- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനുപമയ്ക്ക് തുടർപഠനമോ ജോലിയോ അനുവദിക്കില്ലെന്ന വാശിയിൽ ആ അച്ഛൻ!; അനുപമയുടെ സർട്ടിഫിക്കറ്റ് തിരികെ ലഭിക്കാൻ ഇടപെടാതെ പൊലീസ്; സഹായത്തിന് അപേക്ഷിച്ച പൊതുപ്രവർത്തകയോട് 'നിങ്ങൾ വേറെ കാര്യം നോക്ക്' എന്ന് മറുപടി; പേരൂർക്കട സിഐയുമായുള്ള ടെലിഫോൺ സംഭാഷണം പുറത്താകുമ്പോൾ
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതി ജയചന്ദ്രനെ സംരക്ഷിക്കാൻ പൊലീസ് ശ്രമം. അനുപമയുടെ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് അവർ നൽകിയ പരാതിയിലും യാതൊരു നടപടിയും എടുക്കാതെ പ്രതിയുടെ ഭാഗം പിടിക്കുകയാണ് പേരൂർക്കട പൊലീസ്. ഇത് സംബന്ധിച്ച് അനുപമ അജിത് ഐക്യദാർഢ്യ സമരസമിതിയുടെ കൺവീനറും പൊതുപ്രവർത്തകയുമായ പിഇ ഉഷയുമായി പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ നടത്തിയ ഫോൺ സംഭാഷണം പുറത്ത്.
കുട്ടിയെ കാണാതായ കേസ് കോടതിയിൽ നടക്കുന്നതിനാൽ സർട്ടിഫിക്കറ്റും അനുപമ കോടതിയിൽ പോയി വാങ്ങട്ടേ എന്ന നിലപാടിലാണ് പേരൂർക്കട പൊലീസ്. കുടുംബകോടതിയിൽ നടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയ കേസും സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടണമെന്ന പരാതിയും രണ്ടാണെന്ന് പിഇ ഉഷ പലവട്ടം പറയുന്നുണ്ടെങ്കിലും ഇൻസ്പെക്ടർ സമ്മതിച്ചുകൊടുക്കുന്നില്ല. കഴിഞ്ഞ ഏപ്രിൽ 15നാണ് അനുപമ സർട്ടിഫിക്കറ്റുകൾ അച്ഛനിൽ നിന്നും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയുമെടുക്കാതെ ജയചന്ദ്രന് കൂട്ടുനിൽക്കുകയായിരുന്നു പേരൂർക്കട പൊലീസെന്ന് അനുപമ ആരോപിക്കുന്നു.
വിവാഹം രജിസ്റ്റർ ചെയ്യാനും അനുപമയ്ക്ക് തുടർപഠനത്തിനോ ജോലിക്കോ അപേക്ഷിക്കാനും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ലഭിക്കേണ്ടതുണ്ട്. അതിന് അനുവദിക്കാതിരിക്കാനാണ് അനുപമയുടെ അച്ഛനായ ജയചന്ദ്രൻ ശ്രമിക്കുന്നത്. പേരൂർക്കട പൊലീസും അയാൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ഐക്യദാർഢ്യസമിതി ആരോപിക്കുന്നത്. പേരൂർക്കട പൊലീസിൽ നിന്നും നീതി ലഭിക്കില്ല എന്ന് ഉറപ്പായതോടെയാണ് അനുപമ വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
നവംബർ അഞ്ചാം തീയതി നടന്ന അദാലത്തിൽ അനുപമയുടെ പരാതി പരിഗണിക്കുകയും അന്നേ ദിവസം ജയചന്ദ്രനേയും വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ജയചന്ദ്രൻ അദാലത്തിൽ പങ്കെടുത്തില്ല. തുടർന്ന് ആറാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി അനുപമയുടെ സർട്ടിഫിക്കറ്റുകൾ വനിതാ കമ്മീഷനിൽ ഹാജരാക്കാൻ ജയചന്ദ്രനോട് ആവശ്യപ്പെട്ടു. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും ജയചന്ദ്രൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ തയ്യാറായിട്ടില്ല. അനുപമയ്ക്കൊപ്പമാണ് തങ്ങൾ എന്ന് പറയുന്ന വനിതാ കമ്മീഷനും ഇക്കാര്യത്തിൽ തുടർനടപടികൾ കൈകൊണ്ടിട്ടില്ല.
