- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധനവില; രണ്ടാഴ്ച്ചക്കിടെ പെട്രോളിന് വില കൂടിയത് 13 തവണ; വരും ദിവസങ്ങളിലും ഇന്ധനവില വർധവ് തുടരുമെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുകയറുന്നു. രണ്ടാഴ്ചയ്ക്കിടെ പതിമൂന്നാം തവണയും പെട്രോൾ വിലയിൽ വർധിപ്പിച്ചതോടെ വില രണ്ടു വർഷത്തെ ഉയർന്ന നിലയിലായി. ശനിയാഴ്ച 27 പൈസ കൂടി കൂട്ടിയതോടെ കൊച്ചിയിൽ പെട്രോൾ വില 83.67 ആയി. ഡീസൽ ലിറ്ററിന് 77.59. 26 പൈസയാണ് ഡീസലിന് ഇന്നു വർധിപ്പിച്ചത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 83.13 രൂപയായി. ഡീസലിന് 73.32 രൂപയാണ് വില. 2018 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യതലസ്ഥാനത്ത് ഇന്ധന വിലയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബർ 20ന് ആണ് പ്രതിദിന വില നിർണയം എണ്ണക്കമ്പനികൾ പുനരാരംഭിച്ചത്. പതിനാറു ദിവസത്തിനിടെ 2.07 രൂപയുടെ വർധനയാണ് പെട്രോളിനു വരുത്തിയത്. ഡീസൽ ഈ ദിവസങ്ങളിൽ 2.86 രൂപ വർധിപ്പിച്ചു.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 85.13 രൂപയും ഡീസലിന് 79.07 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 83.29 രൂപയാണ് വില. ഡീസലിന് 77.32 രൂപയും. കോഴിക്കോട് 83.64 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 77.68 രൂപയും.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 49.03 ഡോളറാണ് വില. 73.80 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കൂടുന്നതിന് അനുസരിച്ചാണ് രാജ്യത്ത് വില പുതുക്കുന്നതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. കോവിഡ് വാക്സിൻ പ്രതീക്ഷകൾ ഉയർന്നതോടെ ബ്രെന്റ് ക്രൂഡിന്റെ വില 34 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിലും ഇന്ധനവില വർധവ് തുടരുമെന്നാണ് റിപ്പോർട്ട്.
മറുനാടന് ഡെസ്ക്