സ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലുമായുള്ള ഇന്ത്യയുടെ അടുപ്പത്തെ എതിരാളികൾ സംശയത്തോടെ വീക്ഷിക്കുമ്പോഴും, അറബ് ലോകവുമായും ഫലസ്തീനുമായും അതേ അടുപ്പത്തോടെ ഇടപെടനും മോദിക്കാവുന്നുണ്ട്. ഈ ദ്വിമുഖ നയതന്ത്രത്തിന് ലഭിച്ച അംഗീകാരമെന്നോണം, ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സൗദി അറേബ്യൻ ആകാശത്തുകൂടി പറക്കാൻ സൗദി അധികൃതർ അനുമതി നൽകി.

വിമാനയാത്രയിൽ രണ്ടുമണിക്കൂറോളം ലാഭം കിട്ടുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ആഴ്ചയിൽ മൂന്നുതവണ വീതമുള്ള ന്യൂഡൽഹി-ടെൽ അവീവ് നോൺ സ്‌റ്റോപ്പ് വിമാനത്തിന് സൗദി ആകാശത്തുകൂടി പറക്കാനുള്ള അനുമതി ലഭിച്ചകാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് വാഷിങ്ടൺ സന്ദർശനത്തിനിടെ പ്രഖ്യാപിച്ചത്. ഒരുമാസത്തിനുള്ളിൽ വിമാന സർവീസ് നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രയേലിന്റെയും ആ രാജ്യത്തേക്ക് വരുന്നതുമായ വിമാനങ്ങൾക്ക് സൗദിയുടെ ആകാശം ഇതുവരെ വിട്ടുകൊടുത്തിരുന്നില്ല. അതുപോലെ സൗദിയും ഇസ്രയേലിന്റെ വ്യോമപരിധിയിലൂടെ പറക്കുന്നില്ല. ആദ്യമായാണ് സൗദി ഇസ്രയേലിലേക്കുള്ള മറ്റൊരു രാജ്യത്തിന്റെ വിമാനത്തിന് സ്വന്തം വ്യോമപരിധിയിലൂടെ പറക്കാൻ അനുമതി നൽകുന്നത്. ചരിത്രനേട്ടമെന്നാണ് ഇതിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത്.

നിലവിൽ മുംബൈ-ടെൽ അവീവ് റൂട്ടിൽ ഇസ്രയേലിന്റെ എൽ അൽ വിമാനം പറക്കുന്നുണ്ട്. സൗദിക്ക് കുറുകെ പറക്കാനാവില്ലെന്നതിനാൽ, വളഞ്ഞ വഴിയിലൂടെയാണ് വിമാനം മുംബൈയിലെത്തുന്നതും തിരിച്ചുപോകുന്നതും. എട്ടുമണിക്കൂർവരെ അതിന് ചെലവാകുന്നുണ്ട്. സൗദി മുറിച്ച് കടക്കാനുള്ള അനുമതി ലഭിക്കുന്നതോടെ, യാത്ര രണ്ടുമുതൽ മൂന്നുമണിക്കൂർ വരെ ലാഭമുണ്ടാകും. ഇന്ധനച്ചെലവിൽ വരുന്ന കുറവ് വിമാനനിരക്കിലും ഗണ്യമായ കുറവുവരുത്തുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമായാണ് ഡൽഹി-ടെൽ അവീവ് വിമാനത്തിന് സൗദിക്ക് മുകളിലൂടെ പറക്കാൻ ലഭിച്ച അനുമതിയെ വിലയിരുത്തുന്നത്. സൗദിയുൾപ്പെടെ പ്രമുഖ ഇസ്ലാമിക രാജ്യങ്ങളൊന്നും ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടെൽ അവീവിൽനിന്നും മുംബൈയിലേക്ക് വരുന്ന എൽ അൽ വിമാനത്തിന് സൗദി, യുഎഇ, ഇറാൻ, അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വ്യോമപരിധി ഒഴിവാക്കി വളഞ്ഞ വഴി സ്വീകരിക്കേണ്ടിവരുന്നുണ്ട്.