- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനവില കൂട്ടിയ കേന്ദ്രത്തിനെതിരെ ഇവിടെ പ്രതിഷേധിക്കും; എന്നാൽ സംസ്ഥാനത്തിന്റെ അധികനികുതി വേണ്ടെന്ന് വയ്ക്കാനാവില്ല; ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനും കേരളം എതിര്; ഇത് ഇരട്ടനിലപാടോ നിലപാട് ഇല്ലായ്മയോ?
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിലേറുന്നതിന് തൊട്ടുമുമ്പ് വരെ കേന്ദ്രത്തിന്റെ ഇന്ധനവില വർദ്ധനയ്‌ക്കെതിരെ നിരന്തരം സമരം ചെയ്തിരുന്നവരാണ് ഇടതുമുന്നണി. കുറ്റം പറയരുതല്ലോ, സംസ്ഥാനത്ത് ഭരണത്തിലെത്തിയശേഷം വിമർശനങ്ങളിലും പ്രതിഷേധങ്ങളിലും മിതത്വം പാലിക്കാൻ ഇടത് മുന്നണി പരമാവധി ശ്രമിച്ചിട്ടുണ്ട്. കൂട്ടുന്ന വിലയുടെ ഒരു ഭാഗം സംസ്ഥാനത്തിനും അവകാശപ്പെട്ടതാണല്ലോ. വർദ്ധനവിന്റെ ഗുണഭോക്താക്കളായ അവരെന്തിന് പ്രതിഷേധിക്കണം.
ഇപ്പോൾ ഇന്ധനവില കുറയ്ക്കണമെന്നോ അധികനികുതി ഉപേക്ഷിക്കണമെന്നോ ആവശ്യപ്പെടുന്നവരാണ് സർക്കാരിന്റെ ശത്രുക്കൾ. അവരുടെ ഉദ്ദേശം മറ്റെന്തോ ആണെന്നാണ് സംസ്ഥാന സർക്കാരിന്റെയും ധനകാര്യമന്ത്രിയുടെയും ആരോപണം. മുമ്പ് ഇന്ധനവില വർദ്ധനവിലൂടെ ലഭിക്കുന്ന അധികനികുതി വേണ്ടെന്ന് വെച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ ചരിത്രമൊന്നും ഇപ്പോഴത്തെ ധനകാര്യ മന്ത്രിക്ക് അറിയില്ല. ആ പാത പിന്തുടരാൻ താൽപര്യവും ഇല്ല.
ഇന്ന് ഇന്ധനവില വർദ്ധനയ്‌ക്കെതിരെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ മുസ്ലിം ലീഗിലെ എൻ ഷംസുദ്ധീനാണ് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിന്റെ നാവിന്റെ ചൂടറിഞ്ഞത്. പെട്രോൾ- ഡീസൽ വില വർധന നിയമസഭയിൽ ചർച്ചയാക്കുന്നതിനാണ് പ്രതിപക്ഷം ഇന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇന്ധനത്തിന് സംസ്ഥാന സർക്കാർ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും പ്രതിപക്ഷം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വാക്‌സിൻ വിഷയത്തിലും ലക്ഷദ്വീപ് വിഷയത്തിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിഎഎ വിഷയത്തിലുമൊക്കെ ഒന്നിച്ചുനിന്ന് സഭയ്ക്കുള്ളിൽ കേന്ദ്രത്തിനെതിരെ പ്രമേയങ്ങൾ പാസാക്കിയ ഓർമയിലായിരുന്നു അടിയന്തര പ്രമേയം സഭ നിർത്തി വച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത്.
എന്നാൽ നികുതിയിൽ ഒരു കോംപ്രമൈസിനും കേരള ധനകാര്യമന്ത്രി തയ്യാറല്ല. അക്കാര്യത്തിൽ തന്റെ മുൻഗാമിയുടെ പാത തന്നെയാണ് തനിക്കുമെന്നും ബാലഗോപാൽ തെളിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ലെന്ന് മാത്രമല്ല നോട്ടീസ് നൽകിയ പ്രതിപക്ഷത്തെ തന്റെ നാവിൽ ചുരുട്ടി നിലത്തടിക്കുകയും ചെയ്തു അദ്ദേഹം.
ഇന്ധന നികുതി കുറയ്ക്കാൻ ആകില്ലെന്ന നിലപാട് കർശനമായി പറഞ്ഞു ബാലഗോപാൽ. ഇന്ധന വിലയിൽ നികുതി കൂട്ടിയിട്ടില്ലാത്തതുകൊണ്ടാണ് അത്. ഇന്ധന വില ജിഎസ്ടിയിൽ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയിൽ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി ചോദിച്ചപ്പോൾ ഷംസുദ്ദീൻ വിയർത്തുപോയെന്ന് പറഞ്ഞാൽ മതിയല്ലോ.
പെട്രോൾ, ഡീസൽ വില വർധനവിന് കാരണം സംസ്ഥാനങ്ങളല്ല. ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യുപിഎ സർക്കാരാണ്. മോദി സർക്കാർ അതു പിന്തുടർന്നു. ഇടതുപക്ഷം അതിനെ എതിർത്തപ്പോഴും കോൺഗ്രസ് പാർലമെന്റിൽ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും കൂടി പറഞ്ഞുകഴിഞ്ഞപ്പോൾ പ്രതിപക്ഷത്തിന് പിന്നൊന്നും പറയാനുണ്ടായില്ല. അവർ വാലും ചുരുട്ടി സീറ്റിലിരുന്നു.
ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞതിനെതിരെ പ്രതിഷേധിച്ചവർക്ക് വിലവർദ്ധനവ് കൊണ്ട് ലഭിക്കുന്ന അധികനികുതിലാഭം വേണ്ടെന്ന് വയ്ക്കാൻ എന്താണ് ബുദ്ധിമുട്ടെന്ന് പ്രതിപക്ഷം ചോദിച്ചില്ല. പക്ഷെ ഇന്ധനവില വർദ്ധനവിനെതിരെ നിരന്തരം സമരം ചെയ്തുകൊണ്ടിരുന്നവർ ഭരണത്തിലേറിയപ്പോൾ അധികനികുതിയെങ്കിലും വേണ്ടെന്ന് വച്ച് ജനങ്ങൾക്ക് ചെറിയൊരു അശ്വാസം നൽകാൻ പോലും തയ്യാറാകാത്തത് എന്ത് പ്രഹസനമാണ് സജിയെ എന്നാണ് ജനങ്ങളുടെ ചോദ്യം. ഇന്ധനവില വർദ്ധനവിനെതിരെ പ്രസംഗിക്കുകയും എന്നാൽ ചെറിയൊരു നികുതി പോലും വേണ്ടെന്ന് വയക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ട നിലപാടോ നിലപാട് ഇല്ലായ്മയോ?
മറുനാടന് മലയാളി ബ്യൂറോ