ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ കൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾക്ക് അനുസൃതമായി ജനങ്ങൾക്ക് ഗുണം ലഭിക്കും എന്ന പേരു പറഞ്ഞാണ് പെട്രോൾ, ഡീസൽ വിലയിലെ നിയന്ത്രണം ഇന്ത്യയിൽ സർക്കാർ എടുത്തു കളഞ്ഞത്. എന്നാൽ, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ പോലും അത് അനുഭവിക്കാൻ യോഗമില്ലാത്തവരാണ് ഇന്ത്യൻ ജനത. വിപണിയിൽ വില കുറഞ്ഞുകൊണ്ടിരുന്നപ്പോഴും ഇവിടെ പെട്രോൾ വില അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ വിലയിൽ വർദ്ധനവുണ്ടായപ്പോഴാകട്ടെ റോക്കറ്റ് പോലെയാണ് വില കുതിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലെ മാറ്റത്തിന്റെ പേര് പറഞ്ഞ് ഇന്നലെ അർദ്ധരാത്രിയിൽ എണ്ണക്കമ്പനികൾ വൻ കൊള്ളയടിക്കാണ് തുടക്കമിട്ടത്. പെട്രോളിനും ഡീസലിനും വീണ്ടും വില വർ്ദ്ധിപ്പിച്ചാണ് എണ്ണക്കമ്പനികളുടെ കൊള്ള.

പെട്രോൾ വില ലീറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണു വർധിപ്പിച്ചത്. ഡൽഹിയിൽ പെട്രോളിന് 65.60 രൂപയും ഡീസലിന് 53.93 രൂപയുമാണു പുതിയ വില. വർധന അർധരാത്രി നിലവിൽ വന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്കു വില വർധിച്ചതാണു കാരണമായി പറയുന്നത്. രണ്ടാഴ്ച മുൻപു പെട്രോൾ വില ലീറ്ററിന് 83 പൈസയും ഡീസൽ വില 1.26 രൂപയും കൂട്ടിയിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിൽ വലിയ വ്യതിയാനം വരുമ്പോഴും തുച്ഛമായ തുക മാത്രമേ എണ്ണക്കമ്പനികൾ കുറയ്ക്കാറുള്ളൂ. ആഗോളവിപണിയിലെ വിലയിടിവിനെ ആസ്പദമാക്കി വില കുറച്ചപ്പോൾ ഫെബ്രുവരിയിൽ പെട്രോളിന് ലിറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് കുറച്ചത്. അതായാത് എണ്ണവില കുറയ്ക്കാൻ നിർബന്ധിതരാകുമ്പോൾ കണ്ണിൽപ്പൊടിയിടൽ നടപടിയുമായി മുന്നോട്ടു പോകുന്ന എണ്ണക്കാമ്പനികൾ കൂട്ടുന്ന കാര്യത്തിൽ ഈ അനുപാതമൊന്നും ചിന്തിക്കാറില്ല.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ വന്ന വർധനവും രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിൽ വന്ന വ്യതിയാനവുമാണ് ഇപ്പോൾ വലിയ വിധത്തിൽ വില വർധിപ്പിക്കാൻ കാരണമായെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഇന്ധനവില വർധിക്കുന്നത്. മെയ് പതിനേഴിനും കമ്പനികൾ ഇന്ധനവില വർധിപ്പിച്ചിരുന്നു.

വൻതോതിലുള്ള എണ്ണവില വർദ്ധനവിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ എണ്ണവിലയിൽ മുമ്പിലാണ് ഇന്ത്യ. പാക്കിസ്ഥാനിൽ പോലും ഇന്ത്യയേക്കാൾ കുറഞ്ഞ വിലയ്്ക്ക് എണ്ണ ലഭിക്കാറുണ്ട്. അസംസ്‌ക്കൃത എണ്ണ പെട്രോളു, ഡീസലുമാക്കി സംസ്‌ക്കരിച്ചെടുക്കുന്നതിന്റെ ചെലവിന് പുറമേ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നികുതി കൂടി വരുമ്പോഴാണ് ഉപഭോക്താക്കൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്നത്. എണ്ണ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് അനുഭവിക്കാൻ യോഗമുണ്ടായിരുന്നില്ല. അന്ന് കേന്ദ്ര സർക്കാർ നികുതി വർദ്ധിപ്പിച്ച് ഖജനാവ് നിറയ്ക്കാനാണ് തുനിഞ്ഞത്.

ഇപ്പോൾ വില ഉയരുമ്പോൾ നേരത്തെ ചുമത്തിയ അധികനികുതി പിൻവലിക്കാനും സർക്കാർ തയ്യാറല്ല. ഫലത്തിൽ എണ്ണവിലയിലെ വ്യതിയാനം എന്തുതന്നെയായാലും ജനങ്ങളുടെ പോക്കറ്റ് ചോരുന്ന സമീപനമാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അധിക നികുതി പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോ എന്നകാര്യം കാത്തിരുന്നു തന്നെ അറിയണം.