- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ എണ്ണ കമ്പനികൾക്ക് കിട്ടുന്നത് വെറും 50 രൂപയിൽ താഴെ; ബാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും; ഈ കൊള്ളയ്ക്ക് ഉത്തരവാദികൾ മോദിയും പിണറായിയും; ഇങ്ങനെ പോയാൽ താമസിയാതെ പെട്രോൾ ലിറ്ററിന് 150 രൂപയാകും; സാധാരണക്കാരെ വലച്ച് നികുതിയിൽ നേട്ടമുണ്ടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
കൊച്ചി: മോദി അധികാരമേൽക്കുന്നതിന് മുമ്പ് ക്രൂഡ് ഓയിലിന് ബാരലിന് 130 ഡോളർ വരെ എത്തിയിട്ടുണ്ട്. അന്ന് ഇന്ത്യയിലെ ഇന്ധന വില 70 രൂപ. അതു പോലും ബിജെപിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. കാളവണ്ടി യാത്രകളുമായി അവർ അധികാരം പിടിച്ചെടുത്തു. പെട്ടെന്ന് ഇന്ധന വില താഴെ പോയി. ക്രൂഡ് ഓയിൽ ബാരലിന്റെ വില 40 ഡോളർ വരെയായി. കോവിഡു കാലത്ത് അത് മുപ്പതിനും താഴെയായി. അന്നൊന്നും സർക്കാർ ഇന്ധന വില ആനുപാതികമായി കുറച്ചില്ല. ഇതിന് പകരം നികുതി കൂട്ടി കൊള്ളലാഭം സർക്കാർ കീശയിലാക്കി. ഇപ്പോൾ ക്രൂഡ് ഓയിൽ നൂറ് ഡോളറിനോട് അടുക്കുമ്പോൾ ഇന്ത്യയിൽ പെട്രോളിന് വില ചിലയിടത്ത് 120ലേറെയും. കേരളത്തിൽ 112 രൂപയാണ് പെട്രോൾ വില. ഇത് ഭരണ കൂട ഭീകരതയാണ്.
ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ എണ്ണ കമ്പനികൾക്ക് കിട്ടുന്നത് വെറും 50 രൂപയിൽ താഴെ മാത്രം. ബാക്കിയെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കീശയിലാക്കുന്നു. ജി എസ് ടിയിൽ ഇത് ഉൾപ്പെടുത്തുന്നുമില്ല. ബ്രെന്റ് ക്രൂഡ് വില നിലവിൽ ബാരലിന് 84.25 ഡോളറാണ്. ഇത് താമസിയാതെ 100 ഡോളറാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ക്രൂഡ് വില കുത്തനെ ഇടിഞ്ഞ 2020 മാർച്ച് മുതൽ അതിന്റെ ആനുകൂല്യം ജനങ്ങൾക്കു കൈമാറാതെ നികുതി കുത്തനെ വർധിപ്പിച്ചതാണ് ഇപ്പോഴത്തെ പൊള്ളുന്ന വിലയ്ക്കു പ്രധാന കാരണം. ഈ നികുതിവർധന പിൻവലിച്ചാൽ തന്നെ ജനത്തിന് ഏറെ ആശ്വാസമാകും. പക്ഷേ അതിന് സർക്കാർ തയ്യാറല്ല.
നികുതിവരുമാനം ജനക്ഷേമപദ്ധതികൾക്കു വിനിയോഗിക്കുന്നുവെന്നാണ് സർക്കാരിന്റെ മറ്റൊരു വാദം. റോഡും പാലവും പണിയുന്നുവെന്നാണ് അവകാശ വാദം. എന്നാൽ ഈ റോഡുകളിലൂടെ പോകാൻ പിന്നേയും സാധാരണക്കാർ ടോളുകൾ കൊടുക്കണം. ഇന്ധന വിലവർദ്ധനവിനൊപ്പം ടോളും. അങ്ങനെ എല്ലാ അർത്ഥത്തിലും ജനങ്ങളെ പിഴിയുകയാണ് സർക്കാർ. ഇതിന് മുന്നിൽ നിൽക്കുന്നത് മോദി നയിക്കുന്ന കേന്ദ്ര സർക്കാരണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളും വരുമാനം കൂട്ടാൻ പെട്രോളിനേയും ഡീസലിനേയും നല്ല ഉപാധിയായി കാണുന്നു. ഇതോടെ വലയുന്നത് ജനമാണ്.
