മുംബൈ: അങ്ങനെ പ്രവചിച്ചതുപോലെതന്നെയായി കാര്യങ്ങൾ. കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുതിപ്പു തുടങ്ങി. ജന നന്മയ്ക്കല്ല സ്വന്തം നന്മയ്ക്കുവേണ്ടിയായിരുന്നു കേന്ദ്രസർക്കാർ പത്തൊമ്പതുദിവസം ഇന്ധനവില പിടിച്ചുനിർത്താൻ നിർദേശിച്ചതെന്ന് ഇതോടെ വ്യക്തമാവുകയാണ്. ഇനിയും വൻ വർധനയാണ് ഇന്ധനവിലയിലുണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ താൽക്കാലികമായി പിടിച്ചു നിർത്തിയ ഇന്ധനവിലയാണ് 19 ദിവസത്തിനുശേഷം ഉയരാനാരംഭിച്ചത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 17 പൈസ കൂടി 77.52 രൂപയായും ഡീസൽ ലിറ്ററിന് 23 പൈസ കൂടി 70.56 രൂപയായും ഉയർന്നു. ഏപ്രിൽ 24 നു ശേഷം രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളറോളം ഉയർന്നിട്ടുണ്ട്.

എന്നാൽ കർണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വില ഉയർത്താതിരിക്കാൻ കമ്പനികൾക്കുമേൽ കേന്ദ്രസമ്മർദമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൂർവാധികം ശക്തിയോടെ വിലയുയർത്തൽ മഹാമഹം ആരംഭിച്ചിരിക്കുകയാണ്. രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തിൽ ഇന്ധനവില ഇനിയും ഉയരാനാണ് സാധ്യത.

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളർ ഉയരുമ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 40 പൈസ വീതമാണ് എണ്ണക്കമ്പനികൾ വില ഉയർത്തുന്നത്. അവസാന വിലനിർണയം നടന്ന 24ന് ബാരലിന് 74.01 ഡോളറായിരുന്നു അസംസ്‌കൃത എണ്ണവില. അന്ന് പെട്രോളിന് 13 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്. ഇതിനു ശേഷം ക്രൂഡ് വില പടിപടിയായി ഉയരുകയായിരുന്നു.

ബ്രെന്റ് ക്രൂഡിന് ബാരലിന് ഒരു ഡോളർ വിലയുയർന്നാൽ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ കറന്റ് അക്കൗണ്ട് നഷ്ടം ആകെ 100 കോടി ഡോളർ വരുമെന്നാണ് കണക്ക്. ഇത്തരത്തിൽ തുടരെ മൂന്നാഴ്ചയിലെ വരുമാന നഷ്ടവും ഓഹരി വിലയിടിവുമൊക്കെ പരിഗണിച്ചാകും എണ്ണക്കമ്പനികളുടെ ഇനിയുള്ള വിലവർധിപ്പിക്കലെന്നാണ് കരുതുന്നത്. നേരത്തെ ന്യൂഡൽഹി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും എണ്ണവില ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നു. എന്നാൽ വോട്ടെടുപ്പിനു ശേഷം വില കാര്യമായി ഉയർത്താൻ കമ്പനികൾക്ക് കഴിഞ്ഞിരുന്നു.