ന്യൂഡൽഹി: കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ മിക്ക സംസ്ഥാനങ്ങളും വാറ്റ് കൂടി കുറച്ചതോടെ പെട്രോൾ വില 100രൂപയോ അതിന് താഴെയോ എത്തിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വാറ്റ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിജെപിയുടെ കൈകളിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയിൽ താഴെയായി. കോൺഗ്രസ് സർക്കാരുകളും ഉടൻ വിലകുറയ്ക്കും. ഇതിനിടെ വില വർദ്ധനവിൽ പ്രതിഷേധവുമായി എത്തുകയാണ് സിപിഎം. കേരളത്തിൽ നികുതി കുറയ്ക്കാതെയാണ് ഈ പ്രതിഷേധമെന്നതാണ് വസ്തുത.

കേരളത്തിൽ ഒരു ലീറ്റർ പെട്രോളിന് ലാൻഡിങ് വിലയ്ക്കു മേൽ 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതിയായി സംസ്ഥാനം ഈടാക്കുന്നത്. ഇതിനു പുറമേ പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ നിരക്കിൽ കിഫ്ബിയിലേക്ക് സെസും പിരിക്കുന്നുണ്ട്. ഉദാഹരണത്തിന് 10 ലീറ്റർ ഇന്ധനം നിറയ്ക്കുന്ന വാഹന ഉടമ 10 രൂപ കിഫ്ബിയിലേക്കു നൽകുന്നു. പ്രതിദിനം പെട്രോളും ഡീസലും ചേർന്ന് ആകെ ഒന്നേകാൽ കോടി ലീറ്ററോളം ഇന്ധനം സംസ്ഥാനത്തു വിറ്റഴിക്കുന്നുണ്ട്. അതിനാൽ ഒന്നേകാൽ കോടിയോളം രൂപ കിഫ്ബിയിലേക്ക് എത്തും. ഇതിന് പുറമേ മറ്റൊരു സെസും. ഈ സെസുകൾ എടുത്തു മാറ്റിയാൽ പോലും രണ്ടു രൂപയോളം കുറയും.

ഇന്ധനത്തിനു വില കൂടിയാലും കുറഞ്ഞാലും സെസ് തുക മാറ്റമില്ല. കിഫ്ബിക്കു കീഴിലെ നിർമ്മാണ പ്രവൃത്തികൾക്കും വായ്പകൾ തിരിച്ചടയ്ക്കാനുമാണ് ഈ തുക ചെലവിടുന്നത്. സെസിനു പുറമേ മോട്ടർ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിക്കു കൈമാറുന്നുണ്ട്. ജൂൺ 31 വരെ ഈ ഇനത്തിൽ 5,862 കോടി രൂപയാണ് കിഫ്ബിക്കു നൽകിയത്. അങ്ങനെ കിഫ്ബിക്ക് വേണ്ടിയും കേരളം ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് ഉയർന്ന വില.

കിഫ്ബിക്കു വേണ്ടി കഴിഞ്ഞ ജൂൺ വരെ സർക്കാർ ഇന്ധന നികുതിക്ക് ഒപ്പം പിരിച്ചത് 2,673 കോടി രൂപയാണ്. കേന്ദ്രം പിരിക്കുന്ന സെസിന്റെ അടുത്തു പോലും ഇതു വരില്ലെങ്കിലും നാട്ടിൽ വികസനം നടപ്പാക്കാൻ ഇന്ധനത്തിനൊപ്പം സെസ് പിരിക്കുക എന്ന നയമാണ് സംസ്ഥാന സർക്കാരിനും ഉള്ളത്. എന്നിട്ടും സിപിഎം പെട്രോൾ വിലയയിൽ സമരത്തിനും ഇറങ്ങുന്നു. അതിനിടെ കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ മിക്ക സംസ്ഥാനങ്ങളും വാറ്റ് കൂടി കുറച്ചതോടെ പെട്രോൾ വില 100രൂപയോ അതിന് താഴെയോ എത്തിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വാറ്റ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിജെപിയുടെ കൈകളിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയിൽ താഴെയായി.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, അസം, ചണ്ഡീഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, ത്രിപുര, പുതുച്ചേരി എന്നിവയാണ് 100 രൂപയിൽ താഴെ പെട്രോൾ വിൽക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ. ദീപാവലിക്ക് ഒരു ദിവസം മുമ്പാണ് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വിലയിൽ ഇളവ് പ്രഖ്യാപിച്ചത്. ഈ നീക്കത്തോടെ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി 5 രൂപയും 10 രൂപയും കുറച്ചു. കേന്ദ്രത്തിന്റെ നീക്കത്തെത്തുടർന്ന്, 16 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും വാറ്റ് ആനുപാതികമായി വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു,

12 സംസ്ഥാനങ്ങളും 1 കേന്ദ്ര ഭരണ പ്രദേശവുമാണ് വാറ്റ് കുറക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മേഘാലയ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, പഞ്ചാബ്, രാജസ്ഥാൻ, ആൻഡമാൻ നിക്കോബാർ എന്നിവയാണ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതിയിൽ കുറവൊന്നും വരുത്താത്ത സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ.