പെരുമ്പാവൂർ: പെരുമ്പാവൂരിൽ ജിഷയെന്ന ദളിത് പെൺകുട്ടിയെ കൊന്നത് നാടിനെ നടുക്കിയ ദുരന്തമായിരുന്നു. ലൈംഗിക ഇംഗിതത്തിന് വഴങ്ങാത്തതായിരുന്നു ജിഷയുടെ കൊലപാതകത്തിന് കാരണം. ആരുമില്ലാത്ത നേരത്തെ വീട്ടിലേക്ക് കടന്ന് കയറിയുള്ള ബോധപൂർവ്വമായ ആക്രമണം. പെരുമ്പാവൂരിലെ കുറുപ്പുംപടി പൊലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു ജിഷയെ വകവരുത്തിയത്. ഇതിന് സമാനമായ ആക്രമണമാണ് ഇന്ന് പെരുമ്പാവൂരിലെ തന്നെ കോടനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്നത്.

ആളില്ലാത്ത തക്കം നോക്കി ജിഷയെ അതിക്രൂരമായി ആക്രമിച്ചു. ജിഷയെ കത്തികൊണ്ടാണ് ദേഹമാസകലം മുറിവേൽപ്പിച്ചതെങ്കിൽ കോടനാട് തെരഞ്ഞെടുത്തത് ബ്ലൈഡും. ഈ പെൺകുട്ടിയെ അക്രമിച്ചത് വീട്ടിൽ അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കിയെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ ഇളയ സഹോദരിയും മുത്തച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പെരുമ്പാവൂർ മുടക്കുഴ ഇഞ്ചക്കൽ ഷൈനിന്റെ മകളെയാണ് അയൽവാസിയായ ഇല്ലിക്കൽ എൽസൻ (23)വീട്ടിൽ കയറി അക്രമിച്ചത്. വൈകിട്ട് ആറിനാണ് സംഭവം. കുറെ നാളുകളായി വിവാഹാഭ്യർഥനയുമായി പെൺകുട്ടിയുടെ പിറകെ നടക്കുന്നതായി ഷൈൻ പറയുന്നു.

പെൺകുട്ടി അടുക്കളയിൽ എന്തോ ജോലി ചെയ്യുന്ന സമയത്താണ് അഞ്ചംഗ സംഘം അടുക്കള ഭാഗത്ത് കൂടി വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് പെൺകുട്ടിയുടെ വായ മൂടികെട്ടിയ ശേഷമാണ് കൈവള്ളയിലും കൈത്തണ്ടയിലും ബ്ലൈഡ് കൊണ്ട് അക്രമിച്ചത്. വായ മൂടികെട്ടിയത് കാരണം പെൺകുട്ടിക്ക് ഒച്ച വെയ്ക്കുവാൻ കഴിഞ്ഞില്ല. അതിനാൽ സഹോദരിയോ മുത്തച്ഛനോ അക്രമം നടന്നത് അറിഞ്ഞതുമില്ലെന്നുമാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ അക്രമിച്ച ശേഷം എൽസൺ എന്ന യുവാവും ഇയാളുടെ ഒപ്പമുണ്ടായിരുന്നവരും കടന്നുകളയുകയായിരുന്നു. ശരീരം മുഴുവൻ ബ്ലേഡുകൊണ്ട് വരിഞ്ഞ് നശിപ്പിച്ച ശേഷമായിരുന്നു ഇവർ സ്ഥലം വിട്ടത്.

ഇതിന് മുമ്പ് കുട്ടിയെ ശല്യംചെയ്തതിന്റെ പേരിൽ കോടനാട് സ്‌റ്റേഷനിൽ എൽസണെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഇവരുടെ വീട്ടുകാർ തമ്മിലും അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും കോടനാട് എസ് ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ ഷൈൻ പീറ്ററിന്റെ പേരിൽ എൽസണിന്റെ അമ്മ മറിയാമ്മയെ തല്ലി പല്ല് കൊഴിച്ചതിനും ഒരു കേസ് നിലവിലുണ്ട്. ഷൈൻ പീറ്ററിന്റെ ഭാര്യയെകുറിച്ച് അപവാദം പറഞ്ഞു പരത്തിയതിനാണ് മറിയാമ്മയെ തല്ലിയത് എന്നാണ് അന്ന് സ്‌റ്റേഷനിൽ നല്കിയ വിശദീകരണമെന്നും പൊലീസ് പറയുന്നു. ഇതിന്റെയെല്ലാം പകയാണ് എൽസൺ തീർത്തെന്നാണ് പൊലീസ് കരുതുന്നത്.

അക്രമത്തിന് ശേഷം സംഭവ സ്ഥലം പരിശോധിച്ച പൊലീസിന് ഇവിടെ നിന്നും അടുപ്പിൽ ഉപേക്ഷിച്ച രീതിയിൽ ഒരു ബ്ലൈഡും അതിന്റെ കവറും ലഭിച്ചതായും പൊലീസ് പറയുന്നു. ഇവിടെ നിന്നും ലഭിച്ച രക്തത്തിന്റെ സാമ്പിൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഇത് പെൺകുട്ടിയുടേത് തന്നെയാണോ എന്ന് അറിയുന്നതിനാണ് പരിശോധന നടത്തുന്നത്. പ്രതികളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു. പ്രണയാഭ്യർത്ഥനയുമായി ഏറെ നാൾ പെൺകുട്ടിയുടെ പിറകെയായിരുന്നു യുവാവ്. എന്നാൽ അതെല്ലാം നിരസിക്കുകയായിരുന്നു പെൺകുട്ടി. ഇത് പരാതിയായതോടെ വീട്ടുകാർ തമ്മിലെ വെറുപ്പും കൂടി. ഇതാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണമായത്.

അതിനിടെയാണ് കൂട്ടുകാർക്കൊപ്പം പെൺകുട്ടിയുടെ വീട്ടിൽ എൽസൻ അക്രമം നടത്തിയത്. സ്ഥിരമായി പ്രേമാഭ്യർഥന നടത്തി പുറകേനടന്ന ഇരുപത്തിമൂന്നുകാരനെ ഭയന്നാണ് പെൺകുട്ടിയും വീട്ടുകാരും കോടനാട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവനും ബ്ലെയ്ഡ് കൊണ്ടു പരുക്കേൽപ്പിക്കുകയും ചെയ്തു. മുഖത്തും മറ്റും ബ്ലെഡുകൊണ്ട് വരഞ്ഞിട്ടുണ്ട്. ഇടതു കൈയിലും ചുമരിലും മുഖത്തും തലയുടെ പിന്നിലുമാണ് മുറിവ്. തല ഭിത്തിയിലേക്ക് ഇടിച്ചെന്നും പറയുന്നു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച വിദ്യാർത്ഥിനിയെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി.

പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തിൽ അയൽതർക്കത്തിന് പൊലീസ് ഒത്തുത്തീർപ്പിന് ശ്രമിച്ചിരുന്നു. എന്നിട്ടും പെൺകുട്ടിയെ ശല്യം ചെയ്യൽ എൽസൻ തുടർന്നു. ഇതുകൊണ്ട് തന്നെ കേസ് പിൻവലിച്ചില്ല. തുടർന്നു വീണ്ടും ഭീഷണി ഉണ്ടായി. അതും പരാതിയായി നൽകി. എന്നാൽ പൊലീസ് വേണ്ട ഇടപെടൽ നടത്തിയില്ലെന്നാണ് ഷൈൻ പറയുന്നത്.