രാജ്യാന്തര ക്രൂഡ് വില 110 ഡോളർ വരെ വർധിച്ചേക്കുമെന്നാണ് പ്രവചനം. അതിനൊപ്പം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കുന്നുമില്ലെങ്കിൽ ഇന്ധനവില 150 രൂപയിലെത്തും. എല്ലാ കുറ്റവും എണ്ണ കമ്പനികളുടെ തലയിലേക്ക് ഇട്ട് രക്ഷപ്പെടുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. ഇന്ധനത്തെ ജി എസ് ടിയിൽ കൊണ്ടു വന്നാൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നം മാത്രമാണ് ഇത്. പെട്രോൾ, ഡീസൽ വിലവർധനയ്ക്കിടെ ഹോട്ടലുകൾക്കും മറ്റുമുള്ള വാണിജ്യ പാചകവാതക സിലിണ്ടറുകൾക്കും 266 രൂപ കൂട്ടി. ഇതോടെ ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 2000.50 രൂപയായി; കേരളത്തിലെ വില 1994 രൂപ. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
കേരളത്തിൽ എല്ലായിടത്തും പെട്രോൾ വില 110 രൂപ കടന്നു. സെപ്റ്റംബർ 24നു ശേഷം ഡീസലിന് 9.83 രൂപയും പെട്രോളിന് 8.15 രൂപയും കൂട്ടി. ഇക്കാലയളവിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണു വില വർധിക്കാതിരുന്നത്. ഇതോടെ നിത്യോപയോഗ സാധനങ്ങൾക്കും പലയിടത്തും വില കൂടി. ഈ വർഷം ഇതുവരെ ഗാർഹിക സിലിണ്ടറിന് 205.50 രൂപയും വാണിജ്യ സിലിണ്ടറിന് 675 രൂപയുമാണ് വർധിച്ചത്. വാണിജ്യ സിലിണ്ടർ വില കഴിഞ്ഞ മാസം 15 രൂപ കൂട്ടിയിരുന്നു. സെപ്റ്റംബറിൽ ഇവയ്ക്കും ഗാർഹിക സിലിണ്ടറുകൾക്കും 25 രൂപ വീതമായിരുന്നു വർധന. ഗാർഹിക സിലിണ്ടറിനു നിലവിൽ 906.50 രൂപയാണു വില.
സംസ്ഥാന സർക്കാർ നികുതി കുറച്ച ചെന്നൈയിൽ ഒഴികെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ വില 110 രൂപയ്ക്കു മുകളിലാണ്. കേരള സർക്കാരും നികുതിയിളവിനു തയാറല്ല. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഇന്ധനവില രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോളിന് 122.32 രൂപയും ഡീസലിന് 113.31 രൂപയും. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർധനയാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്ന ന്യായം. അവർ നികുതിയിലെ വർദ്ധന ചർച്ചയാക്കുന്നതുമില്ല.
അധിക വിലയ്ക്കുള്ള നികുതി കുറയ്ക്കാൻ പോലും കേരളം തയ്യാറല്ല. അങ്ങനെ വില കൂടുമ്പോൾ ഒരോ ദിവസവും ഖജനാവിലേക്ക് എത്തുന്ന നികുതിയും കൂടും. പെട്രോളും ഡീസലും അടിക്കാതെ ജീവിക്കാൻ പറ്റാത്ത കാലത്ത് ഈ നികുതി വർദ്ധന ഖജനാവിന് തുണയാക്കി മാറ്റുകായണ് പിണറായി സർക്കാരും. പെട്രോൾ-ഡീസൽ വില വർദ്ധനവിൽ പോലും സർക്കാർ പ്രതികരിക്കുന്നുമില്ല.
മറുനാടന് മലയാളി ബ്യൂറോ