തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി ഇന്ധനവിലയിൽ വീണ്ടും വർധന. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയിൽ വീണ്ടും വർധനവുണ്ടായത്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91 രൂപ 20 പൈസയായി വർധിച്ചു. ഡീസലിന് 85 രൂപ 86 പൈസയാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 81 പൈസയും ഡീസലിന് 87 രൂപ 38 പൈസയുമായി വർധിച്ചു. ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോൾ വില 100 രൂപ കടന്നിട്ടുണ്ട്. ഇന്ധന വിലയിൽ വർധനവുണ്ടായതോടെ പച്ചക്കറിയടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും വില വർധിച്ചിരിക്കുകയാണ്.

വർധനവ് തടയാൻ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെതിരെ കടുത്ത വിമർശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാൽ ഈ തീരുമാനം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ അനുകൂലിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.