- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും സെഞ്ച്വറി അടിച്ച് ഡീസലും പെട്രോളും! പാറശാലയിൽ ഡീസൽ വില ലിറ്ററിന് 100.11 രൂപയിൽ; തിരുവനന്തപുരത്ത് പെട്രോളിന് വില 106. 40 രൂപ; രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോളിന് വില 116.09 രൂപ! കൽക്കരി ക്ഷമം വൈദ്യുതി പ്രതിസന്ധിക്ക് വഴിവെക്കുമ്പോൾ കേരളത്തെയും ബാധിച്ചേക്കും
ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുകയാണ്. കൽക്കരി ക്ഷാമം കാരണം വൈദ്യുതി മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമ്പോൾ മറുവശത്ത് എണ്ണ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. കേരളത്തിൽ വീണ്ടും ഡീസലിനും പെട്രോളിനും വില നൂറു കടന്നു. ജനത്തിന്റെ നട്ടെല്ലൊടിക്കുന്ന വിധത്തിലാണ് വില കുതിച്ചുയരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നൂറ് കടന്ന പെട്രോൾ വിലക്ക് പിന്നാലെയാണ് ഇന്ന് ഡീസൽ വിലയും നൂറു കടന്നത്.
ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡീസൽ വില തിരുവനന്തപുരം പാറശാലയിൽ ലീറ്ററിന് 100.11 രൂപയും ഇടുക്കി പൂപ്പാറയിൽ 100.05 രൂപയുമായി. ഡീസൽവില 100 രൂപയ്ക്കു മുകളിൽ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം കേരളം ഉൾപ്പെടെ 12 ആയി. 4 മാസം മുൻപാണ് സംസ്ഥാനത്ത് പെട്രോൾ വില 100 രൂപ കടന്നത്. ഇന്ന് പാറശാലയിൽ 106.67 രൂപയും പൂപ്പാറയിൽ 106.57 രൂപയുമാണ് പെട്രോൾ വില.
കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെ വിലക്കയറ്റത്തിനു സാധ്യത കൂട്ടുന്നതാണ് ഡീസൽ വിലക്കയറ്റം. 10 മാസത്തിനിടെ ഡീസലിന് 19.63 രൂപയുടെയും പെട്രോളിന് 20.19 രൂപയുടെയും വർധനയാണുണ്ടായത്. കഴിഞ്ഞ 16 ദിവസത്തിനിടെ ഡീസലിന് 3.85 രൂപയും പെട്രോളിന് 2.67 രൂപയും വർധിച്ചു.
കേരളത്തെക്കാൾ 3 രൂപ കുറച്ച് തമിഴ്നാട്ടിൽ ഇന്ധനം വിൽക്കുന്നതിനാൽ സംസ്ഥാനാന്തര യാത്രക്കാരും ചരക്കു വാഹനങ്ങളും ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. ഇവിടെ പെട്രോളിന് 116.09 രൂപയും ഡീസലിന് 106.77 രൂപയുമാണ് ഇന്നത്തെ വില.
വൈദ്യുതി പ്രതിസന്ധിയും ആസന്നം, കേരളം ഇരുട്ടിലായേക്കും
കൽക്കരി ക്ഷാമം രൂക്ഷമാകുന്നതോടെ രാജ്യം കനത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിൽ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 70 ശതമാനത്തിനും കൽക്കരിയെയാണ് ആശ്രയിക്കുന്നത്. 135 താപവൈദ്യുതി നിലയങ്ങളിൽ 110 ഇടത്തും ക്ഷാമം അതിരൂക്ഷമാണ്. ഈ പ്രതിസന്ധി 6 മാസമെങ്കിലും തുടരുമെന്നാണു വിലയിരുത്തൽ.
കൽക്കരി ക്ഷാമത്തെ തുടർന്നു കേരളത്തിലും വൈദ്യുതി പ്രതിസന്ധി കൂടുതൽ വഷളാകാനാണു സാധ്യത. കേരളം ജലവൈദ്യുതിയെയാണു പ്രധാനമായും ആശ്രയിക്കുന്നതെങ്കിലും ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ കുറവു വരുമെന്നതാണു പ്രശ്നം. പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവുണ്ടെങ്കിലും നിലവിൽ കാര്യമായ നിയന്ത്രണം ഇല്ല. എന്നാൽ, ഉപയോഗം വർധിച്ചാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ഇപ്പോഴത്തെ നിലയിൽ തുലാവർഷം നല്ല വിധത്തിൽ തന്നെ കേരളത്തിൽ ലഭിക്കുന്നുണ്ട്. ഇതോടെ വൈദ്യുതി ഉൽപ്പാദനം കൂട്ടാനാണ് കെഎസ്ഇബി ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ യൂണിറ്റിനു 1718 രൂപ നൽകി കേരളം വൈദ്യുതി വാങ്ങി. പീക് സമയത്തു വില കൂടുതൽ നൽകിയാൽ പോലും കിട്ടാത്ത സാഹചര്യമാണു വരുന്നത്. ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു. അമിത വില നൽകി വൈദ്യുതി വാങ്ങിയാൽ അധിക ബാധ്യത പിന്നീട് സർചാർജ് ആയി ഉപയോക്താക്കൾ നൽകേണ്ടി വരും.
മറുനാടന് ഡെസ്ക്