മെൽബൺ: സൗത്ത് ഓസ്‌ട്രേലിയയിൽ പെട്രോളിന് വില വർധിക്കുന്നു. ചില സർവീസ് സ്‌റ്റേഷനുകൾ പത്തു സെന്റിലധികം വില കൂട്ടിയാണ് ഉപയോക്താക്കളുടെ പക്കൽ നിന്നും ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. രണ്ടു മാസത്തിനുള്ളിൽ ഇതാദ്യമായാണ് പെട്രോൾ വിലയിൽ വർധന നേരിടുന്നത്.

ലിറ്ററിൽ 1.05 ഡോളറായിരുന്ന പെട്രോൾ വില ഞായറാഴ്ച മുതൽ 1.16 ഡോളറായി ഉയർന്നിരിക്കുകയാണ്. അതേസമയം പഴയ വിലയിൽ വില്പന നടത്തുന്ന സർവീസ് സ്റ്റേഷനുകളുമുണ്ട്. എന്നാൽ വില വർധന എവിടെയൊക്കെയാണ് നടപ്പാക്കിയതെന്ന് കൃത്യമായി കണ്ടെത്താൻ സാധിക്കാത്തതിനാൽ ഉപയോക്താക്കളെ ഇതു വലയ്ക്കുകയാണെന്ന് സീനിയർ അനലിസ്റ്റ് ക്രിസ് വെസ്റ്റ് പറയുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയാണ് പെട്രോൾ വിലയെ നിയന്ത്രിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ പെട്രോൾ വിലയിൽ വൻ കുറവ് നേരിട്ടതാണ്. എന്നാൽ റീട്ടെയ്‌ലർമാർ അവർക്കു ലാഭത്തിനായി നേരിയ തോതിൽ പെട്രോൾ വില വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ചയിലധികമായി അഡ്‌ലൈഡിൽ പെട്രോൾ വില 1.02 ഡോളർ നിരക്കിലാണ് വിലപ്‌ന നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 68 ദിവസമായി പെട്രോൾ വിലയിൽ വർധന നേരിട്ടിട്ടില്ലായിരുന്നുവെന്നും ശനിയാഴ്ച രാത്രി മുതൽ സൗത്ത് ഓസ്‌ട്രേലിയയിൽ പെട്രോൾ വില വർധിക്കുകയായിരുന്നുവെന്ന് ക്രിസ് വെസ്റ്റ് ചൂണ്ടിക്കാട്ടുന്നു. അഡ്‌ലൈഡ് ഫ്യൂവൽ സൈക്കിളിന്റെ ഭാഗമായാണ് പെട്രോൾ വില വർധനയുണ്ടായതെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ സൗത്ത് ഓസ്‌ട്രേലിയയിൽ തന്നെ ചിലയിടങ്ങളിൽ ലിറ്ററിന് 1.5 ഡോളർ നൽകേണ്ട അവസ്ഥയാണുള്ളത്. ഫ്യൂവൽ സൈക്കിളിന്റെ അടുത്ത ഘട്ടത്തിലും പെട്രോൾ വില വർധിക്കുമെന്നു തന്നെയാണ് കരുതേണ്ടത്. അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില വർധിക്കുമ്പോൾ ഇവിടെ പെട്രോൾ വിലയിൽ വൻ വർധന പ്രതീക്ഷിക്കാമെന്നും വെസ്റ്റ് പറയുന്നു.