും ആർ ഡി ഒ വ്യക്തമാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പാസ് നിർമ്മിക്കുന്ന സംഘവും ഇവിടെ സജിവമാണെന്ന് ഈ രണ്ട് സംഭവങ്ങളിൽ നിന്നും വ്യക്തമാവുന്നത്. മാസങ്ങൾക്ക് മുൻപ് നേര്യമംഗലം പുഴയിൽനിന്നും മണൽ കടത്തിയ സംഘം തഹസിൽദാറുടെ വ്യാജസീലും ഒപ്പും ഉപയോഗിച്ചത് കണ്ടെത്തിയെങ്കിലും തുടരന്വേഷണം ഇല്ലാതെ പോയത് ഇത്തരം സംഘങ്ങൾക്ക് തുണയാവുകയായിരുന്നു.

രാത്രികാലങ്ങളിലാണ് വ്യാപകമായ കളിമണ്ണ് കടത്തൽ നടക്കുന്നത്. റവന്യൂ -പൊലീസ് ഒത്താശയോടെ മാത്രമെ ഇത്തരത്തിൽ മണ്ണ് കടത്തുവാൻ കഴിയുകയുള്ളു. 10-15 മീറ്റർ വരെ ആഴത്തിൽ കുഴിച്ചാണ് മണ്ണ് ശേഖരിക്കുന്നത്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് അമിത അളവിൽ കയറ്റിയ കളിമണ്ണ് രാത്രികാലങ്ങളിൽ കടത്തുന്നത്. ആഴ്ചകൾക്ക് മുൻപ് ഓടക്കാലിയിൽ വച്ച് ഇത്തരത്തിൽ കടത്തുകയായിരുന്ന കളിമണ്ണ് വാഹനത്തിന്റെ സൈഡ് ബോഡിയുടെ കൊളുത്ത് ഇളകി റോഡിൽ മണ്ണ് വീഴുകയും പിറകിൽ വന്ന ഇന്നോവയും ബൈക്കും മറിയുകയും ചെയ്തു. നാട്ടുകാർ മണിക്കൂറുകളോളം പരിശ്രമിച്ചാണ് മണ്ണ് നീക്കം ചെയ്ത് വാഹന ഗതാഗതം സുഗമമാക്കിയത്.