- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ദിവസം കൊണ്ട് പെട്രോളിന് കൂട്ടാൻ ഉദ്ദേശിക്കുന്നത് 25 രൂപ; പതിവ് പോലെ ഇന്നും വില വർദ്ധന; നേട്ടമുണ്ടാകുന്നത് നികുതിയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും; പണപ്പെരുപ്പം റിക്കോർഡ് ഉയർച്ചയിലേക്ക്; വിലക്കയറ്റവും നടുവൊടിക്കും; റഷ്യയിൽ നിന്ന് ഇന്ധനം എത്തുമോ?
കൊച്ചി: രാജ്യത്ത് ഇന്ധനവില ഞായറാഴ്ചയും വർധിച്ചു. ഡീസൽ ലീറ്ററിന് 58 പൈസയും പെട്രോളിന് 55 പൈസയും കൂടി. 4 ദിവസത്തിനുള്ളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില 4 രൂപയ്ക്കു മുകളിേലക്കാണ് ഉയർത്തുന്നത്. ഒരിടവേളയ്ക്കുശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധന വില വീണ്ടും വർധിപ്പിച്ചു തുടങ്ങിയത്. 30 ദിവസം കൊണ്ട് 25 രൂപ കൂട്ടാനാണ് കേന്ദ്ര സർക്കാർ നീക്കം. ഇതിൽ കേന്ദ്ര-സംസ്ഥാന നികുതിയും ഉൾപ്പെടും. നികുതി പോലും കുറയ്ക്കാതെ വീണ്ടും ഭാരമെല്ലാം പാവം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ.
137 ദിവസത്തോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടർന്നതിനെ തുടർന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ഭാരത് പെട്രോളിയം കോർപ്പറേഷൻ, എച്ച്.പി.സി.എൽ. തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്കുമേലാണെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ധനവിലയിലെ ദിനംപ്രതിയുള്ള കയറ്റം അപര്യാപ്തമാണെന്നാണു വിലയിരുത്തൽ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിലയൻസ് അടക്കമുള്ള സ്വകാര്യ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനം എത്തുന്നില്ലെന്നു പമ്പുടമകൾ വ്യക്തമാക്കുന്നു.
റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വർധിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. യുദ്ധത്തെ തുടർന്ന് 130 ഡോളർ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നെങ്കിലും നിലവിൽ 120 ഡോളറിനു അരികെയാണ്. ഉപരോധനങ്ങളെ തുടർന്ന് റഷ്യൻ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നൽകുന്നത്. യൂറോപ്പ് മേഖലയുടെ എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിലധികം നിറവേറ്റിയിരുന്ന റഷ്യ കുറഞ്ഞ നിരക്കിൽ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയുന്നുണ്ട്. ഇതെത്തിയാൽ വില കുറയുമെന്നാണ് പ്രതീക്ഷ.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉന്നതങ്ങളിൽ തുടരുകയാണ്. ബാരലിന് 120.65 ഡോളറിലാണ് വ്യപാരം നടക്കുന്നത്. ഒപെക് രാജ്യങ്ങൾ ഉടനടി ഉൽപ്പാദനം വർധിപ്പിക്കുമെന്നു വ്യക്തമാക്കിയെങ്കിലും ഇന്ധനവില കുതിപ്പു തുടരുകയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യവും പരുങ്ങലിലാണ്. ഇതും വില കൂടാൻ കാരണമാണ്.
2017ൽ ഇന്ധനവില ദിവസേന വർധിപ്പിക്കാൻ ആരംഭിച്ചതിൽപ്പിന്നെ ഏറ്റക്കുറച്ചിലുകളില്ലാതെ ഏറ്റവുമധികം ദിവസം വില ഒരേനിരക്കിൽ തുടർന്നത് ഈ കാലയളവിലാണ്. 2021 നവംബർ മാസം ദീപാവലിയുടെ തലേ ദിവസം കേന്ദ്രം എക്സൈസ് നികുതി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതോടെ പെട്രോളിനും ഡീസലിനും രാജ്യത്ത് വില കുറഞ്ഞു. ഇതേത്തുടർന്ന് പല സംസ്ഥാനങ്ങളും തങ്ങളുടെ നിലയിൽ നികുതി കുറയ്ക്കുക കൂടി ചെയ്ത്, ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്നു. എന്നാൽ കേരളം കുറച്ചില്ല. തെന്നിന്ത്യൻ സംസ്ഥാനങ്ങൾ എടുത്താൽ, കേരളത്തിലാണ് പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതും.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ഇന്ധനവില വർധനവിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ലോക് സഭയിൽ വിശദീകരണം നൽകിയിരുന്നു. എന്നിരുന്നാലും ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഇന്ധനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. 'കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ലോകത്തിന്റെ ഒരു ഭാഗത്ത് അസ്വാസ്ഥ്യമുള്ള അവസ്ഥയും സൈനിക നടപടിയും' കാരണം 2021 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിനെ അപേക്ഷിച്ച് രാജ്യാന്തര വിപണിയിൽ എൽഎൻജിയുടെ വില 37 ശതമാനത്തിലധികം വർധിച്ചതായി ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അതേസമയം, ബങ്കിൽ ഞങ്ങളുടെ വർദ്ധനവ് അഞ്ച് ശതമാനം മാത്രമായിരുന്നു,' അദ്ദേഹം ചോദ്യോത്തര വേളയിൽ സഭയിൽ പറഞ്ഞു.
സൗദി സിപി (കരാർ വില) അടിസ്ഥാനമാക്കിയുള്ള എൽപിജി വിലയെ സംബന്ധിച്ചിടത്തോളം, 2020 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ ഇത് 285 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം 37 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ''അതിനാൽ, ഈ വസ്തുതകൾ അംഗങ്ങൾക്കും ഈ സഭയ്ക്കും മുന്നിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുവഴി ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യം എന്താണെന്ന് അവർക്ക് മനസ്സിലാക്കാം,'' അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണെങ്കിലും, ഉപഭോഗ ഘട്ടത്തിൽ ഉപഭോക്താവിന് താങ്ങാനാവുന്ന വിലയിൽ ഇന്ധനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് 'താങ്ങാവുന്ന വിലയിൽ' ഇന്ധനം ലഭ്യമാക്കുക എന്നത് ഗവൺമെന്റിന്റെ എല്ലായ്‌പ്പോഴും പരിശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