ന്യൂഡൽഹി: നാലു മാസമായി മരവിപ്പിച്ചു നിർത്തിയ ഇന്ധന വില പുനർ നിർണയം അടുത്തയാഴ്ച പുനരാരംഭിക്കുമ്പോൾ പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപ വരെ കൂടിയേക്കാമെന്ന് റിപ്പോർട്ട്. എണ്ണ കമ്പനികൾക്കു നഷ്ടം ഒഴിവാക്കാൻ ഈ നിരക്കിൽ വർധന വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഇന്ത്യ ഇറക്കുമതിക്ക് ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന് ഇന്നലെ 117 ഡോളർ വരെ വിലയെത്തി. 2012 ശേഷമുള്ള ഉയർന്ന വിലയാണിത്. പെട്രോൾ, ഡീസൽ വില നിർണയം മരവിപ്പിച്ച നവംബറിൽ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില.

യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. ഇന്നലെ ബാരലിന് 120 ഡോളർ കടന്ന വില ഇന്നു 111ലേക്കു താഴ്ന്നിട്ടുണ്ട്. ഇപ്പോഴത്തെ നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്നതിലൂടെ എണ്ണ കമ്പനികൾക്ക് 12.10 രൂപയുടെ നഷ്ടം ഉണ്ടാവുന്നുണ്ടെന്നാന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കമ്പനികളുടെ ലാഭം കൂടി കണക്കിലെടുക്കുമ്പോൾ ഇത് 15.10 ആകാമെന്നും റിപ്പോർട്ട് പറയുന്നു.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധന വില പുനർ നിർണയം മരവിപ്പിച്ചത്. കേന്ദ്ര സർക്കാരിൽനിന്നുള്ള അനൗദ്യോഗിക നിർദേശത്തെ തുടർന്നാണ് എണ്ണ കമ്പനികളുടെ നടപടി. നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. ഇതിനു പിന്നാലെ വില പുനർ നിർണയം പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനികൾ.