മുംബൈ: ഇന്ത്യൻ ടെലിവിഷനുകളിലെ കാർട്ടൂൺ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയങ്കരൻ ആരെന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഛോട്ടാ ഭീം എന്നു തന്നെയാകും. കുട്ടിക്കരുത്തിന്റെ പ്രതീകമായാണ് ഛോട്ടാ ഭീമിനെ സൃഷ്ടാക്കൾ അവതരിപ്പിച്ചത്. എന്നാൽ, ഇപ്പോൾ ഛോട്ടാം ഭീം നിരോധിക്കപ്പെടുമോ എന്ന സംശയമാണ് ശക്തമായിരിക്കുന്നത്. ഗ്രീൻ ഗോൾഡ് അനിമേഷനാണ് തയ്യാറാക്കി വർഷങ്ങളായി കുട്ടികളുടെ പ്രിയങ്കരനായ കാർട്ടൂൺ കഥാപാത്രമായി മാറിയ ഛോട്ടാ ഭീമിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരിക്കയാണ്. പോഗോ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കാർട്ടൂൺ നിരോധിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഓൺലൈൻ പെറ്റിഷൻ ആരംഭിച്ചിരിക്കയാണ്.

ഛോട്ട ഭീം കണ്ട് കുട്ടികളിൽ അക്രമവാസന വളരുന്നു എന്നാണ് പ്രധാന ആരോപണം. ഛോട്ടാ ഭീം നിരോധിക്കണമെന്ന ആശ്യപ്പെട്ട് സുസ്‌നാഥ സീൽ എന്നയാളുടെ നേതൃത്വത്തിൽ ഓൺലൈൻ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. കുട്ടികളിൽ അക്രമവാസന വളർത്തുന്നതാണ് കാർട്ടൂൺ ഷോയുടെ ഉള്ളടക്കം. ഷോ കുട്ടികളിൽ ശത്രുതാ മനോഭാവം വളർത്തുന്നു. ഈ തലമുറയിലെ കുട്ടികളുടെ ബുദ്ധിവളർച്ച കുറയുന്നതിന് ഷോ കാരണമാകുന്നുണ്ട്. കുട്ടികളെ ആക്രമണോത്സുകരായി പെരുമാറാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു തുടങ്ങിയവ കാര്യങ്ങളാണ് ഒൺലൈൻ പെറ്റീഷനിൽ പറയുന്നത്.

കുട്ടികളുടെ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ് കാർട്ടൂണിന്റെ പശ്ചാത്തലമെന്നും ബുദ്ധിവളർച്ചക്ക് സഹായകമായ ഒന്നും ഷോ നൽകുന്നില്ലെന്നും ഓൺലൈൻ പെറ്റീഷനിൽ പറയുന്നു. ഛോട്ടാ ഭീമിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ പരാതിയിൽ ഇതുവരെ 700 ഓളം പേർ ഒപ്പുവച്ചിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രം കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നവും കുറവല്ല.

2000 വർഷങ്ങൾക്ക് മുമ്പുള്ള ഗ്രാമീണഭാരതത്തിലെ ധോലക്പൂർ എന്ന പട്ടണത്തിലാണ് ഛോട്ടാ ഭീം കാർട്ടൂണിന്റെ കഥ നടക്കുന്നത്. 9 വയസ്സുള്ള ഭീം എന്ന കഥാപാത്രത്തെ ചുറ്റിയാണ് കഥ. ഭീം ധൈര്യശാലിയും ശക്തനും ബുദ്ധിമാനുമായ ഒരു കുട്ടിയാണ്. 11 വയസ്സുള്ള കാലിയ പഹെൽവാനാണ് ഭീമിന്റെ എതിരാളി. ഭീമിന്റെയും കൂട്ടുകാരുടെയും കഥ ഇന്ത്യയിലെ കുട്ടികളുടെ ഇഷ്ട കാർട്ടൂണാണ്.