- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേട്ട പൊലീസ് സ്റ്റേഷൻ ബോംബാക്രമണ വധശ്രമക്കേസ്: ഗുണ്ടാ നേതാവ് ജാങ്കോ കുമാറിനെ ഏകപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു; ജാങ്കോ കുമാർ കൊലപാതക ശ്രമവും പീഡനവും ഉൾപ്പെടെ പതിനഞ്ചോളം കേസിലെ പ്രതി
തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷൻ ബോംബാക്രമണ വധശ്രമക്കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ജാങ്കോകുമാറിനെ ഏക പ്രതിയാക്കി സിറ്റി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് പേട്ട പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കുറ്റപത്രം സമർപ്പിച്ചത്. കൊച്ചുവേളി ആയിരംത്തോപ്പ് വിനായക നഗർ പുതുവൽ പുത്തൻ വീട്ടിൽ ജാങ്കോ കുമാർ എന്ന അനിൽ കുമാറി (37) നെതിരായാണ് കുറ്റപത്രം.
2021 ൽ സിറ്റി പേട്ട പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി കൈയേറ്റവും ബലപ്രയോഗവും നടത്തി അസഭ്യം വിളിക്കുകയും വാൾ കൊണ്ട് വെട്ടി പൊലീസിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. പേട്ട പൊലീസ് സ്റ്റേഷൻ ആക്രമണം, വലിയതുറ ഗുണ്ടാ ആക്രമണം , കൊലപാതകം, ബോംബേറ്, അടിപിടി, പീഡനം ഉൾപ്പെടെ പതിനഞ്ചോളം കേസിലെ പ്രതിയാണ് അനിൽകുമാർ എന്ന ജാങ്കോ കുമാർ. കൈവശം ബോംബുമായാണ് ഇയാൾ സഞ്ചരിക്കുന്നതെന്നാണ് പൊലീസ് റിപ്പോർട്ട്.
2020 ൽ നടന്ന ഉറിയാക്കോട് ലിജോ സൂരി വധശ്രമ കേസിൽ ഒളിവിലായിരുന്ന ജാങ്കോ കുമാറിനെ റൂറൽ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020 മാർച്ച് 17 നാണ് അറസ്റ്റ് ചെയ്തത്. 2020 ജനുവരി 6 ന് കുപ്രസിദ്ധ മോഷ്ടാവ് ഉറിയാകോട് പൊന്നെടുത്താൻകുഴി കോളൂർ മേലെ പുത്തൻ വീട്ടിൽ 'പറക്കുംതളിക' ബൈജുവിന്റെയും ജാങ്കോയുടെയും നേതൃത്വത്തിലുള്ള സംഘം ഉറിയാകോട് എസ്.ജി.ഭവനിൽ ലിജോ സൂരി എന്നഅനു (29) വിനെ ആക്രമിച്ചിരുന്നു. ബൈജുവിന്റെ സഹോദരിയുടെ മകനാണ് ലിജോ സൂരി.
അരശുംമൂട് ജംക്ഷനിൽ നിന്നും നെടിയവിളയിലേക്ക് ബൈക്കിൽ വരുകയായിരുന്ന ലിജോയെ ജാങ്കോ കുമാർ, ബൈജു എന്നിവരടങ്ങുന്ന സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. പിന്നാലെ ഇരുമ്പ് ദണ്ഡ് കൊണ്ട് തടയ്ക്കടിച്ചു. തടയാൻ ശ്രമിച്ച പ്രദേശവാസി ബിനുവിനും വെട്ടേറ്റു. ആക്രമണം കണ്ട് എത്തിയ നാട്ടുകാർക്കു നേരെ നാടൻ ബോംബ് എറിഞ്ഞെങ്കിലും പൊട്ടാതെ റോഡിലെ ഓടയിൽ പതിച്ചു. തുടർന്ന് സംഘം കാറിൽ രക്ഷപ്പെട്ടു. കുടുംബ പ്രശ്‌നങ്ങളാണ് ബൈജുവും ലിജോയും തമ്മിലുള്ള വൈരാഗ്യത്തിന് പിന്നിലെന്നാണ് പൊലീസ് റിപ്പോർട്ട്.
ബൈജു, കൂട്ടാളിയായ പുഞ്ചക്കരി സ്വദേശി സന്തോഷ് (40) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തു. കേസിൽ 3 പേർ പിടിയിലായി.2 പേർ ഒളിവിൽ പോയി. മലയിൻകീഴ് ന്മ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ആയിരംത്തോപ്പിലെ ഒളിസങ്കേതത്തിൽ നിന്നാണ് 'ജാങ്കോ' കുമാറിനെ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പിടികൂടിയത്. കാടു മൂടിയ പ്രദേശത്തു നിന്നും 5 ബോംബുകളും മാരകാധുങ്ങളും പൊലീസ് കണ്ടെടുത്തു. ഉറിയാകോട് യുവാവിനെ വെട്ടിയ കേസിൽ രണ്ടാം പ്രതിയാണിയാൾ.