റിയാദ്: വിദേശികൾക്ക് പെർമനന്റ് റെസിഡൻസി നൽകാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച് സൗദി അറേബ്യ. അഞ്ചു വർഷത്തിനുള്ളിൽ വിദേശികളായവർക്ക് പെർമനന്റ് റെസിഡൻസി നൽകുമെന്നാണ് രണ്ടാം രാജകുമാരനും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയിലെ ഗ്രീൻകാർഡ് സംവിധാനത്തിന് സമാനമായ പദ്ധതിയാണ് സൗദിയും നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് ഇതിലൂടെ സ്ഥിരതാമസത്തിനുള്ള അനുമതി നൽകുകയാണ് ലക്ഷ്യമിടുന്നത്. വിദേശത്തുനിന്നുള്ള അറബികൾക്കും മുസ്ലിമുകൾക്കുമാണ് ഇതിൽ മുൻഗണന നൽകുന്നത്. ചരിത്രപരമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസികൾ തങ്ങളുടെ സന്തോഷം അറിയിക്കുകയും ചെയ്തു. ഒരിക്കലും യാഥാർഥ്യമാകില്ലെന്നു കരുതിയ സ്വപ്‌നമാണ് സാക്ഷാത്ക്കരിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് മുസ്ലികളായ പ്രവാസികൾ.

പെർമനന്റ് റെസിഡൻസി ലഭ്യമാകുന്നതോടെ വിദേശികൾക്കും സ്വദേശികൾക്ക് ലഭിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമായിത്തുടങ്ങും. മെഡിക്കൽ, ബാങ്കിങ് സൗകര്യങ്ങൾ ഇതിൽപ്പെടും.  ഇതിലൂടെ പത്ത് ബില്യൻ ഡോളറിന്റെ അധിക വരുമാനമുണ്ടാക്കാനാകുമെന്നും അധികൃതർ കരുതുന്നു. വൈദ്യ-സാമ്പത്തിക ഇടപാട് രംഗത്തും പ്രവാസികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. തലമുറകളായി ഇവിടെ ജീവിക്കുന്നവർ പലരും ഇനി നാട്ടുകാരാകാമെന്ന പ്രതീക്ഷയിലാണ്.

പുതിയ നിയമത്തിലൂടെ വിദേശ നികുതിയിൽ മുപ്പത് ശതമാനം കുറവുണ്ടാകുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തൽ.