തിരുവനന്തപുരം പേട്ടയിൽ മകളുടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൈമൺ ലാലന്റെ വാദങ്ങളെ പൊളിക്കാൻ കേരളാപൊലീസിന് കൂട്ട് അവസരോചിത സാഹചര്യ തെളിവുകൾ. കേസിൽ പ്രധാന സാക്ഷികളായ ലാലന്റെ മകളും ഭാര്യയും കോടതിയിൽ മൊഴി മാറ്റിയാലും കേസിനെ ബാധിക്കാത്തവിധം പരമാവധി സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിന് വേണ്ടി പേട്ട സിഐ റിയാസ് രാജയുടെ നേതൃത്വത്തിൽ സൈമൺ ലാലന്റെ വീട്ടിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി.

താൻ മുറിയിൽ കിടന്നുറങ്ങുമ്പോൾ രാത്രി ഒരുമണിയോടെ മകളുടെ മുറിയിലെ ശബ്ദം കേട്ട് ഉണരുകയായിരുന്നു എന്നായിരുന്നു ലാലൻ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ലാലന്റെ വാദം തെറ്റാണെന്ന് തെളിയിക്കാൻ അന്നത്തെ സംഭവങ്ങൾ ഒരിക്കൽ കൂടി പൊലീസ് പുനഃ സൃഷ്ടിച്ചു. ലാലന്റെ മുറിയിൽ ഒരു പൊലീസുകാരൻ കിടക്കുകയും മകളുടെ മുറിയിൽ പാത്രം കൊട്ടിയും കുപ്പി തറയിലിട്ടും ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്നാൽ ലാലന്റെ മുറിയിൽ കിടന്ന പൊലീസുകാരന് ആ ശബ്ദങ്ങൾ കേൾക്കാൻ സാധിച്ചില്ല. ഇതോടെ ലാലന്റെ ആദ്യം വാദം പൊളിഞ്ഞു. അതേസമയം ആ വീടിന്റെ ഹാളിലോ മറ്റ് ഭാഗങ്ങളിലോ നിന്നാൽ മകളുടെ മുറിയിലെ ശബ്ദങ്ങൾ കൃത്യതയോടെ കേൾക്കാൻ സാധിച്ചിരുന്നു. അതോടെ രാത്രി വൈകിയും ഹാളിലോ വീടിന്റെ മറ്റ് ഭാഗങ്ങളിലോ ലാലൻ കാത്തിരിക്കുകയായിരുന്നു എന്ന കാര്യവും വ്യക്തമാകുകയായിരുന്നു.

അനീഷ് മകളുടെ മുറിയിൽ കയറിയെന്ന് ഉറപ്പാക്കിയ ലാലൻ വാതിൽക്കലെത്തി അവൻ അകത്ത് തന്നെയുണ്ടെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കിയ ശേഷമാണ് വാതിലിൽ തട്ടിവിളിച്ചത്. അതിന് ശേഷമാണ് അകത്ത് കയറി നെഞ്ചിൽ കുത്തുന്നത്. മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി ഓടിയ അനീഷ് പിൻവാതിൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചു. അടുക്കളയിൽ നിന്നും പുറത്തേയ്ക്കുള്ള വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ലാലൻ അനീഷിന്റെ മുതുകത്തും കുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ലാലന്റെ വീട്ടിൽ നിന്നും പന്ത്രണ്ടോളം കത്തികൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിൽ പല കത്തികളുടെയും പിടി ഊരിയതും മുന ഒടിഞ്ഞതുമൊക്കെയാണ്. എന്നാൽ കൂട്ടത്തിൽ ഏറ്റവും നല്ല കത്തി കൊണ്ടാണ് ലാലൻ അനീഷിനെ കുത്തിയിരിക്കുന്നത്. സാധാരണ കറിക്കത്തി കൊണ്ട് കുത്തിയാൽ മരണം സംഭവിക്കണമെന്നില്ല. ഇവിടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയായ കത്തി കൊണ്ട് നെഞ്ചിന്റെ കൃത്യം മധ്യത്തിൽ കുത്തിയതുകൊണ്ടാണ് മരണം സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആകസ്മികമായി ഉണ്ടായ കൊലപാതകമെന്ന് കരുതാനാകില്ലെന്ന് പൊലീസ് പറയുന്നു.

അനീഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊന്നതാണെന്ന വാദവും പൊലീസ് തള്ളികളയുന്നു. ക്രിസ്തുമസിനും ന്യൂയറിനുമിടയിൽ അനീഷ് വീട്ടിൽ വരുമെന്ന് ലാലന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് ദിവസം മുതൽ ലാലൻ അനീഷിനെ കാത്തിരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. മാത്രമല്ല, അനീഷിന്റെ മണം പിടിച്ചുപോയ പൊലീസ് നായ പുറകുവശത്തെ മതിൽ വഴിയാണ് പുറത്തേയ്ക്ക് പോയത്. ഇതും അനീഷിനെ ലാലൻ വിളിച്ചുവരുത്തിയതല്ലെന്ന കണ്ടെത്തലിന് കാരണമായി. മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെൺകുട്ടിയെ കാണാൻ ഈ വീട്ടിൽ പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഈ വിവരം സൈമൺ ലാലനും അറിയാമായിരുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സൈമണിനോട് മുറിയിൽ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമൺ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു. അനീഷിന്റെ നെഞ്ചിലും മുതുകത്തുമാണ് കുത്തേറ്റത്. സൈമണിന്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അനീഷിനെ ഉപദ്രവിക്കരുതെന്ന ഭാര്യയുടെയും മകളുടെയും അപേക്ഷ ചെവിക്കൊള്ളാതെ ലാലൻ അനീഷിനെ കുത്തുകയായിരുന്നു. ലാലന്റെ വീടിന് സമീപത്ത് തന്നെ സഹോദരങ്ങളും താമസിച്ചിരുന്നെങ്കിലും നാണക്കേട് ഭയന്ന് അവരെയാരെയും അറിയിക്കാതെ അനീഷിന്റെ വീട്ടിലേയ്ക്ക് ലാലന്റെ ഭാര്യ വിളിക്കുകയായിരുന്നു. വീട്ടിൽ നിന്നും ലാലന്റെയും ഭാര്യയുടേയും മകളുടേയും അനീഷിന്റെയും വിരലടയാളങ്ങൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

മകളുടെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് ലാലു ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ അത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സൈമൺ കുറ്റസമ്മതം നടത്തിയത്. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തുടക്കത്തിൽ തന്നെ സംശയിച്ചിരുന്നു.

അനീഷും ലാലനും അടുത്തടുത്ത് താമസിക്കുന്നവരാണ്. എന്നാൽ മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചിരുന്നത്.