പെരുമ്പാവൂരിൽ: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് പെരുമ്പാവൂർ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിൽ മരിച്ച നിലയിലാണ് ജിഷയുടെ പിതാവിന്റെ മൃതദേഹം കാണപ്പെട്ടത്. താമസിച്ചിരുന്ന വീട്ടിൽ നിന്നും അമ്പത് മീറ്റർ അകലെയാണ് മൃതദേഹം കാണപ്പെട്ടത്. നിരവധി രോഗങ്ങളാൽ ഏതാനും നാളുകളായി വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അസുഖം കൂടിയതിനെ തുടർന്നുള്ള മരണാണ് സംഭവിച്ചതെന്നാണ് അറിയുന്നത്. മറ്റ് സൂചനകളൊന്നുമില്ല.

സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തിയിട്ടുണ്ട്. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധന നടത്തി മരണം ഉറപ്പിച്ചിട്ടുണ്ട്. മൃതദേഹം ഇവിടെ നിന്നും ഇനിയും മാറ്റിയിട്ടില്ല. വിവരം അറിഞ്ഞ് മകൾ ദീപ സ്ഥലത്തെത്തിയിട്ടുണ്ട്. ഭാര്യ രാജേശ്വരി മൃതദേഹം കാണാൻ വരില്ലെന്നും അറിയിച്ചിട്ടുണ്ട്. ജിഷ കേസിലെ സാക്ഷിപ്പട്ടികയിലും പാപ്പുവിനെ പൊലീസ് ഉൾപ്പെടുത്തിയിരുന്നു. പാപ്പുവിന്റെ മരണത്തോടെ സാക്ഷിപ്പട്ടികയിൽ ഇനി ഒഴിവാക്കേണ്ടി വരും.

ബന്ധുക്കളും മറ്റുള്ളവരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ നരകതുല്യമാണ് ജീവിതമാണ് പാപ്പു നയിച്ചിരുന്നത്. സർക്കാറും സംഘടനകളും നൽകിയ ധനസഹായത്താൽ ജിഷയുടെ മാതാവ് ധൂർത്തടിച്ച് ആഡംബര ജീവിതം നയിച്ചവേളയിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിപ്പോലും കഷ്ടപ്പെട്ടാണ് പാപ്പു കഴിഞ്ഞിരുന്നത്.

വാഹനമിടിച്ചതിനെ തുടർന്ന് എഴുന്നേറ്റ് നടക്കാൻ പോലൂം ആവാതെ വീടിനുള്ളിൽ ഏകനായി കിടന്ന കിടപ്പിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെകുറിച്ചുള്ള വിവരം നേരത്തെ മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാഹനത്തിൽ നിന്നും വീണ് കാലിന് ഗുരുതരമായി പരിക്കേറ്റ അവസ്ഥയിൽ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാപ്പു കഴിഞ്ഞിരുന്നത്. പാപ്പുവിനെ സംരക്ഷിക്കാനോ ഭക്ഷണം നൽകാനോ പോലും ആരുമുണ്ടായിരുന്നില്ല.

ഇടിഞ്ഞുവീഴാറായ വീട്ടിൽ വെള്ളവും വെളിച്ചവും ഇല്ല. എഴുന്നേൽക്കാൻ കഴിയാത്തതിനാൽ മല മൂത്ര വിസർജനവും ഇരുളടഞ്ഞ മുറിയിലെ കട്ടിലിൽതന്നെയായ അവസ്ഥിലായിരുന്നു രോഗാവസ്ഥയിൽ. സംഭവം വാർത്തയായതോടെ അശമന്നൂർ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തകരെത്തി പരിചരിച്ചിരുന്നു. പിന്നീട് കുറച്ചുകാലം ആശുപത്രി വാസത്തിലുമായിരുന്നു പാപ്പു. ജിഷ മരിച്ച ശേഷം സർക്കാർ ഇവർക്കു വീടുവച്ച് നൽകുകയും സഹോദരി ദീപയ്ക്ക് ജോലി നൽകുകയും ചെയ്തിരുന്നു. മകളുടെ പേരിൽ ലഭിച്ച അനുകൂല്യങ്ങളിൽ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ജിഷയുടെ അമ്മയും അച്ഛനും തമ്മിൽ സഹായധനത്തിന്റെ പേരിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്നു. കെപിസിസിയുടെ സഹായമായി 15 ലക്ഷത്തിനു പുറമെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായവും കുടുംബത്തിന് ലഭിച്ചിരുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്ക് പെൻഷനും സഹോദരി ദീപയ്ക്ക് സർക്കാർ ജോലിയും നൽകി. വിവിധ സംഘടനകളിൽ നിന്നും മറ്റുമായി വേറെയും സഹായമെത്തി. കാൽക്കോടിയോളം രൂപയാണ് സഹായധനമായി ലഭിച്ചത്.

ഇങ്ങനെ ലഭിച്ച സഹായധനത്തിൽ തനിക്കും അർഹതയുണ്ടെന്ന വാദമുയർത്തി ജിഷയുടെ അച്ഛൻ പാപ്പു രംഗത്തെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് കുടംബം ഉപേക്ഷിച്ച് വീടുവിട്ട് മാറിത്താമസിക്കുന്ന പാപ്പു മകളുടെ കൊലപാതകത്തിനു ശേഷമാണ് മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയിരുന്നത്. പണം ലഭിക്കാതിരുന്നതോടെ നിയമനടപടികൾ പാപ്പു സ്വീകരിച്ചിരുന്നു. ഇതിന് ശേഷം ചെറിയ സഹായധനം പാപ്പുവിനും ലഭിച്ചെങ്കിലും ദുരിത പൂർണ്ണമായ ജീവിതമായിരുന്നു അവർക്ക് നയിക്കേണ്ടി വന്നത്. ആരുടെയും സഹായത്തിന് കാത്തു നിൽക്കാതെയാണ് പാപ്പുവിന്റെ ദുരിതജീവിതത്തിന് അന്ത്യമായിരിക്കുന്നത്.