- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് വർഷമായി മേലുദ്യോഗസ്ഥർ വിടാതെ പിന്തുടർന്ന് പ്രതികാരനടപടികൾ കൈകൊള്ളുന്നു; തന്റെ പരാതികൾക്കൊന്നും നടപടിയില്ല; അവർക്ക് സ്വാധീനമുള്ള പഞ്ചായത്തുകളിലേയ്ക്ക് സ്ഥലംമാറ്റി ആജ്ഞാനുവർത്തികളെ കൊണ്ട് പീഡിപ്പിക്കുന്നു; പഞ്ചായത്ത് വകുപ്പ് ജീവനക്കാരന്റെ കരളലിയിക്കുന്ന പരാതി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സർക്കാർ ജോലി കിട്ടിയാൽ പിന്നെ സുഖമാണ് എന്നാണ് നമ്മളെല്ലാവരുടെയും വിചാരം. 'ഒരു സർക്കാർ ജോലി കിട്ടിയിട്ട് വേണം ഒരാഴ്‌ച്ച ലീവെടുക്കാൻ' എന്നൊരു പ്രയോഗം പോലും നമ്മൾ മലയാളികൾക്കിടയിലുണ്ട്. എന്നാൽ എല്ലാ ഉദ്യോഗസ്ഥരുടെയും, എല്ലാ വകുപ്പുകളുടെയും അവസ്ഥ അങ്ങനെയല്ല. ജോലിഭാരവും ഉന്നതഉദ്യോഗസ്ഥരുടെ പീഡനവും മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും കുറവല്ല. പഞ്ചായത്ത് വകുപ്പിലെ ഒരു ജീവനക്കാരി ഇത്തരത്തിൽ ആത്മഹത്യ ചെയ്തത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. കാരണം ജോലി ഭാരവും, ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സമ്മർദ്ദങ്ങൾ മൂലമുള്ള ടെൻഷനുമൊക്കെ ഏറെയുള്ള വകുപ്പാണ് പഞ്ചായത്ത് വകുപ്പ്. ആ വകുപ്പിലെ ഒരു ജീവനക്കാരന്റെ സങ്കടങ്ങളാണ് മനുഷ്യാവകാശ കമ്മീഷനിൽ നിന്നും കേൾക്കുന്നത്.
2015 ൽ ജോലിക്ക് പ്രവേശിച്ച പഞ്ചായത്ത് വകുപ്പ് ജീവനക്കാരനെ അന്നുണ്ടായ ചില തർക്കങ്ങളുടെപേരിൽ വകുപ്പിലെ ചില ഉന്നതർ ഇന്നും വിടാതെ പിന്തുടർന്ന് പ്രതികാരനടപടികൾ കൈകൊള്ളുന്നതായി പരാതി. പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറും കെഎഎസ് പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ പഞ്ചായത്ത് സെക്രട്ടറിയും അടക്കമുള്ളവർക്കെതിരെ കുറിച്ചി പഞ്ചായത്തിലെ ക്ലർക്കായ അനീഷ് മുരളീധരനാണ് കഴിഞ്ഞ ജനുവരിയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. എന്നാൽ ഒരു വർഷത്തോളമായി മനുഷ്യാവകാശ കമ്മീഷനിലെ നടപടികൾ നീണ്ടു പോകുകയാണ്. ആ കേസ് തീരുമാനമാകുന്നതിന് മുമ്പ് അനീഷിനെ സർവീസിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
അനീഷ് മുരളീധരൻ ജോലിയിൽ പ്രവേശിച്ച പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയായിരുന്ന ഷാജി തോമസ്, ഹെഡ് അക്കൗണ്ടന്റായ മധു, സീനിയർ ക്ലർക്കുമാരായ സിനോജ്, സുനിൽകുമാർ എന്നിവർ ചേർന്ന് മുൻവൈരാഗ്യത്തിന്റെ പേരിൽ വ്യാജ റിപ്പോർട്ട് ചമച്ച് അന്നത്തെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ജോസ്‌ന മോൾക്ക് സമർപ്പിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 16 ന് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തെന്നും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് 2016 ഏപ്രിൽ 22 ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലേയ്ക്ക് റീ ഇൻസ്റ്റേറ്റ് ചെയ്യപ്പെട്ടു. എന്നാൽ അതിന് ശേഷം പഞ്ചായത്ത് വകുപ്പിലുള്ള ആളെ നിയമവിരുദ്ധമായി ഈരാറ്റുപേട്ട മുൻസിപാലിറ്റിയിലേയ്ക്ക് സ്ഥലം മാറ്റിയെന്നും പരാതിയിൽ പറയുന്നു.
ഈരാറ്റുപേട്ട മുൻസിപാലിറ്റിയിൽ വച്ച് 2017 ഒക്ടോബറിൽ അനീഷിന്റെ സർവീസ് ബുക്ക് മോഷണം പോയിരുന്നു. സർവീസ് ബുക്ക് വീണ്ടെടുക്കുന്നതിന് ധാരാളം അപേക്ഷകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കോട്ടയത്തിനും പഞ്ചായത്ത് ഡയറക്ടർക്കും സമർപ്പിച്ചിരുന്നെന്നും എന്നാൽ യാതൊരു നടപടികളും ഉണ്ടായിരുന്നില്ലെന്നും അനീഷ് പരാതിപ്പെടുന്നു. എന്നാൽ അതിനെ തുടർന്ന് ലോകായുക്തയെ സമീപിച്ച് സർവീസ് ബുക്ക് നേടിയെടുത്തതിൽ നിലവിൽ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറായ ജോസ്‌ന മോൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും അനീഷ് പറയുന്നു.
തുടർന്ന് തലനാട് പഞ്ചായത്തിലേയ്ക്ക് ട്രാൻസ്ഫറായി എത്തിയ അന്ന് തന്നെ അവിടത്തെ സെക്രട്ടറിയായിരുന്ന രാരാരാജ് ക്യാബിനിൽ വിളിച്ചുവരുത്തി ലോകായുക്തയിലെ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അനീഷ് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അതിന് വിസമ്മതിച്ച തന്നെ അവിടത്തെ ദുർഘടമായ വാർഡുകളിലെ കരംപിരിവ് ചുമതല ഏൽപ്പിച്ചെന്നും ഓഫീസിലെ ബൈക്ക് എടുക്കരുതെന്ന് നിർദ്ദേശിച്ചെന്നും അദ്ദേഹം പറയുന്നു. ഞാൻ മൂന്ന് വയസ് മുതൽ ആസ്ത്മ രോഗബാധിതനാണെന്ന വിവരം സെക്രട്ടറിയെ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. സർവീസ് ബുക്ക് നഷ്ടപ്പെട്ടതിന്റെ കേസിലെ എതിർകക്ഷികളായിരുന്ന സീനിയർ ക്ലർക്ക് സിറാജുമായും ജോസ്‌നമോളുമായും രാരാരാജ് വളരെ അടുത്ത പരിചയമുണ്ടായിരുന്നെന്നും അനീഷ് ആരോപിക്കുന്നു.
തന്നെ ഒരിക്കൽ റൂമിൽ വിളിച്ച് ലോകായുക്തയിലെ കേസ് പിൻവലിച്ചാൽ സർവീസ് ബുക്ക് താൻ എടുപ്പിച്ച് തരാമെന്ന് പറഞ്ഞ് രാരാരാജ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അപ്പോഴാണ് തലനാട്ടിലേയ്ക്കുള്ള തന്റെ സ്ഥലംമാറ്റം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസിലായതെന്നും അദ്ദേഹം പറയുന്നു. മറ്റൊരു അവസരത്തിൽ രാരാരാജ് ക്യാബിനുള്ളിൽ വച്ച് തന്നെ മർദ്ദിക്കുകയും അതിന് ശേഷം തന്നെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും സംഭവം വിവാദമാകുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെ സെക്രട്ടറി ഇടപെട്ട് ആറ് മാസത്തോളം നിർബന്ധിതഅവധിയിൽ വിട്ടു. അതിന് കാരണക്കാരായ സെക്രട്ടറിയിൽ നിന്നും പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും നഷ്ടപരിഹാരം ഇൗടാക്കണമെന്നും അനീഷ് പരാതിയിൽ ആവശ്യപ്പെടുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ ഈ പ്രവർത്തികൾക്ക് പിന്നിൽ നിലവിൽ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറായ ജോസ്‌ന മോളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന സംശയവും അനീഷ് ഉയർത്തുന്നു. ഈ കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്നും നിർബന്ധിത ലീവിൽ കഴിഞ്ഞ നാളുകൾ ഡ്യൂട്ടിയായി പരിവർത്തനം ചെയ്യാൻ സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പിൻവലിച്ച സസ്‌പെൻഷൻ ഇതുവരെയും റെഗുലറൈസ് ചെയ്ത് നൽകാതെ അധികൃതർ പീഡിപ്പിക്കുകയാണ്. അനധികൃതമായ സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ച് ഉപജീവനബത്തയുടെ ബാക്കിതുക കൂടി അനുവദിക്കാൻ നിർദ്ദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അവിടെ നിന്നും സ്ഥലം മാറ്റിയ കുറിച്ചി ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളിലെ എട്ട് വാർഡുകളിലെ കെട്ടിടനികുതി പിരിവ്, 20 വാർഡുകളിലേയും അന്വേഷണവും തുടർനടപടികളും, ജനന മരണ രജിസ്‌ട്രേഷനും സർട്ടിഫിക്കറ്റ് വിതരണവും എ6 സെക്ഷൻ ക്ലർക്കിനെ ഏൽപ്പിച്ചിരിക്കുന്ന ഡി ആൻഡി ഒ ലൈസൻസുമായി ബന്ധപ്പെട്ട അന്വേഷണവും റിപ്പോർട്ട് സമർപ്പിക്കലും, ബിൽഡിങ് നമ്പറിങ് സംബന്ധമായ അന്വേഷണം, അതുമായി ബന്ധപ്പെട്ട ഫോം6 ഡാറ്റാ എൻട്രി, റെസിഡൻഷ്യൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണം, തുടർ നടപടികൾ, ആഴ്‌ച്ചയിൽ കുറഞ്ഞത് രണ്ട് ദിവസത്തെ ഫ്രണ്ട് ഓഫീസ് ഡ്യൂട്ടി എന്നിങ്ങനെ ഒരു ജീവനക്കാരന് ഒരിക്കലും എടുത്താൽ പൊങ്ങാത്ത അമിത ജോലിഭാരം നൽകി പിഢിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. ഈ ജോലിഭാരം ലഘൂകരിച്ചുതരണമെന്ന് പലവട്ടം പഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലവും നേരിട്ടും അപേക്ഷിച്ചിട്ടും ചെവികൊണ്ടില്ലെന്ന് പരാതിയിൽ പറയുന്നു. കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും കത്ത് നൽകിയിട്ടും ഒരു തീരുമാനവും ആയിട്ടില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയുമായി തർക്കമുണ്ടാവുകയും ഇതിന്റെ പേരിൽ കുറിച്ചി പഞ്ചായത്തിലെ മുൻ ഡ്രൈവറും നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനീഷ് തോമസ് തന്നെ തെറി വിളിക്കുകയും കരണത്തടിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ഓഫീസ് മേലധികാരി എന്ന നിലയിൽ സെക്രട്ടറി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയോ ജില്ലാ മേലധികാരിയെ രേഖാമൂലം വിവരം അറിയിക്കുകയോ ചെയ്തിട്ടില്ല. ഇതിൽ നിന്നും അനീഷ് തോമസിന്റെ ആക്രമണം സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണോ എന്ന സംശയവും പരാതിക്കാരൻ പങ്കുവയ്ക്കുന്നു. ഡിസംബറിൽ ലാപ്‌സായി പോകുന്ന ക്യാഷ്വൽ ലീവ് എടുത്തതിന് ശേഷം തിരിച്ചെത്തിയ പരാതിക്കാരനെ ചട്ടവിരുദ്ധമായി അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടാൻ സെക്രട്ടറി അനുവദിച്ചില്ല എന്നും പരാതിയുണ്ട്. തുടർന്ന് ഈ ദിവസങ്ങളിലെ അറ്റൻഡൻസ് പരിവർത്തനഅവധിയായി ഉത്തരവിറക്കിയതും സെക്രട്ടറിയുടെ വ്യക്തിവൈരാഗ്യം മൂലമാണ്. ലീവിൽ തുടർന്ന കാലയളവിൽ സെക്രട്ടറി പരാതിക്കാരൻ ഉപയോഗിച്ചിരുന്ന മേശയും അലമാരയും പൂട്ടി താക്കോൽ മാറ്റിവച്ചെന്നും അതിന്റെ ഫലമായി പല ഫയലുകളും തീർപ്പാക്കാൻ കഴിയാതെ വന്നതായും പരാതിയിൽ പറയുന്നു. ഒരിക്കൽ ഫോൺ സംഭാഷണത്തിനിടെ ഡയറക്ടറേറ്റിൽ ഇരുന്നപ്പോൾ എന്റെ സർവീസ് ബുക്കുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ കൈകാര്യം ചെയ്തത് അദ്ദേഹമാണെന്ന് പറയുകയുണ്ടായി. അന്ന് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ജോസ്‌ന മോൾ ആയിരുന്നു. കുറിച്ചി പഞ്ചായത്തിലെ സംഭവങ്ങൾക്ക് പിന്നിലും ജോസ്‌ന മോളായിരിക്കാമെന്നും അനീഷ് അനുമാനിക്കുന്നു. ഇക്കാര്യത്തിലും പരിശോധന വേണമെന്ന് അദ്ദേഹം പറയുന്നു.
