തിരുവനന്തപുരം: തനിക്ക് കിർത്താഡ്‌സിൽ സ്ഥിരനിയമനം നൽകിയത് യോഗ്യതയുടെ അടിസ്ഥാനത്തിൽ തന്നെയാണെന്നും ഇതിൽ സർവീസ് ചട്ടങ്ങളുടെ യാതൊരു ലംഘനവും ഇല്ലെന്നും കഥാകാരിയും ലക്ചററുമായ ഇന്ദുമേനോന്റെ മറുപടി. ഇത് സംബന്ധിച്ച് മറുനാടൻ മലയാളി നൽകിയ വാർത്തയ്ക്ക് നൽകിയ വിശദീകരണ കുറിപ്പിലാണ് ചട്ടങ്ങൾ മറികടന്നാണെന്ന ആരോപണങ്ങളെ ഇന്ദു മേനോൻ നിഷേധിച്ചത്. കിർത്താഡ്‌സിൽ ലക്‌ച്ചറർ തസ്തികയിൽ താൽക്കാലികമായി ജോലിയിൽ കയറിയ ഇന്ദു മേനോന് പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള ശ്രമത്തിൽ പിഎസ്‌സി വഴി നിയമനം ലഭിച്ചവർ എതിർപ്പുയർത്തിയ കാര്യമായിരുന്നു മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ തന്റെ നിയമനത്തിൽ യാതൊരു അപാകതയില്ലെന്നും കഥാകാരിയായതു കൊണ്ട് ചട്ടങ്ങൾ വഴിമാറിയിട്ടില്ലെന്നും ഇന്ദു മേനോൻ വ്യക്തമാക്കി.

താൽക്കാലികമായാണ് കിർത്താഡ്‌സിൽ ജോലിക്ക് കയറിയതെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയതിൽ യാതൊരു ചട്ടലംഘനവും ഇല്ലെന്നുമാണ് ഇന്ദു മേനോന്റെ പക്ഷം. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പതിവ് സർക്കാർ ചട്ടങ്ങളിലുണ്ട്. തങ്ങൾക്ക് നിയമനം ലഭിക്കുന്ന വേളയിൽ കിർത്താഡ്‌സിൽ പിഎസ്‌സി നിയമന രീതിയോ പിഎസ്‌സി ലിസ്റ്റോ നിലവിലില്ല. പത്രത്തിലൂടെ വിജ്ഞാപനം നൽകി അഭിമുഖത്തിനും ഗ്രൂപ്പ് ഡിസ്‌ക്കഷനും ശേഷമാണ് തിരഞ്ഞെടുത്തത്. ഇങ്ങനെ സെഷ്യൽ റൂൾ നിലവിൽ വരുന്നത് വരെ 28 വർഷത്തിനിടെ നാല് ഘട്ടമായാണ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്നു ഇന്ദു മേനോൻ പറഞ്ഞു.

ഒമ്പത് പേരെയാണ് സർക്കാർ ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്. 2007ൽ സ്‌പെഷ്യൽ റൂൾ വന്നപ്പോൾ താൽക്കാലിക ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ഇതു സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടിയായി ഇന്ദു മേനോൻ പറയുന്നു. 2007ൽ സർവീസ് ചട്ടം നിലവിൽ വന്ന ശേഷം 2009ൽ ഇന്ദുമേനോൻ അടക്കമുള്ളവരെ സ്ഥിരപ്പെടുത്തിയ നടപടിയായിരുന്നു വിമർശിക്കപ്പെട്ടത്. എന്നാൽ ഈ വിമർശനത്തിൽ യാതൊരു കഴമ്പില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ വിധിയും ജീവനക്കാർക്ക് അനുകൂലമായിരുന്നു. താനടക്കമുള്ള മറ്റുള്ളവരുടെ നിയമനം യഥാർത്ഥമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇടതുസർക്കാർ സ്ഥിര നിയമനം നൽകിയതെന്നും. ഇതിൽ നിയമലംഘനങ്ങൾ ഇല്ലെന്നും ഇന്ദു മേനോൻ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇപ്പോൾ ഇത് വിവാദമാക്കിയതിന് പിന്നിൽ പിഎസ്‌സി വഴി നിയമിക്കപ്പെട്ട ജൂനിയർ ഉദ്യോഗാർത്ഥികളാണെന്നും ഇന്ദു മേനോൻ ആരോപിക്കുന്നു. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് ഞങ്ങളുടെ പ്രബേഷൻ താമസിപ്പിച്ചാൽ പ്രബേഷൻ ഡിക്ലയർ ചെയ്ത ജൂനിയർ ആളുകൾക്ക് ഞങ്ങൾക്കർഹമായ പ്രമോഷൻ തട്ടിയെടുക്കാൻ സാധിക്കും. അതുകൊണ്ടാണ് ആരോപണം ഉയരുന്നതെന്നും ഇന്ദു മേനോൻ വ്യക്തമാക്കി.

മറുനാടൻ മലയാളി വാർത്തയ്ക്ക് മറുപടിയുമായി ഇന്ദു മേനോൻ നൽകിയ വിശദീകരണ കുറിപ്പിന്റെ പ്രസക്തഭാഗം ചുവടേ:

കിർടാഡ്സ്സ് എന്ത് എന്തിനു?

പട്ടികവിഭാഗങ്ങളുടെ വികസനവും ഉന്നമനവും പരിശീലനത്തിലൂടെയും ഗവേഷണത്തിലൂടെയും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേരളഗവണ്മെന്റ് സ്ഥാപിച്ച നരവംശശാസ്ത്രഗവേഷണ കേന്ദ്രമാണു കിർടാഡ്‌സ്. കേരളത്തിലെ പട്ടികവിഭാഗങ്ങൾക്കും പ്രസ്തുതവിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുക, ഗവേഷണങ്ങൾ നടത്തുക, സമുദായനിർണ്ണയ പഠനങ്ങൾ നടത്തുക, വ്യാജജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച് സംവരണാനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കുക, വികസനപഠനങ്ങൾ നടത്തുക, ഭാഷാപഠനങ്ങൾ നടത്തുക, ഭാഷ അന്യം നിൽക്കാതെ സംരക്ഷിക്കുക, ആദികലകളെ സംരക്ഷിക്കുകയും അവയ്ക്ക് വേദി കണ്ടെത്തുകയും ചെയ്യുക, എന്നിവയൊക്കെയാണു കിർടാഡ്സ്സിന്റെ മറ്റ് ലക്ഷ്യങ്ങൾ. വിദ്യാർത്ഥികൾക്ക് നരവംശശാസ്ത്രത്തിൽ പി എച് ഡി ചെയ്യുവാൻ കാലിക്കറ്റ് യൂനിവേർസിറ്റിക്ക് കീഴിലുള്ള ഒരു ഗവേഷണസ്ഥാപനം കൂടിയാണിത്.

