പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്നും ഒരു പ്രണയനൈര്യാശ്യ കഥ കൂടി. പ്രേമാഭ്യർഥനയുമായി പുറകെനടന്ന് നിരന്തരം ശല്യംചെയ്ത അയൽവാസിക്കെതിരെ പൊലീസിൽ പരാതി നൽകിയതിനു പതിനാറുകാരിക്കു ക്രൂര മർദ്ദനം. പെരുമ്പാവൂർ സ്വദേശിനിയായ പെൺകുട്ടിയെ അഞ്ചംഗസംഘം വീട്ടിൽക്കയറി മർദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. ഇയാളെക്കുറിച്ചു പെൺകുട്ടി മുൻപും പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഇതു ഗൗരവമായി എടുത്തില്ലെന്ന ആരോപണവുമുയർന്നിട്ടുണ്ട്.

പ്രണയാഭ്യർത്ഥനയുമായി ഏറെ നാൾ പെൺകുട്ടിയുടെ പിറകെയായിരുന്നു യുവാവ്. എന്നാൽ അതെല്ലാം നിരസിക്കുകയായിരുന്നു പെൺകുട്ടി. ഇതേ തുടർന്നാണ് കൂട്ടുകാർക്കൊപ്പം പെൺകുട്ടിയുടെ വീട്ടിൽ അക്രമം നടത്തിയത്. പെരുമ്പാവൂർ മുടക്കുഴ ഇഞ്ചക്കൽ ഷൈനിന്റെ മകളെയാണ് അയൽവാസിയായ ഇല്ലിക്കൽ എൽസൻ (26)വീട്ടിൽ കയറി അക്രമിച്ചത്. വൈകിട്ട് ആറിനാണ് സംഭവം. കുറെ നാളുകളായി വിവാഹാഭ്യർഥനയുമായി പെൺകുട്ടിയുടെ പിറകെ നടക്കുന്നതായി ഷൈൻ പറയുന്നു.

സ്ഥിരമായി പ്രേമാഭ്യർഥന നടത്തി പുറകേനടന്ന ഇരുപത്തിനാലുകാരനെ ഭയന്നാണ് പെൺകുട്ടിയും വീട്ടുകാരും കോടനാട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവനും ബ്ലെയ്ഡ് കൊണ്ടു പരുക്കേൽപ്പിക്കുകയും ചെയ്തു. മുഖത്തും മറ്റും ബ്ലെഡുകൊണ്ട് വരഞ്ഞിട്ടുണ്ട്. ഇടതു കൈയിലും ചുമരിലും മുഖത്തും തലയുടെ പിന്നിലുമാണ് മുറിവ്. തല ഭിത്തിയിലേക്ക് ഇടിച്ചെന്നും പറയുന്നു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച വിദ്യാർത്ഥിനിയെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി.

പെൺകുട്ടിയുടെ അയൽവാസിയാണ് എൽസൻ. പിറകെ നടന്ന് ശല്യം ചെയ്‌തോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതോടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തിൽ അയൽവാസി ഒത്തുത്തീർപ്പിന് എത്തി. എന്നിട്ടും ശല്യം ചെയ്യൽ തുടർന്നു. ഇതുകൊണ്ട് തന്നെ കേസ് പിൻവലിച്ചില്ല. തുടർന്നു വീണ്ടും ഭീഷണി ഉണ്ടായി. കോടനാട് പൊലീസിലും ആലുവ റൂറൽ എസ്‌പിക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ഇതിന് ശേഷമാണ് ആക്രമണം ഉണ്ടായത്.