കണ്ണൂർ: പെരുമണ്ണിലെ കണ്ണീരോർമകൾക്ക് 13 വയസ് തികയുന്ന ഇന്ന് ഒരു പിടി രക്തപുഷ്പങ്ങളുമായി കരളുരുകും വേദനയായി നാടൊന്നാകെ സ്മൃതി മണ്ഡപത്തിലെത്തി.2008 ഡിസംബർ നാലിനാണ് ഇരിക്കൂറില പെരുമണ്ണ് ഗ്രാമത്തിന് ഇടനെഞ്ചു തകരുന്ന തീരാ ദുഃഖമായി വൻ ദുരന്തം സംഭവിച്ചത്. വിടരും മുമ്പേ പൊലിഞ്ഞു പോയ പത്തു കുരുന്നുകൾ ഇന്നും വിങ്ങുന്ന ഓർമകളായി നാടിന്റെ ഉള്ളിൽ തന്നെയുണ്ട്.ഓർമ്മകളിൽ സ്പർജീവിക്കുന്നതിന്റെ നേർസാക്ഷ്യമായി പെരുമണ്ണ് ദുരന്ത സ്മൃതിമണ്ഡപത്തിലെ ഓർമ പുതുക്കൽ മാറി.

പതിമൂന്ന് വർഷം മുമ്പ് ഇതേ ഡിസംബർ 4ന് വൈകുന്നേരം 4 മണിക്കാണ് നാടിനെ തീരാ ദുഃഖത്തിലായ്ത്തിയ ആ അപകടം നടക്കുന്നത്. പെരുമണ്ണ് നാരായണ വിലാസം എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂൾ വിട്ട് റോഡിന്റെ വലതു ഭാഗത്തുകൂടെ വരിവരിയായി വീട്ടിലേക്ക് നടന്നു പോകുമ്പോയാണ് പിറകു വശത്തുനിന്നു വന്ന ടെമ്പോ ട്രാക്സ് ക്രൂയിസർ വാഹനം കുട്ടികളെ ഇടിച്ചുവീഴ്‌ത്തിയത്. പിറക് ഭാഗത്തായി നടന്ന കുട്ടികളാണ് അപകടത്തിൽ മരിച്ചത്. പന്ത്രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.ഒമ്പത് കുട്ടികൾ സംഭവ ദിവസവും ഒരു കുട്ടി ഒമ്പതാം ദിവസവുമാണ് മരിച്ചത്.

പെരുമണ്ണ് പടിയൂർ കുംഭത്തി ഹൗസിലെ രമേശന്റെ മക്കളായ അഖിന (ഏഴ്), അനുശ്രീ, ചിറ്റയിൽ ഹൗസിൽ സുരേന്ദ്രന്റെ മകൾ സാന്ദ്ര സുരേന്ദ്രൻ (എട്ട്), കുംഭത്തി ഹൗസിൽ നാരായണന്റെ മകൾ കാവ്യ (എട്ട്), കൃഷ്ണാലയത്തിൽ കുട്ടന്റെ മകൾ നന്ദന (ഏഴ്), പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകൾ മിഥുന (അഞ്ച്), ബാറുകുന്നുമ്മൽ ഹൗസിൽ മോഹനന്റെ മകൾ സോന (എട്ട്), സറീന മൻസിലിൽ ഇബ്രാഹിമിന്റെ മകൾ സി.വി.എൻ റംഷാന (എട്ട്), സജീവന്റെ മകൾ സഞ്ജന (അഞ്ച്), ബാറുകുന്നുമ്മൽ വീട്ടിൽ വിജയന്റെ മകൻ വൈഷ്ണവ് (ഏഴ്) എന്നിവരാണ് മരിച്ചത്.എ.അതുൽ, കെ.അഭിനന്ദ്, കെ.അഭിഷേക്, പി.സ്നേഹ, പി.പി സന്ദേഷ്ണ, പി.മേഘ, കെ.വർഷ, എം.വി പ്രിയങ്ക, എം ടി അശ്വിൻ, എം ടി അജയ്, പൂജാലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെല്ലാം ഇന്ന് സുഖം പ്രാപിച്ചിരിക്കുന്നു.

നാടിനെയാകെ നടുക്കിയ പെരുമണ്ണ് ദുരന്തം നടന്നിട്ട് പതിനാലാം വർഷത്തിലേക്ക് കടക്കുമ്പോഴും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകളുമായി തേങ്ങലടങ്ങാത്ത മനസ്സുമായി കഴിയുകയാണ് ഒരു നാട് മുഴുവനും. അപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ സംസ്‌കാര ചടങ്ങുകൾക്ക് സംസ്ഥാന പാതയോരത്ത് സൗജന്യമായി സ്ഥലം നൽകുകയും അതേ സ്ഥലത്ത് സ്മൃതിമണ്ഡപം പണിയുന്നതിന് സമ്മതിക്കുകയും ചെയ്ത കൃഷ്ണവാര്യരുടെ വിയോഗവും ഓർമ പുതുക്കൽ വേളയിൽ നൊമ്പരമായി മാറുകയാണ്..

പെരുമണ്ണ് ദുരന്തത്തിന് കാരണക്കാരനായ ടെമ്പോ ട്രാക്സ് ക്രൂയിസർ ഡ്രൈവർ മലപ്പുറം കോട്ടൂർ മണപ്പാട്ടിൽ ഹൗസിൽ എം.അബ്ദുൽ കബീറിന് (46) 2019 ൽ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി നൂറ് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപത്തിൽ ദിനംപ്രതി നിരവധി ആളുകളാണ് സന്ദർശനം നടത്തുന്നത്.ഇന്ന് രാവിലെ നടക്കുന്ന ഓർമ്മ പുതുക്കൽ ചടങ്ങിൽ ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ്, പടിയൂർ,ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, അപകടത്തിൽ പരിക്ക് പറ്റിയ കുട്ടികൾ ബന്ധുക്കൾഎന്നിവർ പങ്കെടുത്തു