അല്ലാതെ 'മറുനാടൻ മലയാളി ബ്യൂറോ' ധരിച്ചതുപോലെ ഊരുകളിലെ പട്ടിണി മരണം, മറ്റുപ്രശ്‌നങ്ങൾ പരിഹരിക്കൽ പുതു പദ്ധതി ആവിഷ്‌കരണം, അവ നടപ്പിലാക്കൽ തുടങ്ങിയവയൊന്നും വകുപ്പിന്റെ കഴിവിലോ അധികാരപരിധിയിലോ ഉദ്ദേശലക്ഷ്യങ്ങളിലോ പെടുന്നവയല്ല. വിശാലമായ അർത്ഥത്തിൽ ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള സർക്കാരിന്റെ സ്‌പെസിഫിക് ആവശ്യത്തിനായുള്ള ഒരു വകുപ്പ് മാത്രമാണ് കിർടാഡ്‌സ്. സർക്കാർ ആവശ്യപ്പെട്ടാൽ ഒരു പ്രശ്‌നത്തെക്കുറിച്ച് പഠിക്കുവാനും റിപ്പോർട്ട് തയ്യാറാക്കുവാനും പരിശീലനം ആവശ്യമെങ്കിൽ അത് നൽകുവാനും മാത്രമേ ഈ വകുപ്പിനു സാധിക്കുകയുള്ളു. കാരണം ഇതൊരു ഗവേഷണപരിശീലനകേന്ദ്രമാണു. ഊരുകളിൽ പട്ടിണി മരണം നടന്നാൽ സംസ്‌കാരിക വകുപ്പിനോ എക്‌സൈസ്സ് വകുപ്പിനോ എന്തു ചെയ്യാനാകുമോ അത്രയും മാത്രമേ കിർടാഡ്സ്സിനും ഈ വിഷയത്തിൽ ചെയ്യുവാനുള്ളു.

ഇനി അഥവാ, ഒരു വാദത്തിനുവേണ്ടിമാത്രം, കിർടാഡ്‌സ് അതിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽത്തന്നെ ഏതെങ്കിലും വിധത്തിൽ പരാജയപ്പെട്ടു എന്നുതന്നെയിരിക്കട്ടെ. അതിൽ എന്റേത് വ്യക്തിപരമായി ഒരു വലിയ സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരി എന്ന നിലയിലേക്ക് ചുരുങ്ങുന്ന ഉത്തരവാദിത്വത്തിലേക്ക് പരിമിതപ്പെട്ടിരിക്കുന്നു. ഞാൻ കിർടാർഡ്‌സിന്റെ ഒഫീഷ്യൽ സ്‌പോക് പേഴ്‌സനോ വകുപ്പിന്റെ പ്രവർത്തനത്തിൽ നയപരമോ ഭരണപരമോ ആയ നിർണ്ണയാധികാരമുള്ളയാളോ അല്ല. ഇനി, വീണ്ടും വാദത്തിനുവേണ്ടി, അതാണെന്നുവച്ചാൽത്തന്നെ എന്റെ പ്രൊബേഷൻ ഡിക്ലെറേഷനും കിർത്താർഡ്‌സിന്റെ 'സാങ്കല്പികപരാജയ'വും തമ്മിൽ ഒരു ബന്ധവുമില്ല. 

നാൾവഴി

ഗവേഷണത്തിനും പരിശീലനത്തിനുമായി 1972 ലാണു ട്രൈബൽ റിസേർച്ച് ആൻഡ് ട്രെയ്‌നിങ് സെന്റെർ (TR&TC) എന്നൊരു ഗവേഷണപരിശീലനകേന്ദ്രം, നാഷണൽ പാറ്റേണിൽ കേരള സർക്കാർ സ്ഥാപിച്ചത്. അന്ന്പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലായിരുന്നു അത് പ്രവർത്തിച്ചിരുന്നത്. ആ സമയത്ത് പി എസ്‌ സി വഴിയായിരുന്നു നിയമനങ്ങൾ നടത്തിയിരുന്നത്. പിന്നീട് 1979 കിർടാഡ്‌സ് എന്ന പേരിൽ ഒരു സ്വതന്ത്ര വകുപ്പായി ഇത് പുനഃസംഘടിപ്പിക്കപ്പെട്ടു. പട്ടിക ജാതിക്കാർക്കു കൂടി വേണ്ടിയുള്ള ഗവേഷണ പരിശീലന കേന്ദ്രമായി കൂടി ഇത് മാറ്റപ്പെട്ടു. പുതു വകുപ്പ് വന്നതോടെ അതിന്റെ പ്രവർത്തനങ്ങൾക്കായി സ്‌പെഷ്യൽ റൂൾസ്സ് (ഒരു വകുപ്പ് പ്രവർത്തിക്കേണ്ട വിധത്തെ പറ്റിയും, അതിലെ നിയമനം യോഗ്യത എന്നിവയെ എല്ലാം കുറിച്ചും വിശദീകരിച്ചുള്ള പൊതു മാർഗ്ഗരേഖ) ഡ്രാഫ്റ്റ് തയ്യാറാക്കി അംഗീകാരത്തിനായി ഗവണ്മെന്റിലേക്ക് അയച്ചു. നീണ്ട 28 വർഷങ്ങൾ വേണ്ടി വന്നു ആ ഡ്രാഫ്റ്റ് അംഗീകരിച്ച് വരാൻ.

നിയമനരീതി

ഈ 28 വർഷ കാലയളവിൽ വകുപ്പിലെ, പ്രവർത്തനങ്ങൾ നിലനിർത്തുവാനായി സാങ്കേതിക ഉദ്യോഗസ്ഥർ ഭൂരിപക്ഷത്തെയും താൽക്കാലികമായാണു നിയമിച്ചിരുന്നത്. എംപ്ലോയ്‌മെന്റ് എക്സ്സ്‌ചേഞ്ച് വഴിയൊ കരാറിലൂടെയോ ചില അപൂർവ്വ ഘട്ടങ്ങളിൽ സാങ്കേതികേതര ജീവൻക്കാർക്ക് പ്രമോഷൻ നൽകിയോ ആണു നിയമനങ്ങൾ നടന്നിരുന്നത്. 

