- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം ഉറപ്പിച്ചപ്പോൾ ഭാവി വരനോട് വധുവിന്റെ അമ്മ പറഞ്ഞത് ആദ്യ വിവാഹത്തിലെ കുട്ടിയാണ് മകളെന്ന സത്യം; ആ അച്ഛനെ കണ്ടേ മതിയാകൂവെന്ന് ഉറപ്പിച്ചു പറഞ്ഞ് ഡോക്ടറായ പെൺകുട്ടി; തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പഴയ ആർട്സ് ക്ലബ്ബ് സെക്രട്ടറിയെ തേടി സ്വന്തം മകൾ; പെരുന്താന്നിയിലെ 'സൂര്യപുത്രി' മകളേ എന്ന വിളികാത്തിരിക്കുമ്പോൾ
തിരുവനന്തപുരം: എന്റെ സൂര്യപുത്രിക്ക്-ഫാസിൽ ചിത്രം. അമ്മയെ തേടി ഇറങ്ങിയ ആ മകളുടെ കണ്ണുനീർ മലയാളി ആ സിനിമയിൽ തിരിച്ചറിഞ്ഞു. അനാഥയായി വളർന്ന അവൾ വിവാഹം ചെയ്യാൻ ആഗ്രഹിച്ച യുവാവ് മതാപിതാക്കളെ ചോദിച്ചതോടെ തുടങ്ങിയ അന്വേഷണം. ഫാസിൽ പറഞ്ഞ കഥ മലയാളിയുടെ നൊമ്പരമായി. ഇപ്പോഴിതാ ഇതിന് വിപരീത ദിശയിൽ മറ്റൊരു യഥാർത്ഥ സംഭവം. ഇവിടെ വിവാഹം ഉറപ്പിച്ച പെൺകുട്ടി തേടുന്നത് സ്വന്തം അച്ഛനെയാണ്.
ജീവിതം കഥയെക്കാൾ സങ്കീർണമായിമാറിയ തിരുവനന്തപുരം പെരുന്താന്നി സ്വദേശിയായ പെൺകുട്ടിയുടെ സങ്കടമുഖമാണിത്. കല്യാണം കഴിക്കാൻ പോകുന്ന ആളിന്റെ നിർബന്ധമല്ല ഈ അന്വേഷണത്തിന് പിന്നിൽ. അതിലുപരി സ്വന്തം അച്ഛനെ ഒന്നു കാണാനുള്ള വെറുമൊരു മോഹം. ഭാവി വരനും പെരുന്താന്നിയിലെ ഡോക്ടർക്കൊപ്പമുണ്ട്. അങ്ങനെ ആ അന്വേഷണം തുടങ്ങുകയാണ്. അമ്മ രണ്ടാമത് വിവാഹം കഴിച്ചയാളായിരുന്നു ഇതുവരെ ഈ പെൺകുട്ടിക്ക് അച്ഛൻ. സ്വന്തം മകളെ പോലെ വളർത്തിയ അച്ഛൻ. യാദൃശ്ചികമായാണ് സത്യം കല്യാണം ഉറപ്പിച്ചപ്പോൾആ കുട്ടി അറിയുന്നത്.
എം.ബി.ബി.എസ്. ഡോക്ടറായ പെൺകുട്ടിക്ക് ഇപ്പോൾ 26 വയസ്സ്. അവളുടെ വിവാഹം ഉറപ്പിച്ചു. അപ്പോഴാണ് യഥാർഥ അച്ഛൻ മറ്റൊരാളാണെന്ന വിവരം പെൺകുട്ടിയുടെ അമ്മ, മകളെയും കല്യാണം കഴിക്കാൻപോകുന്നയാളുടെ വീട്ടുകാരെയും അറിയിച്ചത്. അതു കേട്ട് മകളും ഞെട്ടി. ഭാവിയിൽ ഇത് മറ്റ് പ്രശ്നം ആകാതിരിക്കാനായിരുന്നു അമ്മ ആ സത്യം പറഞ്ഞത്. അതുവരെ കുട്ടിക്ക് രണ്ടാനച്ഛനാണ് തന്നെ വാൽസല്യത്തോടെ നോക്കിയതെന്ന് പോലും അറിയില്ലായിരുന്നു. അതായിരുന്നു സ്നേഹം.
അച്ഛൻ മറ്റൊരാളാണെന്ന് അറിഞ്ഞിട്ടും രണ്ടാനച്ഛനോടുള്ള സ്നേഹത്തിനും ബഹുമാനത്തിനും ഒരു കുറവുമുണ്ടായില്ല. എന്നാൽ, ജന്മംനൽകിയ അച്ഛനെ ഒന്നു കാണണം. പ്രതിശ്രുതവരനും ഇക്കാര്യത്തിൽ ഒപ്പമുണ്ട്. രണ്ടരപ്പതിറ്റാണ്ടുമുമ്പ് വിട്ടുപോയ അച്ഛനെ തേടുകയാണ് മകൾ. ചെന്നൈ ഇന്ത്യാ മീറ്റേഴ്സിൽ എൻജിനിയറായി ജോലിചെയ്യുമ്പോൾ 1995-ലായിരുന്നു പെൺകുട്ടിയുടെ അമ്മയെ വിവാഹം കഴിക്കുന്നത്. 96-ൽ മകൾ പിറന്നു. 99-ൽ ഇവർ ബന്ധം പിരിഞ്ഞു. രണ്ടുപേരും വേറെ വിവാഹം കഴിച്ചു. രണ്ടാനച്ഛനായെത്തിയ ആൾ പെൺകുട്ടിക്ക് സ്വന്തം അച്ഛനായി മാറി.
പാൽക്കുളങ്ങര കവറടിയിലുള്ള അച്ഛന്റെ പഴയവിലാസത്തിലേക്ക് പലതവണ കത്തുകളയച്ചെങ്കിലും കൈപ്പറ്റാതെ മടങ്ങി. അബുദാബിയിൽ എൻജിനിയറായി ജോലിചെയ്യുകയാണ് എന്നൊരു വിവരം ലഭിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നുമില്ല. കൊല്ലം പരവൂർ ഭാഗത്ത് കുടുംബത്തോടൊപ്പം താമസിക്കുകയാണ് എന്നും പറയുന്നു. പക്ഷേ ഇതെല്ലാം അഭ്യൂഹം മാത്രമാണ്. അച്ഛനെ കണ്ടെത്താൻ മകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തുനിന്ന് മെക്കാനിക്കൽ എൻജിനിയറിങ് പഠിച്ചിറങ്ങിയയാളാണ് കുട്ടിയുടെ അച്ഛൻ. പഠിക്കുമ്പോൾ അദ്ദേഹം കോളേജിലെ ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നെന്ന് പെൺകുട്ടിയുടെ അമ്മ ഓർക്കുന്നു. 99-ൽ അവിടെ ഗസ്റ്റ് അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
വിവാഹത്തിനുമുമ്പ്, 'മകളേ' എന്നുവിളിച്ച് ഒരു ഫോൺകോളെങ്കിലും വരുമെന്നാണ് ഡോക്ടറുടെ പ്രതീക്ഷ. അതിന് വേണ്ടിയാണ് തന്റെ കഥ വാർത്ത പോലുമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