തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയൽ കേരളം തകരും. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ ഈ നീക്കത്തെ കേരളം അംഗീകരിക്കില്ല. കേരളത്തിന്റെ ഖജനാവിനെ താങ്ങി നിർത്തുന്നത് പെട്രോളിയം ഉൽപ്പനങ്ങളുടെ നികുതിയാണ്. ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെട്ടാൽ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോൾ 10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്. ഇത് നടപ്പായാൽ പെട്രോൾ വില ഏതാണ് അമ്പത് രൂപയായി മാറുകയും ചെയ്യും. സെസ് പിരിച്ചാലും 60 രൂപയ്ക്ക് മുകളിലേക്ക് വില ഉയരില്ല. ഇതാണ് സാഹചര്യം.

എന്നാൽ കേന്ദ്രം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരും. ജി എസ് ടിയിൽ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിർത്താതെ ഇന്ധന വില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

നാളെയാണ് കേന്ദ്ര ജി എസ് ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ചർച്ച ചെയ്യും. ഇതിനെ ശക്തമായി എതിർക്കാൻ തന്നെയാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ നീക്കം. ഇന്ധനം ജി എസ് ടിയിൽ ഉൾപ്പെടുത്തരുത് എന്ന കർശന നിലപാടുകാരനാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. തന്തപരമായാണ് കേന്ദ്ര നീക്കം. ജി എസ് ടി നടപ്പാക്കുന്ന ആദ്യ അഞ്ചു വർഷം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തും. അതിന് ശേഷം നഷ്ടപരിഹാരം കിട്ടില്ല. കോവിഡു കാലത്ത് കച്ചവടങ്ങൾ കുറഞ്ഞതോടെ ഈ അഞ്ചു വർഷത്തിൽ രണ്ടു കൊല്ലം പൂർണ്ണമായും നഷ്ടമായിരുന്നു. കേന്ദ്രവും സംസ്ഥാനവും പ്രതിസന്ധിയിലായി. വ്യാപാരം പച്ചപിടിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ജി എസ് ടിയിലെ പുതിയ ആലോചന.

പെട്രോളും ഡീസലുമാണ് സംസ്ഥനത്തിന്റെ പ്രധാന വരുമാന മാർഗ്ഗം. ഇത് ജി എസ് ടിയിലാകുമ്പോൾ നികുതി വരുമാനം കുത്തനെ ഇടിയും. ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്തേണ്ട ബാധ്യത കേന്ദ്ര സർക്കാരിന് ഉണ്ടാവുകയുമില്ല. നഷ്ടപരിഹാരം നൽകേണ്ട സമയത്തെല്ലാം പെട്രോളിനേയും ഡീസലിനേയും വാറ്റിൽ കേന്ദ്രം നിലനിർത്തി. ഈ സമയത്ത് ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ അത് കേന്ദ്ര സർക്കാരിന് വമ്പൻ പ്രതിസന്ധിയാകുമായിരുന്നു. ഇതിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം. ഇത് മറികടക്കാൻ അഞ്ചു കൊല്ലം കേന്ദ്രം കാത്തിരുന്നു. അതിന് ശേഷം സംസ്ഥാനങ്ങളെ വലയ്ക്കാൻ ജി എസ് ടി ചർച്ചയും സജീവമാക്കി. കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എൻഡിഎ അനുകൂല സംസ്ഥാനങ്ങളും വിചാരിച്ചാൽ ജി എസ് ടി നടപ്പാക്കാം. ഇതിനിടെയാണ് കേരളം എതിർക്കാനെത്തുന്നത്.

പെട്രോളിന്റേയും ഡീസലിന്റേയും വില കുറഞ്ഞാൽ അത് കേന്ദ്ര സർക്കാരിന്റെ നേട്ടമാക്കി മാറ്റാനും കഴിയും. അതിനിടെ പെട്രോളിനും ഡീസലിനും വില കുത്തനെ കുറയുമെന്നിരിക്കെ ഈ രണ്ട് ഉത്പന്നങ്ങളൊഴികെ മറ്റേതെങ്കിലും ഒന്നോ രണ്ടോ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. വരാനിരിക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ധനവിലയും അതേത്തുടർന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രചാരണവിഷയമാക്കും.

ഈ സാഹചര്യത്തിൽ നികുതി വിഷയം ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പുയർന്നുവെന്ന് വരുത്തിത്തീർക്കലാവും കേന്ദ്രം ഉദ്ദേശിക്കുന്നത് എന്നും സൂചനയുണ്ട്. അതേസമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുമ്പോൾ അതിലൊന്ന് ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുണ്ട്. ഇന്ധന വിലവർധനവ് കാരണം ടിക്കറ്റ് നിരക്ക് ഉൾപ്പടെ വർധിപ്പിക്കേണ്ടി വരുന്നുവെന്നും അതിനാൽ മേഖലയിൽ നഷ്ടമുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാറ്റ് നികുതി നാല് ശതമാനമായി കുറയ്ക്കണമെന്നും സംസ്ഥാനങ്ങൾക്ക് കത്ത് അയച്ച് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.