തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശങ്ങൾ വിവാദമായെങ്കിലും അദ്ദേഹം രാജിവെക്കാൻ ഒരുക്കമല്ലെന്ന നിലപാടിലാണ്. ഈ വിഷത്തിൽ സിപിഎം മൗനം തുടരുമ്പോഴും മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാരൻ മന്ത്രിയെ സംരക്ഷിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. പാർട്ടിക്കും മന്ത്രിക്കും കേടില്ലാതെ പ്രശ്‌ന പരിഹാരത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. അതേസമയം കോടതിയിൽ നിന്നും എതിർ പരാമർശം ഉണ്ടായാൽ മാത്രം രാജി മതിയെന്ന നിലപാടിലേക്കാണ് ചർച്ചകൾ നീങ്ങുന്നത്.

അതേസമയം ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹർജിയും എത്തിയിട്ടുണ്ട്. തിരുവല്ല ജെഎഫ്സിഎം കോടതിയിൽ കൊച്ചി സ്വദേശി അഡ്വ ബിജു നോയലാണ് ഹർജി നൽകിയത്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് മന്ത്രിക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സജി ചെറിയാനെതിരായ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഹർജി പരിഗണിക്കും.

സജി ചെറിയാന്റെ രാജിയിൽ അന്തിമ തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത്. രാജി വിഷയത്തിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. രാജിയിൽ മുഖയമന്ത്രി തീരുമാനമെടുക്കട്ടേയെന്ന നിലപാടിലാണ് നിലവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമുള്ളത്. ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ പറഞ്ഞത് നാക്കുപിഴയാണെന്ന വിശദീകരണത്തെ സിപിഐഎം സെക്രട്ടറിയേറ്റ് ഭാഗികമായെങ്കിലും അംഗീകരിച്ചെന്നാണ് വിവരം. സെക്രട്ടറിയേറ്റ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നേതാക്കൾ മാധ്യമങ്ങളോട് കൂടുതലായൊന്നും പ്രതികരിക്കാൻ തയാറായില്ല.

രൂക്ഷമായ വിമർശനമാണ് സജി ചെറിയാനെതിരെ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നു. വാക്കുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സജി ചെറിയാനോട് സിപിഐഎം നേതൃത്വം പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന വിധത്തിൽ പ്രതികരിക്കരുതെന്നും നേതൃത്വം മന്ത്രിയെ ശാസിച്ചു. ഭരണഘടനയെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമ്പോഴും താൻ രാജി വയ്ക്കില്ലെന്ന പ്രതികരണമാണ് മന്ത്രിയിൽ നിന്നുണ്ടായത്.

സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എകെജി സെന്ററിൽ നിന്ന് പുറക്കേക്കിറങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും കൂടുതലൊന്നും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തിന് രാജി വയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

ഇപ്പോഴത്തെ വിവാദങ്ങളിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയാണ് ഉള്ളത്. ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാവുന്ന സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യത്തിൽ നാളെ തീരുമാനമെടുക്കും. അതേസമയം, മന്ത്രിയുടെ പരാമർശത്തിൽ സിപിഎം കേന്ദ്രനേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തോട് വിവരം തേടിയെന്നും ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ നടന്ന പൊതുപരിപാടിയിൽ രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നായിരുന്നു മന്ത്രി പറഞ്ഞത്. വിവാദ പ്രസംഗത്തിന് പിന്നാലെ സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിരുന്നു. ഈ വിഷയത്തിൽ ഗവർണർക്ക് കോൺഗ്രസ്, ബിജെപി നേതാക്കൾ പരാതി നൽകുകയും, മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുകയും ചെയ്തിരുന്നു.