കൊച്ചി; രാജ്യത്ത് ഇന്ധന വിലയിൽ വർധന തുടരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 94 കടന്നു. തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 94.03 രൂപയാണ് നൽകേണ്ടത്. ഡീസലിന് 88. 83 രൂപയായി. കൊച്ചിയിൽ പെട്രോളിന് 92.15 രൂപയും ഡീസലിന് 88.08 രൂപയുമാണ്.

ഈ മാസത്തിൽ ഏഴു തവണയാണ് ഇന്ധന വില വർധിച്ചത്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോൾ വില നൂറു കടന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് നൂറു കടന്നത്.

രണ്ടര ആഴ്ച തുടർച്ചയായി ഒരേ വിലയിൽ തുടർന്നതിനുശേഷം മെയ്‌ നാല് മുതലാണ് ഇന്ധന വിലയിൽ മാറ്റമുണ്ടായത്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കുറച്ചുനാൾ ഇന്ധന വില വർധിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ വർധനയാണ് ഇന്ധനവിലയിലുണ്ടാകുന്നത്. മെയ്‌ ഏഴുവരെ തുടർച്ചയായി വില വർധിച്ചു. പിന്നീടുള്ള രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നെങ്കിലും വീണ്ടും വില വർധിച്ചു.