- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിച്ചുയർന്ന് ഇന്ധനവില; ഒമ്പത് ദിവസത്തിനുള്ളിൽ വില കൂടിയത് എട്ടു തവണ; ഇനിയും വില വർധനവെന്നും സൂചനകൾ
കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിൽ എട്ടു തവണയാണ് വില കൂടിയത്. പെട്രോളിന് ഒരു രൂപ 12 പൈസയും ഡീസലിന് ഒരു രൂപ 80 പൈസയും ഉയർന്നു. കോവിഡ് വാക്സീൻ സംബന്ധിച്ച ശുഭവാർത്തകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കൂടിയതാണ് ഇന്ധനവിലക്കയറ്റത്തിനുപിന്നിൽ. കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ വാങ്ങാൻ 82.38 രൂപ നൽകണം. ഡീസലിന് 76.18 രൂപ. മറ്റു ജില്ലകളിൽ വില ഇതിലും കൂടുതലാണ്.
ശനിയാഴ്ച തിരുവനന്തപുരത്ത് പെട്രോൾ വില 84.13 രൂപയായി. ഡീസലിന് 77.82 രൂപയും. വെള്ളിയാഴ്ച പെട്രോളിന് 83.89, ഡീസലിന് 77.54 എന്നിങ്ങനെയായിരുന്നു വില. നവംബർ 19നുശേഷം തുടർച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണ വില വർധിക്കുന്നുണ്ട്. ബ്രൻഡ് ക്രൂഡോയിൽ വില വീപ്പക്ക് 48.18 ഡോളറിൽ എത്തി. കഴിഞ്ഞ ചൊവ്വാഴ്ച 46.23 ഡോളറായിരുന്നു.
നവംബർ 19 വരെ രാജ്യത്തെ എണ്ണക്കമ്പനികൾ രണ്ടുമാസമായി പ്രതിദിന ഇന്ധന വിലവർധന നിർത്തിവെച്ചിരുന്നു.പിന്നീട് ഓരോ ദിവസവും വില ഉയർത്തുകയാണ്. കോവിഡ് ലോക്ഡൗൺ ഭാഗമായി ഇന്ധന ഉപഭോഗത്തിൽ വന്ന കുറവിനെത്തുടർന്ന് വില താഴ്ന്നതോടെ എണ്ണ ഉൽപാദകരായ ഒപെക് ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. ഓരോ ദിനവും 7.7 ദശലക്ഷം ബാരലിെൻറ കുറവാണ് വരുത്തിയത്. അടുത്ത വർഷം മാർച്ച് വരെ ഉൽപാദനം വെട്ടിക്കുറക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് പുനഃപരിശോധിക്കാൻ ശനിയാഴ്ച ചേരേണ്ടിയിരുന്ന യോഗം മാറ്റിവെച്ചതായി റിപ്പോർട്ടുണ്ട്.
ഇതോടൊപ്പം കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ പുറത്തുവന്ന മികച്ച ഫലം ഇന്ധനവില വർധിക്കാൻ കാരണമായി. വാക്സിൻ എത്തുന്നതോടെ ലോകത്ത് ഇന്ധന ഉപഭോഗം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഉൽപാദനം കുറഞ്ഞുനിൽക്കുമ്പോൾ പെട്രോൾ, ഡീസൽ വില വർധിക്കാനാണ് സാധ്യത.
മറുനാടന് ഡെസ്ക്