അമിത ജോലിഭാരം മൂലം ചുമതലകൾ കൃത്യമായി നിർവഹിക്കാൻ കഴിയാതെ വരുകയും പരാതിയുമായി വരുന്നവരെയെല്ലാം സെക്രട്ടറി തന്റെ സെക്ഷനിലേയ്ക്ക് അയച്ച് മനഃപൂർവം അധിക്ഷേപിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. നാട്ടുകാരുടെ അധിക്ഷേപങ്ങളും കയ്യേറ്റങ്ങളും മാനസികസംഘർഷവും വർദ്ധിച്ചപ്പോൾ വേതനരഹിത അവധിയെടുക്കേണ്ടി വന്നതായി പരാതിയിൽ പറയുന്നു. അതിന് കാരണം കുറിച്ചി പഞ്ചായത്ത് സെക്രട്ടറിയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കോട്ടയത്തിന് പരാതി നൽകിയിട്ട് ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും പരാതിയിലുണ്ട്. തന്റെ സർവീസ് ബുക്ക് നഷ്ടപ്പെട്ട കാലയളവിൽ അതിന്റെ ചുമതല ഉണ്ടായിരുന്ന സീനിയർ ക്ലർക്ക് സിറാജ് മുൻവൈരാഗ്യം മൂലം സർവീസ് ബുക്കിൽ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. അതുമൂലം ഏൺഡ് ലീവ് സറണ്ടർ എടുക്കാനും സാധിച്ചിട്ടില്ല. അനീഷ് പരാതിയിൽ പറയുന്നു.
തലനാട്, കുറിച്ചി എന്നീ സ്ഥലങ്ങളിൽ താൻ നേരിടേണ്ടിവന്ന പീഡനാനുഭവങ്ങൾക്ക് പരസ്പരം ബന്ധമുണ്ടെന്നും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ജോസ്‌ന മോൾ അവരുടെ സ്വാധീനമുപയോഗിച്ച് ആ വ്യക്തിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളിലേയ്ക്ക് സ്ഥലംമാറ്റി ഉപദ്രവിക്കുകയായിരുന്നുവെന്നുമാണ് അനീഷ് മുരളീധരൻ മനുഷ്യാവകാശ കമ്മീഷന് നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്. നിലവിൽ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറായിരിക്കുന്ന ജോസ്‌ന മോൾക്കെതിരെയും അനീഷിന്റെ മേലധികാരിമാരായിരുന്ന പുതുപ്പള്ളി, തലനാട്, കുറിച്ചി പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെയുമാണ് പരാതി. ഈ പരാതിയിലെ പരാമർശങ്ങൾ ശരിയാണെങ്കിൽ ചില ഉന്നതാധികാരികൾക്ക് വഴങ്ങാത്ത കീഴ് ഉദ്യോഗസ്ഥർ സർക്കാർ ഓഫീസിൽ അനുഭവിക്കുന്ന താരതമ്യമില്ലാത്ത പീഡനങ്ങളിലേയ്ക്കാണ് അത് വിരൽ ചൂണ്ടുന്നത്.
അതേസമയം ഈ പരാതികളൊക്കെ അടിസ്ഥാനരഹിതമാണെന്ന് ജോസ്‌ന മോൾ പ്രതികരിച്ചു. അനീഷ് ജോലി ചെയ്തിരുന്ന പഞ്ചായത്തുകളിൽ നിന്നും അദ്ദേഹത്തിനെതിരെ നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ജോലിയിൽ പ്രവേശിച്ചിട്ട് കുറച്ചുകാലം മാത്രമേ ആയിട്ടുള്ളു എന്ന പരിഗണനവച്ച് അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊണ്ടുപോകാൻ മാത്രമേ താൻ ശ്രമിച്ചിട്ടുള്ളു എന്നാണ് ജോസ്‌ന മോൾ മറുനാടനോട് പ്രതികരിച്ചത്. അനീഷിനോട് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായത് തൊഴിൽപരമായ നിസാര കശപിശ മാത്രമായിരുന്നെന്നും ഇപ്പോൾ താനത് ഓർക്കുന്നുപോലും ഇല്ലെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി രാരാ രാജ് പറഞ്ഞത്. അതിന്റെ വൈരാഗ്യം മൂലം പിന്തുടർന്ന് ഉപദ്രവിക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