28 വർഷങ്ങൾ കേവല ശമ്പളമല്ലാതെ ശമ്പള വർദ്ധനവോ ലീവോ മറ്റെന്തെങ്കിലും ആനുകൂല്യമോ ഇല്ലാതെ, എന്തിന് പ്രസവാവധി പോലുമില്ലാതെ, അടിമകളെപ്പോലെ ജോലി ചെയ്തവരാണു വകുപ്പിൽ ഭൂരിഭാഗവും. വിരമിക്കുവാൻ മാസങ്ങൾ ശേഷിക്കെ 55 വയസ്സിലാണു പലരെയും ഗവണ്മെന്റ് സ്ഥിരപ്പെടുത്തിയത്.

'വാർത്ത'യിൽ പറയുന്നതു പോലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നത് ഒരു കുറ്റകൃത്യമല്ല. സ്‌പെഷ്യൽ റൂളോ പി എസ് സി നിയമനമോ ഇല്ലാത്ത വകുപ്പുകളിൽ അതാണ് നിയമവും കീഴ്‌വഴക്കവും. പി എസ് സി നിലവില്ലാത്ത, സ്ഥിര നിയമനത്തിനു സ്‌പെഷ്യൽ റൂൾ നിലവിലില്ലാത്ത, പലതരത്തിലുള്ള വൈദഗ്ദ്യങ്ങളും ട്രെയിനിങ്ങുകളും ആവശ്യമുള്ള ക്വാസിജുഡീഷ്യൽ ചുമതലകളുള്ള ഒരു വകുപ്പിൽ അത്തരം സ്ഥിരപ്പെടുത്തലുകൾക്ക് വർഷങ്ങളോളം ജോലി ചെയ്ത ജീവനക്കാരന്റെ അവകാശങ്ങളെ സംരക്ഷിക്കൽ എന്ന മാനം മാത്രമല്ല ഉള്ളത്, വകുപ്പിന്റെ ദൈനംദിനപ്രവർത്തനത്തിനും വിഷനും മിഷനും അനിവാര്യമായ ആഭ്യന്തരവൈദഗ്ദ്യം ചോർന്നുപോകാതെ സൂക്ഷിക്കലും കൂടിയാണ്.

കിർടാഡ്സ്സിലാകട്ടെ ഇത്തരം താത്കാലിക നിയമനം നടക്കുമ്പോൾ നിലവിൽ പിഎസ്‌സി നിയമന രീതിയോ ലൈവ് ആയ ഒരു പി എസ് സി ലിസ്റ്റൊ ഇല്ല. മാത്രമല്ല താത്കാലിക നിയമനത്തിനു പോലും കിർടാഡ്സ്സിൽ പിഎസ്‌സിയുടെയും യൂണിവേർസിറ്റികളിലെ അദ്ധ്യാപക നിയമനത്തിന്റെയൂം അതേ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളായ പത്രത്തിലൂടെയുള്ള വിജ്ഞാപനം, പരീക്ഷ, വിഷയ വിദഗ്ദരടങ്ങിയ പാനലിന്റെ അഭിമുഖം, ഗ്രൂപ്പ് ഡിസ്‌ക്കഷൻ എന്നിവ നടത്തിയിരുന്നു. ഉദ്യോഗാർത്ഥികൾ എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതും ഇതേ രീതിയിൽ തന്നെയാണു. അതു കൊണ്ട് തന്നെ 'ബ്യൂറോ' തെറ്റിദ്ധരിച്ചത് പോലെ ഇതൊരു പിൻവാതിൽ നിയമനവുമല്ല.

വകുപ്പ് നിലവിൽ വന്ന് സ്‌പെഷ്യൽ റൂൾ നിലവിൽ വരുന്നതുവരെയുള്ള 28 വർഷങ്ങൾക്കിടെ 4 ഘട്ടമായാണു താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് (അത്രയും കാലം വകുപ്പിൽ, ടി ആർ ആൻഡ് ടിസിയിൽ നടന്ന പിഎസ്‌സി നിയമനത്തിലൂടെ വന്ന 4 പേരും ഏറെ താൽക്കാലിക ജീവനക്കാരും സ്ഥിരപ്പെടുത്തപ്പെട്ട താൽക്കാലിക ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ചുരുക്കം). ഇതിൽ 3ആം ഘട്ടത്തിൽ സ്ഥിരപ്പെടുത്തപ്പെട്ട ആളാണു ഞാൻ. 'വാർത്ത'യിൽ പറയുന്നത് പോലെ 3 പേരല്ല 9 പേരാണു പ്രസ്തുത ഉത്തരവിലൂടെ ജോലിയിൽ സ്ഥിരമാക്കപ്പെട്ടത്.അതിൽ ഒരാൾ മാത്രമാണു ഞാൻ. ഈ സമയം തന്നെ വകുപ്പിന്റെ ശരിയായ പ്രവർത്തനത്തിനു അവശ്യം വേണ്ട സ്‌പെഷ്യൽ റൂളിന്റെ കരട് അംഗീകരിക്കുന്നതിനായി ഞങ്ങളൂടെ കൂട്ടായ്മ നിരന്തരം പരിശ്രമിക്കുകയും 28 വർഷങ്ങൾക്ക് ശേഷം സ്‌പെഷ്യൽ റൂൾസ്സ് നിലവിൽ വരികയും ചെയ്തു.

സ്ഥിരപ്പെടുത്തലിനു പുറകിലെ മഹാരഹസ്യം

2004 ൽ പത്രങ്ങളിൽ വന്ന വിജ്ഞാപനത്തിലൂടെയാണു വകുപ്പിൽ ഒഴിവുകൾ ഉണ്ടെന്ന് അറിയുന്നതും അപേക്ഷിക്കുന്നതും. അന്ന് ഈ വകുപ്പിൽ ലക്ചറർ, റിസർച്ച് ഓഫീസ്സർ തസ്തികക്കുള്ള യോഗ്യത ആന്ത്രപ്പോളജി/സോഷ്യോളജിയിലുള്ള രണ്ടാം ക്ലാസ്സ് മാസ്റ്റർ ബിരുദമാണ്. ബി.107/94 ആം നമ്പർ വിജ്ഞാപനം നോക്കുക.