വനിതാ കമ്മീഷൻ നിർദ്ദേശമുണ്ടായിട്ടും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ജയചന്ദ്രൻ തയ്യാറാകാത്തതിനെ തുടർന്നാണ് പൊലീസിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പിഇ ഉഷ പേരൂർക്കട സർക്കിൾ ഇൻസ്പെക്ടറെ ബന്ധപ്പെട്ടത്. എന്നാൽ തങ്ങൾക്ക് സർട്ടിഫിക്കറ്റ് വാങ്ങിത്തരാൻ പറ്റില്ലെന്നും കേസ് കോടതിയിലല്ലേ എന്നുമാണ് സർക്കിൾ ഇൻസ്പെക്ടർ അവരോട് ചോദിക്കുന്നത്. അനുപമയ്ക്ക് പോസ്റ്റ് ഗ്രാജ്വേഷന് പോകുന്നതിന് വേണ്ടി സർട്ടിഫിക്കറ്റ് ജയചന്ദ്രനിൽ നിന്നും വാങ്ങി നൽകണമെന്നാണ് പിഇ ഉഷ ആവശ്യപ്പെടുന്നത്. എന്നാൽ അവർ ജാമ്യത്തിൽ നിൽക്കുന്ന പ്രതികളാണെന്നും പൊലീസിന് ഈ കാര്യത്തിൽ ഇടപെടാൻ പറ്റില്ലെന്നുമാണ് ഇൻസ്പെക്ടറുടെ മറുപടി.
അവർക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നുണ്ടായിരുന്നെങ്കിൽ ഏപ്രിലിൽ തന്നെ നൽകുമായിരുന്നു. അപ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ മാതാപിതാക്കൾക്ക് ഉദ്ദേശമില്ലെന്നാണ് മനസിലാക്കാനാകുന്നത്. അതുകൊണ്ട് അനുപമ കോടതി വഴി തന്നെ വാങ്ങട്ടെ എന്നും അത് സ്റ്റേഷനിൽ വച്ച് തന്നെ തീർപ്പാക്കി കോടതിയിലേയ്ക്ക് വിട്ടതാണെന്നും പേരൂർക്കട സിഐ പറയുന്നു. സർട്ടിഫിക്കറ്റുകൾ കോടതി മുഖാന്തിരം മാത്രമേ കൈമാറുകയുള്ളു എന്നോരു ഒത്തുതീർപ്പ രേഖ ഉണ്ടെങ്കിൽ അത് അനുപമയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തിന് അത് ആലോചിക്കട്ടെ എന്ന അഴകൊഴമ്പൻ മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സിഐ.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് പൊലീസ് അന്വേഷണത്തിലാണെന്നും എല്ലാ കേസും കൂടി ഒന്നിച്ച് അന്വേഷിക്കാൻ കഴിയില്ലെന്നുമാണ് ഇൻസ്പെക്ടറുടെ ന്യായം. സർട്ടിഫിക്കറ്റിന്റെ കാര്യം പ്രത്യേകിച്ച് അന്വേഷിക്കാൻ കഴിയില്ല. ഏഴ് മാസം മുമ്പ് തന്നെ പരാതിയിൽ അന്വേഷിക്കാൻ പറ്റുന്നതൊക്കെ അന്വേഷിച്ചിട്ടുണ്ടെന്നും നിങ്ങളിനി വേറെ കാര്യം നോക്ക് എന്നും പറഞ്ഞാണ് സിഐ ഫോൺ കട്ട് ചെയ്യുന്നത്. അനുപമയുടെ കേസ് നിഷ്പക്ഷമായി അന്വേഷിക്കാനോ അവരുടെ സർട്ടിഫിക്കറ്റ് വാങ്ങിനൽകാനോ തങ്ങൾക്ക് സൗകര്യമില്ലെന്ന ധാർഷ്ഠ്യമാണ് സിഐയുടെ സംസാരത്തിൽ ഉടനീളം നിറഞ്ഞുനിന്നത്. സിപിഎം നേതാവായ ജയചന്ദ്രനൊപ്പമാണ് തങ്ങളെന്ന് സീഐ ഈ സംഭാഷണത്തിൽ പറയാതെ പറയുന്നു.
ഇതിനിടെ ദത്ത് നൽകപ്പെട്ട കുട്ടിയെ തിരികെ കിട്ടണമെന്നും കേസിൽ ആരോപണവിധേയരായ സിഡബ്ല്യുസി ചെയർപേഴ്സണേയും ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമസമിതിക്ക് മുന്നിൽ നടത്തിവരുന്ന രാപ്പകൽ സമരം എട്ടാംദിവസത്തിലേയ്ക്ക് കടന്നു. ആവശ്യങ്ങൾ അനുവദിക്കാതെ മടങ്ങിപ്പോകില്ലെന്ന തീരുമാനത്തിലാണ് ഇരുവരും. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വനിതകളടക്കം നിരവധിപേർ ദിനംപ്രതി ഇവിടേയ്ക്ക് എത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