ന്യൂഡൽഹി: സാധാരണക്കാരുടെ നടുവൊടിച്ചുകൊണ്ട് കുത്തനെ ഉയർന്ന പെട്രോൾ ഡീസൽ വില താഴോട്ട്. തുടർച്ചയായി ഒരു മാസമായി പെട്രോൾ ഡീസൽ വിലയിൽ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായതും ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയർന്നതുമാണ് രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ ഇടിവു നേരിടാൻ കാരണമായത്. വെള്ളിയാഴ്ച പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയും കുറഞ്ഞതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി. രണ്ടു ദിവസത്തിനിടെ ഡീസലിനു മാത്രം കുറഞ്ഞത് 2.50 രൂപയാണ്.

ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 77.28രൂപയാണ് വില. മുംബൈയിൽ 82.20 രൂപയും ചെന്നൈയിൽ 80.26ഉം ബെംഗളുരുവിൽ 77.90ഉം കൊൽക്കത്തയിൽ 79.21 രൂപയുമാണ് ഈടാക്കുന്നത്. സെപ്റ്റംബറിനു ശേഷം ഇത്രയും വിലകുറയുന്നത് ഇതാദ്യമായാണ്. ക്രൂഡ് ഓയിലിന്റെ വിലയിൽ കുത്തനെ ഉണ്ടായ ഇടിവ് ഇന്ത്യയിൽ ഇന്ധന വിലയിടിവിനും കാരണമായി. ഇറാനിൽ നിന്നുള്ള ഓയിൽ ഇറക്കുമതി നയത്തിൽ അമേരിക്ക മൃദുസമീപനം കൈക്കൊണ്ടതോടെ ക്രൂഡ് ഓയിൽ വില കുത്തനെ താഴുകയായിരുന്നു. താത്ക്കാലികമായി ഇറാനിൽ നിന്ന് ഓയിൽ ഇറക്കുമതി ചെയ്യാൻ എട്ടു രാജ്യങ്ങൾക്ക് യുഎസ് അനുമതി നൽകുകയുംചെയ്തു.

ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തുർക്കി, ഇറ്റലി, യുഎഇ, തായ്വാൻ എന്നീ രാജ്യങ്ങൾക്കാണ് ഇറാനിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്ധന വില കുത്തനെ ഉയർന്നു നിന്ന ഒക്ടോബർ നാലിന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ധനത്തിനു മേലുള്ള എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെയാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയാൻ തുടങ്ങിയത്. ഇന്ധന വില കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രമന്ത്രി നിർദ്ദേശം നൽകി. ഇതനുസരിച്ച് മിക്ക സംസ്ഥാനങ്ങളും ഇന്ധനങ്ങൾ മേൽ ചുമത്തിയിരുന്ന വാറ്റിൽ നേരിയ ഇളവു വരുത്തുകയും ചെയ്തു.

ചൊവ്വാഴ്ച ഒറ്റയടിക്കാണ് ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ വിലയിൽ ഏഴു ശതമാനം ഇടിവുണ്ടായത്. ഓയിൽ വിലയിൽ മൂന്നു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത്. ഇതും ഈയാഴ്‌ച്ച ഇന്ത്യയിൽ ഇന്ധനവിലയിൽ വൻ വിലക്കുറവ് ഉണ്ടാകാൻ കാരണമായി. ഒക്ടോബറിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറായി ഇടിഞ്ഞതോടെ തുടർച്ചയായി ഇവിടേയും ഇന്ധന വിലയിൽ കുറവു രേഖപ്പെടുത്താൻ തുടങ്ങി. എട്ടു മാസത്തിനിടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.

2014-നു ശേഷം ക്രൂഡ് ഓയിൽ വിലയിൽ ഇടിവു രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ വിലയിടിവാണ് ഒക്ടോബറിൽ ഉണ്ടായത്. സൗദിയിലും മറ്റു എണ്ണ ഉത്പാദനം വർധിച്ചുവരുന്നതോടെ അടുത്ത വർഷം എണ്ണ വിലയിൽ വൻ ഇടിവുണ്ടായേക്കുമെന്നാണ് പ്രവചനം. അതുകൊണ്ടു തന്നെ സൗദിയോടെ എണ്ണ ഉത്പാദനം കുറയ്ക്കണം എന്നും അന്താരാഷ്ട്ര തലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ചെലവിനെ സാരമായി ബാധിക്കും. ഒക്ടോബറിൽ രൂപയുടെ വിനിമയ മൂല്യം ഡോളറിനെതിരേ 74.48 രൂപ വരെയായതും ഇന്ധന വിലയിൽ കുതിച്ചുകയറ്റത്തിന് കാരണമായി. ഈ വർഷം തന്നെ രൂപയുടെ മൂല്യത്തിൽ 11 ശതമാനം ഇടിവാണ് നേരിട്ടത്. രൂപയുടെ ഇടിവ് പിടിച്ചു നിർത്താൻ റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ ഒരു പരിധി വരെ ഫലം കാണുകയും ചെയ്തിരുന്നു. നിലവിൽ 71.93 രൂപയാണ് ഡോളറിനെതിരേയുള്ള വിനിമയ മൂല്യം.