Figure 1 പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട വിജ്ഞാപനം
 
Figure 2 കിർടാർഡ്‌സിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ച വിജ്ഞാപനം

അത് പ്രകാരം വിവരണാത്മക പരീക്ഷ എഴുതുകയും അഭിമുഖം ഗ്രൂപ്പ് ഡിസ്‌കക്ഷൻ എന്നിവ നടത്തുകയും ചെയ്തു. പരീക്ഷയിലെയും ഇന്റർവ്യൂവിയിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ അന്ന് 8 പേരാണു തിരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഞാനടക്കം പലരും തന്നെ യൂനിവേർസിറ്റി റാങ്ക് ഹോൾഡേർസ്സുമാണ്. ഇവർ എല്ലാവരും തന്നെ വിഷയത്തിൽ കൃത്യമായ അവഗാഹം ഉള്ളവരായിരുന്നുവെന്ന് വകുപ്പിന്റെ പിന്നീടുള്ള പ്രവർത്തനങ്ങളിൽ ഈ ഒമ്പതുപേരുടെ പങ്കാളിത്തം തെളിയിക്കുന്നുമുണ്ട്. മാത്രമല്ല ഇതിൽ പലരും കിർടാഡ്‌സിൽ പുതുമുഖങ്ങളല്ല. 1994 മുതൽ ജോലി ചെയ്യുന്നവരായിരുന്നു. താത്കാലിക ജീവനക്കാർക്ക് പ്രമോഷനില്ലാത്തതിനാൽ ഉയർന്ന തസ്തികക്കായി അവർക്ക് പുതിയ പരീക്ഷയും അഭിമുഖവും കടമ്പകളും കടക്കേണ്ടി വന്നു എന്നു മാത്രം. (എന്റെ കേയ്‌സിൽ ജോലി ചെയ്ത തസ്തികയിൽത്തന്നെയായിരുന്നു സ്ഥിരപ്പെടുത്തൽ, പ്രമോഷനുണ്ടായിരുന്നില്ല).

ഇതിനിടയിൽ ജീവനക്കാരുടെ അവകാശസംരക്ഷണത്തിനായി ഹൈക്കോടതി 3 പൊതുവിധിന്യായങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി.
ഒ പി 1436/97, ഒ.പി.3045/05, ഒ.പി.8885/06 എന്നിവയായിരുന്നു അവ.ഇത് പ്രകാരം കരാർകാലാവധിക്കു ശേഷം ജീവനക്കാരെ പിരിച്ചു വിടുന്നത് ബഹു ഹൈക്കോടതി സ്റ്റേ ചെയ്തു. സ്‌പെഷ്യൽ റൂൾ അടിയന്തിരമായി നിലവിൽ വരുവാനും ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനം എടുക്കുവാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്‌പെഷ്യൽ റൂൾസ്സ്

ഇതേ കാലഘട്ടത്തിൽ തന്നെ ജി ഒ (പി)നമ്പർ 60/2007/പജപവവിവ അഥവാ സ്‌പെഷ്യൽ റൂൾസ്സ് ഓഫ് കിർറ്റാഡ്‌സ് നിലവിൽ വന്നു. ഇതിലെ റൂൾ 10 നിലവിൽ വകുപ്പിലുള്ള ജീവനക്കാരുടെ ജോലി സംരക്ഷിക്കുവാൻ വേണ്ടിയുള്ളതായിരുന്നു: 'ഈ റൂളീൽ ഉൾപ്പെട്ട ഒന്നും തന്നെ താത്കാലികമായി നിയമിച്ച/പ്രമോഷൻ നൽകിയ യോഗ്യരായ ജീവനക്കാരുടെ അവകാശങ്ങളെ ഹനിക്കുകയില്ല' (10. Saving Clause Nothing contained in these rules shall effect the right of any person who has been provisionally appointed /promoted under Government Orders to any of the categories included in Rule 2 of these Rules ,and holding that post as on the date of commencement of these rules,for regular appointment/ promotion to that post) എന്ന് തുടങ്ങുന്ന സേവിങ് ക്ലോസ്സും വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരന്റെ അവകാശസംരക്ഷണം ഉറപ്പ് വരുത്തി. കോടതി വിധിക്കൊപ്പം സ്‌പെഷ്യൽ റൂൾസ് നിലവിൽ വന്നതും താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിനെ ത്വരിതപ്പെടുത്തി.

Figure 3: സ്‌പെഷ്യൽ റൂൾസ്സ് ഓഫ് കിർടാർഡ്‌സ്, സേവിങ് ക്ലോസ് അടങ്ങുന്ന പേജുകൾ
Figure 4: സേവിങ് ക്ലോസ് , മുൻ ചിത്രത്തിൽനിന്ന് എൻലാർജ് ചെയ്തത്

മറ്റു പല സർക്കാർ /സർക്കാരേതിര സ്ഥാപനങ്ങളീൽ ജോലി ലഭിച്ച ഞാനുൾപ്പെടെ ഞങ്ങളിൽ പലരും വകുപ്പിൽ നിന്നും പിരിഞ്ഞു പോകാതിരിക്കുക എന്നത് വകുപ്പിന്റെയും ഗവണ്മെന്റിന്റെയും ആവശ്യമായിരുന്നു. ജാതിനിർണ്ണയം പോലെയുള്ള ക്വാസി ജ്യുഡീഷ്യൽ ഉത്തരവാദിത്വം നിറവേറ്റാനും നരവംശശാസ്ത്രപരവുമായ അന്വേഷണങ്ങൾ നടത്തുവാനും അന്ന് കേരളത്തിൽ പ്രത്യേകപരിശീലനം നേടീയവരായി ഞങ്ങൾ 10 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾക്ക് മുമ്പുണ്ടായിരുന്ന ബാച്ചുകാർ വിരമിച്ചു. കേരളസംസ്ഥാനം മുഴുവൻ ജ്യൂരിസ്ഡിക്ഷനായ ഈ വകുപ്പിന് വേണ്ടി രാപ്പകലില്ലാതെ പണിചെയ്യാനും സംസ്ഥാനമൊട്ടുക്കും പാഞ്ഞു നടന്നു വിജിലൻസ് കേസും ഗവേഷണവും പരിശീലനവും ചെയ്യാനും അധ്വാനിക്കാനും ഞങ്ങളെ വകുപ്പിന് ആവശ്യമായിരുന്നു . 50 തു 60 തും കിലോമീറ്ററുകൾ കാൽനടയായി ഇടമലക്കുടിയിലും ചൊക്രമുടിക്കുടിയിലും, നരഭോജിയായ പുലിയെ ഭയന്ന് മക്‌ബരി അളയിലും ആനയേയും കരടിയുമുള്ള കാട്ടിലൂടെ ചോലനായ്ക്ക ഊരിലും, അട്ടകൾ കടിച്ച് മുഡുഗന്റെയും ഇരുളന്റെയും മല്ലീശ്വരമുടിയിലും അടിയാന്റെ അപ്പാപ്പാറയിലും കൊറഗരുടെ ബദിയടുക്കയിലും ഞങ്ങൾ നടന്നു ചെല്ലാത്ത ഒരു സെറ്റിൽമെന്റോ പട്ടികവർഗ്ഗ കോളനിയോ ഇല്ലായിരുന്നു. ആരോഗ്യവും പ്രവർത്തിസമയവും പരിഗണിക്കാതെ യൂനിഫോംഡ് എസെൻഷ്യൽ സർവീസുകളിലുള്ളവരെപ്പോലെ കൂടുതൽ ജോലിചെയ്യേണ്ടിവരുന്ന, പ്രതിബദ്ധത ആവശ്യപ്പെടുന്ന, ഒരു തൊഴിലാണിത്.

മറ്റ് പല സർക്കാർ ജോലിയിലുമെന്ന പോലെ ഒരു സുപ്രഭാതത്തിൽ പി എസ് സി കിട്ടിയതു കൊണ്ട് മാത്രം ഒരാൾക്ക് കിർടാഡ്സ്സിലെ പ്രത്യേക ജോലികൾ ചെയ്യുവാൻ സാധിക്കുകയില്ല. അവിടത്തെ ടെക്‌നിക്കൽ ജോലികൾക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് സ്വഭാവമല്ല എക്കാഡെമിക് ഇൻവെസ്റ്റിഗേറ്റീവ് സ്വഭാവമാണുള്ളത്. നിരന്തരമായ തഴക്കവും വഴക്കവും പരിശീലനവും കേരളത്തിലെ സമുദായങ്ങളെ പറ്റി ഓരോരോ സെറ്റിൽമെന്റിലും ഗ്രാമത്തിലും കാട്ടിലും ചെന്നു പാർട്ടിസിപ്പന്റ് ഒബ്‌സർവേഷനിലൂടെയും അല്ലാതെയും നേടിയ അറിവുമില്ലാതെ ഇവിടുത്തെ ജോലികൾ ചെയ്യുക അസാധ്യമാണു. ഈ രീതിയിൽ പരിശീലനം നേടിയ ഒരേ ഒരു ബാച് ഞങ്ങൾ മാത്രമായതിനാൽ ഞങ്ങളുടെ കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കുവാൻ സ്ഥിരപ്പെടുത്തുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന അവസ്ഥയിലായിരുന്നു ഗവണ്മെന്റ് .

എന്നിട്ടും ഈ സ്ഥിരപ്പെടുത്തൽ (Regularisation) ഒരു സുപ്രഭാതത്തിൽ ചട്ടങ്ങളെ മറികടന്നുകൊണ്ട് നടന്നതല്ല (നേരെ തിരിച്ച് സ്ഥിരപ്പെടുത്താതിരുന്നെങ്കിൽ അത് ചട്ടവിരുദ്ധം പോലുമായേനെതാനും!). ഒരു ഓർഡർ ഗവണ്മെന്റ് തന്നിഷ്ടത്താൽ ഇറക്കുകയുമല്ല ഉണ്ടായത്. മറിച്ച് ഡ്യൂ പ്രോസസ്സിലൂടെ താഴേ പറയുന്ന വകുപ്പിലെ പ്രക്രിയകൾക്ക് വിധേയമായാണു അത് പൂർത്തീകരിക്കപ്പെട്ടത്.

ഘട്ടം 1 (ശരിയായ തിരഞ്ഞെടുപ്പ്)
പ്രോസസ്സ്
1 സർക്കാർ വിജ്ഞാപനം പത്രത്തിൽ വരുന്നു
2 അപേക്ഷകർക്ക് പരീക്ഷ (ഡിസ്‌ക്രിപ്റ്റിവ്) നടത്തുന്നു
3 അഭിമുഖം നടത്തുന്നു
4 ഗ്രൂപ്പ് ഡിസ്‌കഷൻ അതോടൊപ്പം നടത്തുന്നു
5 ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു
ഘട്ടം 2 (വിവിധ വകുപ്പുകൾ നിയമനത്തിന്റെ നിയമ/ഗവണ്മെന്റ് സാധുതകൾ അംഗീകരിക്കുന്നു)
1 കിർടാഡ്‌സ്
2 സെക്രട്ടറിയേറ്റിലെ പട്ടികജാതി,പട്ടികവർഗ്ഗ വികസന ഭരണ വകുപ്പ്
3 പൊതുഭരണവകുപ്പ്
4 നിയമ വകുപ്പ്
5 വീണ്ടും SC/ST വകുപ്പ്
6 SC/ST വകുപ്പ് മന്ത്രി
7 മുഖ്യമന്ത്രി
8 കൗൺസിൽ ഓഫ് മിനിസ്റ്റേർസ്സ്
 ഘട്ടം 3- ക്യാബിനറ്റ് ഡിസിഷൻ വരുന്നു
1  ക്യാബിനറ്റ് ഡിസിഷൻ

ഇത്രയും സർക്കാർ വകുപ്പുകൾ ഞങ്ങളുടെ യോഗ്യത , നിയമന / നിയമ സാധുത , സാമ്പത്തികവശങ്ങൾ എന്നിവയെല്ലാം കൃത്യമായി പഠിച്ച് പരിശോധിച്ച് അംഗീകരിച്ച് ക്യാബിനറ്റ് തീരുമാനത്തിലൂടെയാണു ഞങ്ങളെ സ്ഥിരപ്പെടുത്തിയത്.

Figure 5 ഞാനടക്കം ഒമ്പതുപേരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഓർഡർ

യോഗ്യത സത്യവും മിഥ്യയും

സ്‌പെഷ്യൽ റൂളിൽ പറയുന്ന എല്ലാ യോഗ്യതയും എനിക്കുണ്ട്. സ്‌പെഷ്യൽ റൂൾ 7 ലെ ക്ലോസ്സ് 7 ഇൽ 2 തരം യോഗ്യതകൾ ലക്ചറർ തസ്തികക്ക് പറയുന്നു

  1. വകുപ്പിനകത്തു നിന്നുള്ള കാൻഡിഡേറ്റിനു 50% മാർക്കോടു കൂടിയ എം എ വേണം.
  2. ഡയറക്റ്റ് റിക്രൂട്ട്‌മെന്റ്കാർക്ക് എം എക്കൊപ്പം എം ഫിൽ/ പി എച്ച് ഡി എന്നിവ വേണം
Figure 6: സ്‌പെഷ്യൽ റൂളിലെ റൂൾ 7 ലെ ക്ലോസ്സ് 7

ഞാൻ വകുപ്പിനകത്തുള്ള ക്യാൻഡിഡേറ്റാണ്. ആന്ത്രോപോളജി/സോഷ്യോളജിയിൽ ബിരുദാനന്തരബിരുദത്തിന് അമ്പതുശതമാനം മാർക്കാണ് സ്‌പെഷ്യൽ റൂൾ പ്രകാരം അതിനുള്ള യോഗ്യത. അറുപത്തിനാല് ശതമാനത്തിലുമധികമാണു ഗ്രേസ് മാർക്ക് കൂട്ടാതെ തന്നെ എന്റെ മാർക്ക്. അത് യൂണിവേഴ്‌സിറ്റിയുടെ റാങ്ക് മാർക്കുമാണ്. പിന്നെ എന്ത് യോഗ്യതയാണ് എനിക്കില്ലാത്തതായി 'മറുനാടൻ മലയാളി ബ്യൂറോ' കണ്ടെത്തിയതായി അവകാശപ്പെടുന്നത്? കുറേ ആർ ടി ഐ രേഖകൾ നിരത്തിവച്ചാൽ അതെന്തിന്റെയെങ്കിലും തെളിവാകുമോ? പ്രസ്തുത ബ്യൂറോ 'എക്സ്ക്ലൂസീവാ'യി കൊടുത്ത വാർത്തയിൽ ഉന്നയിക്കപ്പെട്ട ആരോപണവും അതിന് 'തെളിവാ'യി പ്രസിദ്ധീകരിച്ച 'രേഖ'കളും തമ്മിലുള്ള ബന്ധമെന്താണെന്ന് സ്ഥാപിക്കാനുള്ള ബാദ്ധ്യത, ബർഡൻ ഓഫ് പ്രൂഫ്, എന്റേതോ വായനക്കാരന്റേതോ ആണോ? ആരോപണമുന്നയിക്കുന്നയാളുടെ ബാദ്ധ്യതയാണ് അത് തെളിയിക്കൽ, ഉന്നയിക്കപ്പെട്ട ആളുടേതല്ല.

ഇനി എന്റെ കേയ്‌സിൽ ബാധകമല്ലെങ്കിൽപ്പോലും (വീണ്ടും സ്‌പെഷ്യൽ റൂൾ പ്രകാരമുള്ള യോഗ്യത, സോഷ്യോളജിയിൽ രണ്ടാം ക്ലാസ് ബിരുദാനന്തരബിരുദവും ഇന്റേണൽ ക്യാൻഡിഡസിയും, എനിക്കുണ്ട് ഇനി രണ്ടാം ക്ലാസിനുപകരം ഒന്നാം ക്ലാസുള്ളത് ഒരു ഡിസ്‌ക്വാളിഫിക്കേഷനാണെന്നാണോ 'ബ്യൂറോ' പറയുന്നതെന്നറിയില്ല!) ഒരു വാദമെന്ന നിലയിൽ സ്‌പെഷ്യൽ റൂളിലെ യോഗ്യത ഒരു ഇന്റേർണൽ ക്യാൻഡിഡേറ്റിന് (വീണ്ടും, എന്റെ കാര്യമല്ല, ഒരു ഹൈപോത്തെറ്റിക്കൽ കേസാണ്) ഇല്ലെന്നുതന്നെ കരുതുക. കേരളസർക്കാറിന്റെ യോഗ്യതാ ചട്ടപ്രകാരം ഒരു വ്യക്തി സർവീസ്സിൽ പ്രവേശിക്കുമ്പോൾ എന്തു യോഗ്യതാ മാനദണ്ഡമാണോ വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് അത് തന്നെയാണു വിരമിക്കൽ വരെയും അയാളുടെ യോഗ്യത. ഇടയ്ക്കു വച്ച് തസ്തികയുടെ യോഗ്യതാമാനദണ്ഡം ഉയർത്തേണ്ടി വന്നാൽ അത് പുതുതായി സർവീസ്സിൽ പ്രവേശിക്കുന്നവരെ (ഡയറക്റ്റ് റിക്രൂട്ട്‌മെന്റ്) മാത്രമേ ബാധിക്കുകയുള്ളു. നിലവിലെ വ്യക്തികളുടെ നിയമനം, ഇൻക്രിമെന്റ്, പ്രബേഷൻ, പ്രമോഷൻ എന്നിവയെ ഉയർത്തിയ യോഗ്യത ബാധിക്കേണ്ടതില്ല.

ഉദാഹരണമായി 8 ആം തരം വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള ചില തസ്തികകളുടെ യോഗ്യതകൾ 10 ആം തരമായി സർക്കാർ ഉയർത്തിയപ്പോഴോ കോളേജധ്യാപകർക്ക് യൂജിസ്സി നിർബന്ധമാക്കിയപ്പോഴൊ ഒന്നും ഈ നിയമം വരും മുമ്പ് സർവീസ്സിൽ പ്രവേശിച്ചവർക്ക് യോഗ്യതയില്ലെന്ന വാദം നിയമപരമായോ ധാർമ്മികമായോ നിലനിന്നിരുന്നില്ല (ബഹു സുപ്രീം കോടതി,ഹൈക്കോടതി എന്നിവയുടെ പൊതു വിധിന്യായങ്ങൾ ഒന്ന് വായിക്കാവുന്നതാണ് ). ഇനി അതല്ല നിലവിൽ ജോലിയിലിരിക്കുന്ന വ്യക്തിയുടെ യോഗ്യത ഉയർത്തണമെന്നു ഗവണ്മെന്റ് തീരുമാനിച്ചാൽ ഉയർന്ന യോഗ്യത എടുക്കുവാൻ ശമ്പളത്തോടു കൂടെയുള്ള അവധി സർക്കാർ നൽകുകയാണു പതിവ് (കോളേജ് അദ്ധ്യാപകർക്ക് എഫ് ഐ പി എന്നത് പോലെ)

കിർറ്റാഡ്സ്സിൽ 2007 ഇൽ പുതിയ സ്‌പെഷ്യൽ റൂളിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തും വരെ ഡയറക്റ്റ് റിക്രൂട്ട്‌മെന്റിന്റെ യോഗ്യത രണ്ടാം ക്ലാസ്സ് എം എ(ആന്ത്രപ്പോളജി /സോഷ്യോളജി)യാണു. സ്ഥിരപ്പെടുത്തുന്ന സമയത്ത് സർക്കാർ ഇത് പരിശോധിച്ച് നിയമവശം ഉറപ്പുവരുത്തിയതുമാണ്. പ്രബേഷനു 2010 ത്തിൽ തന്നെ ഈ പ്രശ്‌നങ്ങൾ പഠിച്ച് വകുപ്പ് തീരുമാനങ്ങൾ എടുത്തതുമാണ് .

