തിരുവനന്തപുരം: പേരൂർക്കട അമ്പലംമുക്ക് മണ്ണടി ലെയിൻ ദ്വാരക വീട്ടിൽ ദീപ അശോകിനെ കൊന്നത് മകൻ തന്നെയെന്ന് പൊലീസ്. ദീപയുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചത് ദീപയെന്ന് ഉറപ്പിക്കാനാണ് ഇത്. അതിനിടെയാണ് താനാണ് അമ്മയെ കൊന്നതെന്ന് മകൻ പൊലീസിനോട് വിശദീകരിക്കുന്നത്. പേരൂർക്കട അമ്പലംമുക്ക് മണ്ണടി ലെയിൻ ദ്വാരക വീട്ടിൽ ദീപ(50)യുടെ ശരീരം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലായ മകൻ അക്ഷയ്(22) അറസ്റ്റിലായി.

എൻജിനിയറിംഗിന് തോറ്റ വിഷയങ്ങൾക്ക് ട്യൂഷനു പോകാൻ 18,000രൂപ നൽകാത്തതിന്റെ പ്രകോപനത്തിൽ അമ്മയെ തറയിൽ തള്ളിയിട്ട്, കഴുത്തിൽ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി. അതിന് ശേഷം പറമ്പിൽ കൊണ്ടുപോയി കത്തിച്ചെന്ന് മകൻ കുറ്റസമ്മതം നടത്തി. ക്രിസ്മസ് ദിനത്തിൽ സിനിമയ്ക്ക് പോയിട്ട് വന്നപ്പോൾ അമ്മയെ കണ്ടില്ലെന്നും കുവൈറ്റിലുള്ള സഹോദരിയെ സ്‌കൈപ്പിലൂടെ ഇക്കാര്യം അറിയിച്ചെന്നുമാണ് അക്ഷയ് ആദ്യം പൊലീസിനോട് പറഞ്ഞത്. സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് തനിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കാനായിരുന്നു. മോഹൻലാലിന്റെ ദൃശ്യം മോഡൽ ഒരുക്കാനുള്ള വിഫലം ശ്രമമായിരുന്നു അത്.

അക്ഷയ് കഴക്കൂട്ടത്തെ എൻജിനിയറിങ് കോളേജിൽ ബി.ടെക് പഠനം പൂർത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങൾക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്‌സായ എം.ഇ.പിക്ക് ചേർന്നു. തോറ്റ വിഷയങ്ങൾക്ക് ട്യൂഷനു പോവാൻ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിൽ പ്രകോപിതനായി 25ന് പകൽ മൂന്നിന് കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച് നിലത്തുവീണയുടൻ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

അല്പനേരം കാത്തിരുന്നശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയിൽ മൃതദേഹം തള്ളി. ചവറുകൾ കത്തിക്കാൻ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാൻ തുടങ്ങി. കൊലപ്പെടുത്താനുപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു. വിറകുകഷണങ്ങളും പറമ്പിലെ ഓലയും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. ഏറെ സമയമെടുത്താണ് മൃതദേഹം കുറേശെയായി കത്തിച്ചത്. 25ന് പകൽ നാലോടെ കത്തിക്കാൻ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ 11മണിയായിട്ടും മൃതദേഹം ഭാഗികമായേ കത്തിയിരുന്നുള്ളൂ. അതിന് ശേഷമാണ് ദൃശ്യം മോഡൽ ഇടപെടലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചത്.

ഇതിനായി സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചു. പിറ്റേന്ന് ഉറങ്ങിയെഴുന്നേറ്റപ്പോൾ വീടിന് ഇടതുവശത്ത് കത്തിയ പാടുകൾ കണ്ടാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചതെന്നും പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നൽകിയ മൊഴി. എൽ.ഐ.സി ഏജന്റായ അമ്മയെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കൾക്കും അമ്മയെക്കുറിച്ച് മോശം അഭിപ്രായമാണുള്ളതെന്നും അക്ഷയ് മൊഴിനൽകിയിട്ടുണ്ട്. അമ്മയെ കാണാനില്ലെന്ന മൊഴിയിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്ന പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റസമ്മതം എത്തിയത്.

മൂന്നുമാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. ചെലവിനുള്ള പണം കുവൈറ്റിലുള്ള പിതാവ് അശോക് അയച്ചുകൊടുക്കും. പുറമേനിന്നാണ് ഭക്ഷണം. സഹോദരി അനഘയും കുവൈറ്റിലാണ്. പിതാവുമായും സഹോദരിയുമായും അമ്മ സംസാരിക്കാറില്ലായിരുന്നു. ദീപ അയൽക്കാരുമായി നല്ല സഹകരണത്തിലാണെങ്കിലും അക്ഷയ് ചുറ്റുപാടുമായി വലിയ ബന്ധമൊന്നുമില്ലെന്ന് സമീപവാസികൾ പറയുന്നു. അക്ഷയ് സ്ഥിരമായി ദീപയുമായി വഴക്കുകൂടാറുണ്ട്. സംഭവദിവസവും ഉച്ചയ്ക്ക് പണത്തിന്റെ പേരിൽ വഴക്കുണ്ടായതിനെതുടർന്ന് ദീപയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ചമുതൽ ദീപയെ കാണാതായിട്ടും അന്വേഷിച്ചില്ലെന്നതും അയൽവാസികളെയും ബന്ധുക്കളെയും അറിയിച്ചില്ലെന്നതും അക്ഷയ് ആദ്യദിവസം കൊടുത്ത പരസ്പരവിരുദ്ധമായ മൊഴിയും ദുരൂഹതയുണ്ടാക്കി. സംശയം തോന്നിയതിനെതുടർന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാനായി ചോദ്യംചെയ്യൽ തുടരുന്നതായി പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന ഭർത്താവ് അശോകും മകൾ അനഘയും ഭർത്താവും ബുധനാഴ്ച നാട്ടിലെത്തി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഡിഎൻഎ ടെസ്റ്റിനായി മൃതദേഹത്തിൽനിന്ന് പൊലീസ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.