പെരുമ്പാവൂർ: പതിനഞ്ചുകാരിയെ ആക്രമിച്ച സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസ് നെട്ടോട്ടത്തിൽ. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസിൽ കുടുക്കിയ ' പ്രതി 'കൺവെട്ടത്തുണ്ടെങ്കിലും തെളിവുകളുടെ അഭാവംമൂലം മേൽ നടപടികൾ സ്വീകരിക്കാൻ പൊലീസ് പെടാപ്പാട് പെടുകയാണെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ ദിവസം പെരുമ്പാവൂർ മുടക്കുഴ ആനക്കല്ല് സ്വദേശിനിയായ 15 കാരിയെ അഞ്ചംഗസംഘം ബ്ലേഡിന് വരയുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട അയൽവാസി ഇല്ലിക്കൽ എൽസനെ(23) തെളിവുകളുടെ അഭാവത്തിൽ അറസ്റ്റുചെയ്യാൻ പൊലീസ് മടിക്കുന്നതായിട്ടാണ് അറിയുന്നത്.

രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് ഇയാൾക്കെതിരെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതുൾപ്പെടെയുള്ള കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. പെരുമ്പാവൂർ മുടക്കുഴ ഇഞ്ചക്കൽ ഷൈനിന്റെ മകൾക്കാണ് പരിക്കേറ്റത്.സംഭവം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ ഇളയ സഹോദരിയും മുത്തച്ഛനും വീട്ടിൽ ഉണ്ടായിരുന്നു. ഇവർക്കാർക്കും സംഭവത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

താൻ അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് എൽസൻ ഉൾപ്പെട്ട അഞ്ചംഗ സംഘം അടുക്കള ഭാഗത്ത് കൂടി വീടിനുള്ളിൽ പ്രവേശിച്ച് വായ് മൂടിക്കെട്ടിയ ശേഷം തല ഭിത്തിയിലിടിപ്പിച്ചെന്നും കൈവെള്ളയിലും കൈത്തണ്ടയിലും ബ്ലേഡ് കൊണ്ട് വരഞ്ഞെന്നുമാണ് പെൺകുട്ടി പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചിട്ടുള്ളത്. മകളെ എൽസൺ ശല്യം ചെയ്തതുവെന്നാരോപിച്ച് കോടനാട് സ്‌റ്റേഷനിൽ നേരത്തെ പെൺകുട്ടിയുടെ പിതാവ് ഷൈൻ പരാതി നൽകിയിരുന്നു.എൽസന്റെ മതാവ് മറിയാമ്മയെ തല്ലിയതിന് ഷൈനെതിരെയും ഈ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

അക്രമത്തിന് ശേഷം സംഭവസ്ഥലം പരിശോധിച്ച പൊലീസിന് ഇവിടെ നിന്നും അടുപ്പിൽ ഉപേക്ഷിച്ച നിലയിൽ രക്തം പുരണ്ട ഒരു ബ്ലേഡ് ലഭിച്ചിരുന്നു.ഇത് ഫോറൻസിക് പരിശോധനക്കായി അയച്ചതായി പൊലീസ് അറിയിച്ചു. ഇതേ കമ്പനിയുടെ ഏഴ് ബ്ലേഡുകൾ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് താൻ ഷേവിംഗിനായി വാങ്ങിവച്ചിട്ടുള്ളതായിരുന്നെന്നാണ് പെൺകുട്ടിയുടെ മുത്തച്ഛൻ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇടതു കൈയിലും ചുമലിലും മുഖത്തും തലയുടെ പിന്നിലുമാണ് മുറിവ്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച വിദ്യാർത്ഥിനിയെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു.

പെൺകുട്ടി നൽകിയ മൊഴിപ്രകാരം നടത്തിയ അന്വേഷണത്തിൽ എൽസനെതിരെ കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൊഴിയിൽപ്പറയുന്ന സമയത്ത് എൽസൺ സ്വന്തം വീട്ടിലുണ്ടായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന് വിശ്വസനീയ സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ടെന്നും ഇത് സൈബർ സെല്ലിൽ പരിശോധനയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.