തിരുവനന്തപുരം: പേരൂർക്കട മണ്ണടി ലെയിനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ദീപ അശോകിനെ കൊലപ്പെടുത്തിയത് മകൻ അക്ഷയ് തന്നെയെന്ന് കേട്ട് വിശ്വസിക്കാനാകാതെ നട്ടുകാർ. 17 വർഷങ്ങൾക്ക് മുൻപ് അമ്പലംമുക്ക് മണ്ണടി ലെയിനിൽ താമസിക്കുന്നതിനായി അമ്മയുടെ കൈപിടിച്ച് വന്ന ആ കുട്ടിയാണ് ഇന്ന് അമ്മയുടെ ഘാതകനായതെന്ന് വിശ്വസിക്കുന്നതെങ്ങനെയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സംഭവം പുറത്തറിഞ്ഞത് മുതൽ തന്നെ മകനെ സംശയമുണ്ടായിരുന്നുവെങ്കിലും അത് ഉറപ്പിക്കാൻ ആരും തയ്യാറായിരുന്നില്ല.

ചെറുപ്പം മുതൽ അവനെ ഞങ്ങൾക്ക് അറിയാം. അശോകൻ വിദേശത്തായിരുന്നതുകൊണ്ട് തന്നെ രണ്ട് മക്കളേയും ഒപ്പം കൂട്ടിയാണ് ദീപ എവിടെയും പോയിരുന്നത്. മൂത്ത മകൾ അനഘയുടെ വിവാഹം കഴിഞ്ഞതിന് ശേഷം ഇവിടെ ഈ വീട്ടൽ ദീപയും മകനും മാത്രമാണ് താമസിച്ചിരുന്നത്. വളരെ നല്ല സ്നേഹത്തോടെയാണ് അമ്മയും മകനും മുൻപോട്ട് പോയിരുന്നത്. എഞ്ചിനിയറിങ്ങ് പഠനകാലത്ത് അമ്മയ്ക്കൊപ്പം അമ്പലത്തിൽ പോവുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ട് പോകുന്ന മകനെയുമാണ് നാട്ടുകാർക്ക് കണ്ട് പരിചയം.

ദീപ സ്ഥിരമായ അമ്പലങ്ങളിൽ പോകുന്നയാളായിരുന്നു. ഇവരെ അമ്പലത്തിൽ വെച്ച് സ്ഥിരം കാണുന്നതുകൊണ്ട് തന്നെ എല്ലാവർക്കും സുപരിചിതയുമായിരുന്നു. ദീപ മരിച്ച വാർത്തയറിഞ്ഞപ്പോൾ തന്നെ അവർ പശുവിൻപാലും ചാണകവും വാങ്ങിയിരുന്ന വീട്ടിലെ സ്ത്രീ മണ്ണടി ലെയിനിലെ ഇടവഴിയിൽ ഇരുന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. തള്ളയും മകനും ഒരുമിച്ചാണ് പാലും ചാണകവുമൊക്കെ വാങ്ങാൻ വന്നുകണ്ടിരുന്നത്. എന്നിട്ട് ആ ചെറുക്കൻ തന്നെ തള്ളയെ കൊന്നോ..ഇത് എന്തൊരു ലോകമാണ് എന്ന് പറഞ്ഞായിരുന്നു അയൽവാസിയുടെ കരച്ചിൽ.

ചെറുപ്പം മുതൽ തന്നെ വളരെ ആക്റ്റിവായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി അക്ഷയ് എല്ലാവരിൽ നിന്നും അകന്നിരുന്നു. ചെറുപ്പത്തിൽ കൂടെ കളിച്ചിരുന്ന അയൽവാസികളെ പോലും പരിചയം ചിരിയിലൊതുക്കിയ അക്ഷയുടെ സൗഹൃദങ്ങൾ മുഴുവനും എഞ്ചിനീയറിങ്ങ് കോളേജ് കേന്ദ്രീകരിച്ചായിരുന്നു. നിരവധി കൂട്ടുകാരാണ് അക്ഷയെ കാണാനായി വീട്ടിലെത്തിയിരുന്നത്. ഇവരുമൊത്ത് ബൈക്കിൽ കറക്കവും ചുറ്റി നടക്കലുമായിരുന്നു അക്ഷയുടെ പ്രധാന വിനോദം. അമ്മ മാത്രമുള്ള വീട്ടിൽ പലപ്പോഴും വൈകിയാണ് അക്ഷയ് എത്തിയിരുന്നത് പോലും.

എഞ്ചിനീയറിങ്ങ് പഠനകാലത്ത് അക്ഷയുടെ ചില മാറ്റങ്ങളാണ് അമ്മയുമായി തെറ്റി തുടങ്ങിയത്. പഠനകാലത്ത് അക്ഷയ് ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തിട്ടും റിസൽട് വന്നപ്പോൾ അക്ഷയ് അഞ്ചോളം വിഷയങ്ങൾക്ക് തോറ്റത് അമ്മയുമായി വഴക്കുകൾക്ക് തുടക്കമിട്ടിരുന്നു.പിന്നീട് ഇരുവരും തമ്മിൽ പരസ്പരം മിണ്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. പഠനകാലത്ത് തന്നെ അക്ഷയ് മയക്ക് മരുന്നും മറ്റും ഉപയോഗിക്കാൻ തുടങ്ങിയതും കഞ്ചാവിന് അടിമയായതും അമ്മയെ മകനിൽ നിന്നും അകറ്റി. പിന്നീട് പല തവണയായി ഇരുവരും തമ്മിൽ വഴക്ക് കൂടിയെങ്കിലും ഇരുവർക്കുമിടയിൽ ഇത്രയും പ്രശ്നങ്ങളുണ്ടെന്നത് അയൽവാസികൾ പോലും അറിയില്ലായിരുന്നു.

ക്രിസ്മസ് ദിവസം അമ്മയുമായി പണം ആവശ്യപ്പെട്ട് വീണ്ടും വഴക്ക്കൂടിയതാണ് കൊലയിലേക്ക് നയിച്ചത്. അക്ഷയ് മാസങ്ങളായി അമ്മയുമാി മിണ്ടിയിരുന്നില്ല. അച്ഛൻ അയച്ച് കൊടുക്കുന്ന പണം ഉപയോഗിച്ച് പുറത്ത് നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മുൻപ് പണത്തിന്റെ പേര് പറഞ്ഞ് വഴക്ക് കൂടിയപ്പോൾ അക്ഷയ് അമ്മയെ പിടിച്ച് തള്ളിയെന്നാണ് സൂചന. മകൻ തന്നെ മർദ്ദിച്ചതിനെതുടർന്നാണ് ഇവർ മകനുമായി പിണങ്ങിയത്.

സംഭവ ദിവസം ട്യൂഷൻ ഫീസ് ആവശ്യപ്പെട്ടപ്പോൾ നിനക്ക് തോന്നിയപോലെ നടക്കാൻ തരാൻ പണമില്ലെന്ന് അമ്മ പറഞ്ഞതാണ് മകനെ പ്രകോപിച്ചതെന്നും. അതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് അക്ഷയ് നൽകിയ മൊഴി.