(സാന്ദർഭികമായി ഒരു തമാശ ഞങ്ങളിലോരാൾക്ക് A ഗ്രേഡോടു കൂടെയുള്ള പിജിയാണുള്ളത്. അത് യൂണിവേഴ്‌സിറ്റിയുടെ ഗ്രേയ്ഡിങ്ങാണ്, A+, A, A-, B+, B, B- എന്നിങ്ങനെ. ചിലര് A minus Degree ഒരു നെഗറ്റീവ് ഡിഗ്രിയാണ് എന്ന് വ്യാഖ്യാനിച്ച് ടിയാനെ അയോഗ്യനാക്കുവാൻ ഏറെ നോക്കിയിരുന്നു. അത്രയും ഗംഭീരമാണ് ചുവപ്പുനാടയുടെ കോമൺസെൻസ്!)

മറ്റു സ്ഥിരനിയമനങ്ങൾ യോഗ്യതകൾ

മൂന്നാം ഘട്ടത്തിൽ സ്ഥിരപ്പെടുത്തപ്പെട്ട എനിക്ക് മുമ്പും എനിക്കൊപ്പവും എനിക്കു ശേഷവും പലഘട്ടങ്ങളിലായി പല നിയമനസ്ഥിരപ്പെടുത്തലുകളും വകുപ്പിൽ നടന്നിട്ടുണ്ട്. അതിൽ എന്റെ തസ്തികയുടെ മുകളിൽ ഉള്ള ഡെ.ഡയറക്റ്റർ (ആന്ത്രപ്പോളജി), വിജിലൻസ്സ് ഓഫീസ്സർ എന്റെ സമാന ഗ്രേഡിലെ തസ്തികയായ റിസർച്ച് ഓഫീസ്സർ എന്നിവയിലെല്ലാം തന്നെ വിജ്ഞാപനപ്രകാരമുള്ള എം എ തന്നെയാണു യോഗ്യതാമാനദണ്ഡം. അവരെല്ലാം എല്ലാ ആനുകൂല്യങ്ങളോടും വകുപ്പിൽ ജോലി തുടരുകയോ വിരമിച്ച് പെൻഷൻ വാങ്ങുകയോ ഡെപ്യൂട്ടേഷനിൽ പോകുകയോ ചെയ്തിട്ടുണ്ട്.

'സ്വാധീന'മുപയോഗിച്ച് അനർഹമായ നിയമനം നേടിയെടുക്കുന്നതുപോയിട്ട് എനിക്ക് മുമ്പും ശേഷവും സ്ഥിരപ്പെടുത്തിയവർക്ക് കിട്ടിയ നീതി പോലും എനിക്കോ എന്റെ കൂടെയുള്ള എട്ടുപേരിൽ ഏഴുപേർക്കുമോ ലഭിച്ചിട്ടില്ല. സർക്കാർ സർവ്വീസ്സിലെ മറ്റുവകുപ്പുകളിൽ നിരവധി ഗസറ്റഡ് പോസ്റ്റുകളിൽ നിയമന ഉത്തരവ് കൈപ്പറ്റിയവരാണു ഞാനുൾപ്പെടെ ഇതിൽ പലരും. സ്ഥിരപ്പെടുത്തപ്പെട്ട തസ്തികയിൽ ജോലിചെയ്തിരുന്നതുകൊണ്ടാണ് ഞങ്ങൾ ആ ജോലികൾക്ക് പോകാതെ കിർടാഡ്സ്സിൽ തന്നെ നിന്നത്. ഞങ്ങൾക്കൊപ്പം താണ തസ്തികയിൽ ജോലി ചെയ്തിരുന്ന 2 പേർ ഉയർന്ന തസ്തികയിൽ PSC മുഖാന്തിരം തന്നെ പ്രവേശിച്ചിട്ടുണ്ട്. ഞങ്ങൾക്കും കിർടാഡ്സ്സിലെ ഇതേ PSC പരീക്ഷ എഴുതാമായിരുന്നു. നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന, സ്ഥിരപ്പെടുത്തിയ ഒരു തസ്തികയിൽ വീണ്ടും പരീക്ഷ എഴുതിക്കേറുക എന്ന വിഡ്ഡിത്തത്തിനു ആര്, എന്തിന്, മുതിരണം?

നേരത്തേ പറഞ്ഞതുപോലെ നാല് ഘട്ടങ്ങളിലായി സ്ഥിരപ്പെടുത്തിയവരിൽ മൂന്നാമത്തെ ഘട്ടത്തിൽ സ്ഥിരപ്പെടുത്തപ്പെട്ട ഞങ്ങൾ ഏഴ് പേർക്ക് മാത്രം പ്രൊബേഷൻ ഡിക്ലയർ ചെയ്യൽ ആറുവർഷത്തോളം നീളുകയാണുണ്ടായത്. 'ബ്യൂറോ' ആരോപിക്കുന്നതുപോലെ 'കഥാകാരിയെന്ന പ്രത്യേക പരിഗണന' കൊണ്ടാണോ എന്നറിയില്ല എനിക്ക്‌ ശേഷവും എനിക്ക് മുമ്പും സ്ഥിരപ്പെടുത്തിയ എല്ലാവർക്കും ലഭിച്ച നീതി വളരെ വൈകി ലഭിക്കാനിടയുള്ള ഒരു സാഹചര്യത്തിൽപ്പോലും ഞാൻ മാത്രം ആരോപണവിധേയയാവുന്നത്!

ബഹു ഹൈക്കോടതി വിധിന്യായം

നിക്ഷിപ്തതാൽപര്യക്കാർ ചേർന്ന് അവരുടെ ഉന്നതതലസ്വാധീനം ഉപയോഗിച്ച് ഞങ്ങളുടെ പ്രബേഷൻ അകാരണമായി വൈകിപ്പിച്ചപ്പോൾ ഞാൻ ബഹു ഹൈക്കോടതിയിൽ കേസു ഫയൽ ചെയ്യുകയും പ്രബേഷൻ നൽകാൻ കോടതി വിധിക്കയും ചെയ്തു. പ്രമോഷൻ സംബന്ധിച്ച് മറ്റൊരു ഉദ്യോഗസ്ഥൻ ഡിവിഷൻ ബെഞ്ച് വിധി കൂടി വാങ്ങുകയും ചെയ്തപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണു പൂഴ്‌ത്തി വച്ച പ്രബേഷൻ നൽകാനുള്ള ഫയൽ ചുവപ്പുനാടയഴിഞ്ഞ് വന്നത്. എട്ട് പേരുടെ പ്രബേഷനാണു ഈ ഫയലിൽ ഉള്ളത്. യോഗ്യതാ വിഷയം സംബന്ധിച്ച് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ വകുപ്പ് മുഖാന്തിരം നൽകിയ നിർദ്ദേശങ്ങളും കോടതിയുടെ വിധിയെ ശരി വെക്കുന്നു.

