- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടിനോട് ചേർന്ന സ്കുളിന് ചുറ്റുമതിൽ നിർമ്മിക്കാൻ അനുമതിയില്ല; കാട്ടുമൃഗങ്ങൾക്കും ക്ലാസെടുക്കാൻ വയ്യെന്ന് തലത്തൂതക്കാവ് എൽ.പി. സ്കൂൾ അധികൃതർ; അനുമതി നൽകാത്തത് കൃത്യമായ അതിർത്തി രേഖകൾ ഇല്ലാത്തതിനാലെന്ന് വിശദീകരണം
വിതുര: സ്കുൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആശങ്കയൊഴിയാതെ തലത്തൂതക്കാവ് എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും.കാടിനോട് ചേർന്ന സ്കുളിന് ചുറ്റുമതിൽ നിർമ്മിക്കാൻ അനുമതി നൽകാത്തതാണ് കുട്ടികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തുന്നത്.കാട്ടുമൃഗശല്യം രൂക്ഷമായ ആദിവാസി മേഖലയിലെ ഈ സ്കൂളിന് മതിൽ നിർമ്മിക്കാൻ വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണ് പരാതി. മണലി വാർഡിലാണ് തലത്തൂതക്കാവ് എൽ.പി.സ്കൂൾ. കൃത്യമായ അതിർത്തി നിർണയ രേഖകൾ ഹാജരാക്കാത്തതാണ് അനുമതി കൊടുക്കാൻ തടസ്സമായതെന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചു.
വർഷങ്ങളായി കാട്ടുമൃഗഭീതിയിലാണ് ഇവിടത്തെ പഠനം. കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെ സ്കൂൾ വളപ്പിൽ കടക്കുന്നത് പതിവാണ്. ആനക്കൂട്ടത്തിന്റെ ആക്രമണംമൂലം പലദിവസങ്ങളിലും പഠനം മുടങ്ങിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മതിൽ കെട്ടാൻ പഞ്ചായത്ത് തീരുമാനിച്ചത്. ആദ്യഘട്ടമായി നാലുലക്ഷം രൂപ അനുവദിച്ചതായി വാർഡംഗം മഞ്ജുഷ ജി.ആനന്ദ് അറിയിച്ചു.
കരാറുകാർ പണി ഏറ്റെടുക്കുകയും പാറ ഇറക്കുകയും ചെയ്തു. അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചപ്പോഴാണ് തടസ്സമുള്ളതായി അറിഞ്ഞത്. വനസംരക്ഷണസമിതി നേരത്തേതന്നെ അനുമതി നൽകിയിരുന്നതായി എഫ്.ആർ.സി. ചെയർമാൻ കെ.മനോഹരൻകാണി പറയുന്നു. സ്കൂൾ വളപ്പ് കൃത്യമായി അളന്നുതിരിച്ചതിന്റെ രേഖകൾ ഇല്ലാതെയാണ് അപേക്ഷ നൽകിയതെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമൂലം എവിടെയാണ് മതിൽ നിർമ്മിക്കേണ്ടതെന്ന് വ്യക്തതയില്ല. മതിയായ രേഖകൾ ഹാജരാക്കിയാൽ നിർമ്മാണ അനുമതി നൽകുമെന്നും അവർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