ന്യൂഡൽഹി: ഇന്ധനവില ഒരർഥത്തിൽ രാജ്യത്തിന്റെ വിലക്കയറ്റത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. പെട്രോളിനും ഡീസലിനമൊക്കെ വില വർധിക്കുന്നത് ഉപ്പു തൊട്ടു കർപ്പൂരംവ െസർവ ഇനത്തിനും വില കൂട്ടും.

കഴിഞ്ഞ യുപിഎ സർക്കാരിനെ പെട്രോൾ വിലയുടെയും മറ്റും വർധന കണ്ടു പരാമർശിച്ച ബിജെപിക്ക് ഇക്കുറി തങ്ങളെ പ്രതിരോധിക്കാൻ പോലും അവസരമില്ലാതായി തീർന്നിരിക്കുകയാണ്.

ഇപ്പോഴിതാ പെട്രോൾ വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്രസർക്കാർ പെട്രോളിന്റെ എക്‌സൈസ് തീരുവ വർധിപ്പിച്ചത് അഞ്ചു തവണയാണ്.

ഇതോടെ പെട്രോളിന് ജനങ്ങൾ നൽകേണ്ടി വരുന്നത് അതിന്റെ യഥാർത്ഥവിലയുടെ ഇരട്ടിയിലേറെയാണെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നു വരികയാണ്.. ഇതാണോ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത അഛേ ദിൻ എന്ന പരിഹാസവും ഉയരുന്നുണ്ട്.

ബീഹാർ ഇലക്ഷൻ കഴിഞ്ഞ ഉടനെതന്നെയാണു പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വീണ്ടും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഒരു വർഷം മുൻപ് പെട്രോളിനു ചുമത്തിയിരുന്ന തീരുവ ലിറ്ററിനു 9.48 രൂപ ആയിരുന്നെങ്കിൽ ഇന്നത് 19.06 രൂപയായാണു വർധിച്ചത്.

ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ ഈടാക്കുന്ന വില 60.70രൂപയാണ്. ഗ്യാസൊലൈന്റെ ശരാശരി വിലയും, ഒക്ടോബർ രണ്ടാം പകുതിയിലെ വിദേശ വിനിമയ നിരക്കും പ്രകാരം, ഒരു ലിറ്റർ പെട്രോൾ ഉത്പാദിപ്പിക്കാൻ റിഫൈനറികൾക്ക് വരുന്ന ചെലവ് 24.75 രൂപ മാത്രമാണ്. കമ്പനികളുടെ ലാഭവും മറ്റു ചെലവുകളും ചേർത്ത് പമ്പുകൾക്ക് കൈമാറുന്നത് ലിറ്ററിന് 27.24 രൂപ നിരക്കിൽ. ഇതോടൊപ്പം എക്‌സൈസ് നികുതിയായി 19.06 രൂപയും, ഡീലറുടെ കമ്മീഷനായ 2.26 രൂപയും, വിൽപ്പന നികുതിയായ 12.14 രൂപയും കൂടി കൂട്ടുന്നതോടെ, പമ്പിൽ നിന്ന് ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ പൊതുജനം നൽകേണ്ടി വരുന്നത് 60.70 രൂപ. കേരളത്തിൽ നൽകേണ്ടി വരുന്നത് 65.49രൂപ.

അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും അതിന്റെ ഗുണഫലം ജനങ്ങൾക്ക് നൽകാതെ എക്‌സൈസ് തീരുവ വർദ്ധിപ്പിച്ച് ജനങ്ങളെ കോള്ളയടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതാണോ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത അഛേ ദിൻ എന്ന ചോദ്യമാണു വിവിധ കോണിൽ നിന്നും ഉയരുന്നത്.

എണ്ണക്കമ്പനി അവരുടെ ലാഭമടക്കം പമ്പുകൾക്ക് കൈമാറുന്ന ഒരു ലിറ്റർ പെട്രോളിന്റെ വില, കേന്ദ്ര എക്‌സൈസ് നികുതി, ഡീലറുടെ കമ്മീഷൻ,സംസ്ഥാന വിൽപ്പന നികുതി എന്നിവയൊക്കെ ചേർത്താണ് ഒരു ലിറ്റർ പെട്രോളിന് ഉപഭോക്താവ് പണം നൽകുന്നതെന്ന് അർഥം. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുറഞ്ഞാലും കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടി വിലയിൽ വ്യത്യാസമില്ലാതെ നിർത്തുകയാണ്. ചില അവസരങ്ങളിൽ സംസ്ഥാനങ്ങൾ വിൽപ്പന നികുതി കൂട്ടും. എങ്ങനെയായാലും സാധാരണ ജനങ്ങൾക്കു വിലക്കുറവിന്റെ ഗുണം ലഭിക്കില്ല എന്നതാണു യാഥാർഥ്യം.