പെർത്ത്: ഇന്നു മുതൽ പെർത്തിൽ ഇന്ധന വില വർധിക്കും. അൺലെഡഡ് പെട്രോളിന് ലിറ്ററിന് 16 സെന്റാണ് വില വർധിച്ചിരിക്കുന്നത്. ഇതോടെ ശരാശരി പെട്രോൾ വില ലിറ്ററിന് 129.8 ഡോളറായി ഉയരും.

അതേസമയം രാജ്യത്തെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ യുണൈറ്റഡ് കമ്പനിയുടെ സൈറ്റുകളിലും അൺലെഡഡ് പെട്രോളിന് വില ലിറ്ററിന് 130.7 ഡോളറാകുമെന്നും മുന്നറിയിപ്പുണ്ട്. ബിപി, കാൾടെക്‌സ്, വൂൾവർത്ത്‌സ്, കോൾസ് എക്സ്‌പ്രസ് സൈറ്റുകളിൽ പെട്രോൾ വില 129.9 ഡോളറായിരിക്കും.

പെട്രോൾ വില വർധനയ്ക്കു മുമ്പായി പലരും തങ്ങളുടെ വാഹനങ്ങളുടെ ഇന്ധന ടാങ്ക് നിറയ്ക്കുന്നതിന് തിരക്കിട്ട ശ്രമം നടത്തുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കാണാമായിരുന്നു. വില വർധന നടപ്പാകുന്നതിന് മുമ്പ് വിലക്കുറവിൽ ഇന്ധനം ലഭിക്കുന്ന സൈറ്റുകൾ അന്വേഷിച്ച് പെട്രോൾ ടാങ്ക് നിറയ്ക്കാൻ ഏറെ ശ്രമങ്ങളാണ് നടത്തിയത്. പരമാവധി ഇന്ധനം ശേഖരിച്ച് വയ്ക്കുവാൻ കഴിഞ്ഞാൽ പണം ലാഭിക്കാൻ സാധിക്കുമെന്ന് പ്രമുഖ ചെറുകിട ഇന്ധന വിതരണ കമ്പനികൾ  നേരത്തെ തന്നെ വാഹനയുടമകൾക്ക് നിർദ്ദേശം നൽകിയിരുന്നു.