'വാർത്ത'ക്ക് പുറകിൽ

ഞങ്ങളെല്ലാം സർവീസ്സിൽ പ്രവേശിച്ച് വർഷങ്ങൾ കഴിഞ്ഞതിനു ശേഷമാണു പി എസ് സി മുഖാന്തിരം ഞങ്ങളുടെ ജൂനിയർ ബാച്ചിലെ ഉദ്യോഗാർത്ഥികൾ നിയമിക്കപ്പെട്ടത്. ഈ പി എസ് സി നിയമനത്തിനു സാധാരണ നടത്തുന്നത് പോലെ പൊതുപരീക്ഷ നടത്തിയുമില്ല. ഇന്റർവ്യൂവിന്റെയും എം എ മാർക്കിന്റെയും മാത്രം അടിസ്ഥാനത്തിലാണു ഇവർക്ക് ജോലി ലഭിച്ചത്. ഈ പി എസ് സി നിയമനം ശരിയല്ലെന്നും സെമസ്റ്റെർ ഇയർ മാർക്കുകൾ ഈക്വലൈസ് ചെയ്തിട്ടില്ലെന്നും ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു നിരവധി പേർ ഇപ്പോഴും ബഹു ഹൈക്കോടതിയിലും കേരളാ അഡ്‌മിനിസ്റ്റ്രേറ്റിവ് റ്റ്രിബ്യൂണലിലും കേസുകൾ നൽകിയിട്ടുണ്ട്. അവയുടെ വിധികൾ വരാനിരിക്കുന്നതേ ഉള്ളു. PSC മുഖാന്തിരം നിയമിക്കപ്പെട്ട പലരുടെയും അപ്പോയിന്റ്‌മെന്റ് ഓർഡറിൽ കോടതി വിധി വരുന്നമുറക്ക് പോസ്റ്റിൽ നിന്നും പോകേണ്ടിവരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ആ കേസുകളുടെ നമ്പറുകൾ താഴെക്കൊടുക്കുന്നു.

  • WPC 23459/2011, 
  • TA 5935/2012, 
  • TA 4005/2012(19/01/11), 
  • TA 4011/2012, 
  • WPC 5141/2011, 
  • QA357/2012

(ഇപ്പോൾ യോഗ്യതാമാനദണ്ഡങ്ങളിൽ അയോഗ്യരെന്ന് തെറ്റായി ആരോപിക്കപ്പെടുന്ന ഞങ്ങളിൽ ചിലരാണു പി എസ്സിക്ക് വേണ്ടി ഇവരെ ഇന്റെർവ്യൂ ചെയ്തതെന്ന തമാശയും ഇതിനൊപ്പമുണ്ട്)

അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് ഞങ്ങളുടെ പ്രബേഷൻ താമസിപ്പിച്ചാൽ പ്രബേഷൻ ഡിക്ലയർ ചെയ്ത ജൂനിയേർ ആളുകൾക്ക് ഞങ്ങൾക്കർഹമായ പ്രമോഷൻ തട്ടിയെടുക്കാൻ സാധിക്കും. ഇതിനു വേണ്ടി സെക്രട്ടറിയേറ്റിലുള്ള സ്വാധീനവും സാംസ്‌കാരികരംഗത്തെ തീർത്തും അന്യായമായ കുടിപ്പകയും ഒരു സ്ത്രീയെന്ന നിലയിലുള്ള എന്റെ പരിമിതികളേയും ഉപയോഗിച്ച് നടത്തുന്ന വ്യക്തിഹത്യയിൽ ആരാണ് ഗുണഭോക്താവെന്നത് വളരെ വ്യക്തമാണ്. നിക്ഷിപ്തതാല്പര്യങ്ങളുടെ പിൻബലത്തോടെയുള്ള ഈ വ്യക്തിഹത്യക്ക് സമാന്തരമായി ഞങ്ങളുടെ പ്രൊബേഷനുമായി ബന്ധപ്പെട്ട് ഇത്തരം ആശയക്കുഴപ്പങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് അതിന്റെ മറവിൽ ഞങ്ങളുടെ ജൂനിയർ ബാച്ചിലുള്ളവർക്ക് പ്രൊവിഷണലി പ്രൊമോഷൻ നൽകാനും അതുവഴി പ്രൊമോഷൻ പോസ്റ്റിനുമുകളിലുള്ള നിയമപരമായ ക്ലെയിം ഉറപ്പിക്കാനുമുള്ള ശ്രമമുണ്ട്. അതിലും ഗൗരവമുള്ള മറ്റൊരു നടപടി, പ്രൊമോഷൻ നടപ്പിലാക്കാനുള്ള സർക്കാർ ബോഡി (ഡിപാർട്‌മെന്റ് പ്രൊമോഷൻ കമ്മിറ്റി ഡി പി സി) ഉടൻ കൂടാനുള്ള ശ്രമവും പശ്ചാത്തലത്തിൽ നടക്കുന്നുണ്ട്.

ഡി പി സി കൂടുന്ന സമയം വരെ ഞങ്ങളുടെ പ്രൊബേഷൻ ഡിക്ലെയർ ചെയ്യാത്ത പക്ഷം നിലവിൽ പ്രൊബേഷൻ ഡിക്ലെയർ ചെയ്തവർക്ക്, അതായത് ജൂനിയർ ബാച്ചിലുള്ളവർക്ക്, കൃത്യമായിപ്പറഞ്ഞാൽ ഈ 'വാർത്ത'യുടെ ഗുണഭോക്താക്കൾക്ക്, ഞങ്ങൾക്കർഹതപ്പെട്ട പ്രമോഷൻ ലഭിക്കും. ഇത്തരം വിവാദങ്ങൾ സൃഷ്ടിച്ച് ഡി പി സി കഴിയുന്നതുവരെ ഞങ്ങളുടെ പ്രൊബേഷൻ വച്ചുനീട്ടിയാൽ ജൂനിയറായവർക്ക് പ്രമോഷൻ നൽകേണ്ടുന്ന അവസ്ഥ സംജാതമാകും. 

ഇന്ദു മേനോൻ