കൊച്ചി: ഇന്ധന വില നിയന്ത്രിക്കുന്നത് പെട്രോളിയം കമ്പനികളല്ലെന്ന വാദം ശക്തമാകുന്നു. ബിഹാർ തിരഞ്ഞെടുപ്പിന്റെ 25 ദിവസം ഇന്ധനവില വർധിക്കാഞ്ഞതു ഇതിന് തെളിവാണ്. അന്നും അന്താരാഷ്ട്ര വിപണയിൽ വില മാറി മറിഞ്ഞിരുന്നു. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിനു വില കൂടിനിൽക്കുന്ന സമയത്തായിരുന്നു ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിൽ നിന്ന് തന്നെ കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയാലേ എണ്ണ കമ്പനികൾ വില കൂട്ടുകയുള്ളൂവെന്ന് വ്യക്തം.

ഐഒസി, ബിപിസിഎൽ, എച്ച്പിസി എന്നീ എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നതെന്നു സർക്കാർ പറയുന്നു. പെട്രോളിയംപ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലെ പ്രത്യേക സെല്ലിന്റെ മേൽനോട്ടവും വില നിർണയത്തിലുണ്ട്. അടിസ്ഥാന വില, എക്‌സ്‌ചേഞ്ച് റേറ്റ്, കേന്ദ്ര എക്‌സൈസ് നികുതി, സംസ്ഥാന വാറ്റ്, ഡീലർ കമ്മിഷൻ എന്നിവയെല്ലാം ചേർത്താണ് ഇന്ധനത്തിന്റെ വില നിശ്ചയിക്കുന്നതെന്നും സർക്കാർ പറയുന്നു. എന്നാൽ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് വില കൂടില്ല.

പെട്രോളിന് 100 രൂപ വില വന്ന ദിവസം കേരളത്തിനു ലഭിച്ച നികുതി 23.60 രൂപയാണ്. 110 വന്നപ്പോൾ അത് 25.50 രൂപയായി. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സംസ്ഥാന സർക്കാരിനു ലഭിച്ച അധിക വരുമാനം മാത്രം 220 കോടി രൂപ. 2019ൽ കോർപറേറ്റുകൾക്കു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് 14,50,000 കോടി രൂപയാണ്. അങ്ങനെ സംസ്ഥാനവും കേന്ദ്രവും പെട്രോളിൽ കൊള്ള നടത്തുന്നു.

ക്രൂഡ് ഓയിൽ സംസ്‌കരിക്കുമ്പോൾ 18 ഉപോൽപ്പന്നങ്ങൾ കിട്ടും. ഇതിന്റെ വില കൂടി കണക്കാക്കിയാണോ പെട്രോളിനും ഡീസലിനും ഗ്യാസിനും വില നിശ്ചയിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ധന വില ഇരട്ടിയിലേറെയായിട്ടും എണ്ണ കമ്പനികളുടെ ലാഭത്തിൽ വലിയ വ്യത്യാസമില്ലെന്നു മാത്രമല്ല, 2014ലേക്കാൾ കുറവാണ് ഈ വർഷം ലാഭം. സാമ്പത്തികമായി മോശക്കാരെന്നു നാം പറയുന്ന എല്ലാ അയൽ രാജ്യങ്ങളിലും ഇന്ത്യയിലേതിനേക്കാൾ എത്രയോ കുറഞ്ഞ നിരക്കിലാണു പെട്രോളും ഡീസലും വിൽക്കുന്നത്.

2014ൽ ഒരു ലീറ്റർ ഡീസലിന് കേന്ദ്ര നികുതി 3.56 ആയിരുന്നത് ഇപ്പോൾ 31.98 രൂപ ആയിരിക്കുന്നു. പെട്രോളിന്റേത് 9.48 രൂപയായിരുന്നത് ഇപ്പോൾ 39.50 ആയിരിക്കുന്നു. രാജ്യാന്തര വിപണിയിൽ 148 ഡോളർ വരെ ക്രൂഡ് ഓയിലിനു വില ഉയർന്നപ്പോഴും ഡീസൽ ലീറ്ററിന് 60 രൂപയും പെട്രോളിന് 80 രൂപയുമേ വില എത്തിയുള്ളു. ഇന്ധനവിലയെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തുപറയാൻ സർക്കാരിനു താൽപര്യമില്ല. എല്ലാം രഹസ്യമാക്കി വയ്ക്കുകയാണ് സർക്കാർ.

സംസ്ഥാനങ്ങൾ എതിർക്കുന്നതിനാൽ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിൽ ആക്കുന്നില്ലെന്നു കേന്ദ്ര സർക്കാർ ന്യായം പറയുന്നു. ബിജെപി രാഷ്ട്രീയ തീരുമാനമെടുത്താൻ എളുപ്പം നടപ്പാക്കാവുന്ന കാര്യമേയുള്ളൂ. ജിഎസ്ടി കൗൺസിലിൽ വോട്ടെടുപ്പിലൂടെയാണു തീരുമാനം. സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വരുമാനം കുറയുമെന്നതിനാൽ ബിജെപി മുഖ്യമന്ത്രിമാരും ഇതിന് എതിരാണെന്നതാണ് വസ്തുത. യുപി അടക്കം ഇതിനെ എതിർക്കുന്നു.

ക്രൂഡ് ഓയിൽ വില കൂടുമ്പോൾ രാജ്യത്ത് വിൽക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും മേൽ മാത്രമല്ല വില കണക്കാക്കേണ്ടത്. ക്രൂഡ് ഓയിൽ സംസ്‌കരിക്കുമ്പോൾ ഏതാണ്ട് 18 ഉപോൽപന്നങ്ങൾ ലഭിക്കുന്നുണ്ട്. അതിന്റെ കൂടി വില കണക്കാക്കിയേ പെട്രോളിനും ഡീസലിനും ഗ്യാസിനും വില നിശ്ചയിക്കാൻ പാടുള്ളൂ. അങ്ങനെയാണോ സംഭവിക്കുന്നതെന്ന് കേന്ദ്രം വെളിപ്പെടുത്തുന്നുമില്ല.