- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മകനെ അകാലത്തിൽ നഷ്ടമായ വേദനയിൽ അനീഷിന്റെ മാതാപിതാക്കൾ; കൺമുന്നിൽ നടന്ന അരുംകൊലയിൽ സുഹൃത്തിനെ നഷ്ടമായത് ഉൾക്കൊള്ളാൻ സാധിക്കാതെ പെൺകുട്ടി; സൈമൺ അഴിക്കുള്ളിൽ ആയതോടെ നാഥനില്ലാതെ കുടുംബവും; പേട്ടയിൽ താളംതെറ്റിയത് രണ്ട് കുടുംബങ്ങളുടെ ജീവിതം
തിരുവനന്തപുരം: പേട്ടയിലെ 19കാരന്റെ കൊലപാതകം അക്ഷരാർഥത്തിൽ താളം തെറ്റിച്ചത് രണ്ട് കുടുംബങ്ങുടെ ജീവിതങ്ങളാണ്. പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് അവരുടെ വീട്ടിൽവച്ചാണ് അനീഷ് ജോർജ്ജ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ഒരു നിമിഷത്തെ കോപം ഒരു ജീവനെടുത്തപ്പോൾ തകർന്നു പോയത് രണ്ടു പേരെയും ചുറ്റിപ്പറ്റി കഴിയുന്ന കുറച്ചു മനുഷ്യ ജന്മങ്ങളാണ്. മകനെ അകാലത്തിൽ നഷ്ടപ്പെട്ടതിന്റെ വേദനയിൽ അനീഷിന്റെ കുടുംബം കഴിയുമ്പോൾ മറ്റൊരു കുടുംബത്തിന്റെ നാഥൻ ജയിലിൽ കഴിയുന്ന അവസ്ഥയും. എങ്ങും കണ്ണീരു മാത്രമാണ് ബാക്കിപത്രം.
കൊല്ലപ്പെട്ട അനീഷിന്റെ പിതാവ് ജോർജ് കുട്ടിയും അമ്മ ഡോളി ജോർജും സഹോദരൻ അനൂപും തകർന്ന നിലയിലാണ്. മകൻ പോയെന്ന യാഥാർഥ്യം ഇവർ ഉൾക്കൊണ്ടു വരുന്നേയൂള്ളൂ. സ്വന്തംവീട്ടിനുള്ളിൽ അപ്രതീക്ഷിതമായി അരുംകൊല നടന്നതിന്റെ ഞെട്ടലിലാണ് പ്രതിയുടെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും. അനീഷുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന പെൺകുട്ടി ആകെ തകർന്ന അവസ്ഥയിലുമാണ്. അടുത്തടുത്തു പരിചയക്കാരായ രണ്ട് പേരുടെ കുടുബങ്ങൾക്ക സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലാണ് പേട്ട നിവാസികൾക്കും.
അടുത്ത പരിചയക്കാരും ഒരേ ഇടവകയിലെ അംഗങ്ങളായ രണ്ട് കുടുംബങ്ങളിലുള്ളവരാണ് സംഭവത്തിലുൾപ്പെട്ടതെന്നതും ഞെട്ടലുളവാക്കുന്നതാണ്. നേരത്തെ പരിചയമുണ്ടായിരുന്നെങ്കിലും അനീഷും പെൺകുട്ടിയും തമ്മിൽ കൂടുതൽ അടുത്തിട്ട് ഒരു വർഷത്തിൽത്താഴെയേ ആയിട്ടുള്ളൂവെന്ന്, അനീഷിന്റെ ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെട്ട അനീഷ് ജോർജും പ്രതിയായ സൈമൺ ലാലന്റെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. അനീഷ് സംഭവം നടന്ന ദിവസം രാത്രിയിൽ സ്വന്തം വീട്ടുകാരറിയാതെയാണ് ലാലന്റെ വീട്ടിലെത്തുന്നത്. പെൺസുഹൃത്ത് വിളിച്ചതുകൊണ്ടാണ് അനീഷ് അവിടേക്കു പോയതെന്ന് അനീഷിന്റെ വീട്ടുകാർ പറയുന്നു. ഇവർ തമ്മിലുള്ള അടുപ്പം ഇരുവീട്ടുകാർക്കും അറിയാവുന്നതാണ്.
ഏറ്റവും ഇളയകുട്ടിയായിരുന്നതിനാൽ, അനീഷിന്റെ വേർപാട് മുഴുവൻ കുടുംബാംഗങ്ങളെയും മാനസികമായി തകർത്തുകളഞ്ഞു. രണ്ടുവർഷം മുൻപ് രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ പോകവേ അനീഷ് അപകടത്തിൽപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്കു മടങ്ങിവന്നത്. അതിനുശേഷം രാത്രിയിൽ മകൻ പുറത്തുപോകാതിരിക്കാനുള്ള കരുതലിലായിരുന്നു അമ്മ ഡോളിയെന്ന് ബന്ധുവായ റേച്ചൽ പറയുന്നു. മകന്റെ വിയോഗം തീർത്ത ആഘാതത്തിലാണ് ജോർജും ഡോളിയും.
അനീഷിനെ പെൺസുഹൃത്തിന്റെ അമ്മ മകനെപ്പോലെ കരുതുകയും അടുപ്പംകാണിക്കുകയും ചെയ്തിരുന്നതായും ഇവർ പറയുന്നു. ഈ സ്വാതന്ത്ര്യമാണ് ആ വീട്ടിലേക്ക് എപ്പോഴും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം അനീഷിനു നൽകിയത്. അങ്ങനെയുള്ള വീട്ടിൽവച്ച് മകൻ കൊല്ലപ്പെട്ടത് വിശ്വസിക്കാനാകാതെ വിഷമിക്കുകയാണ് അനീഷിന്റെ മാതാപിതാക്കൾ. പ്രിയപ്പെട്ട സുഹൃത്തിനെ സ്വന്തം പിതാവ് കൊലപ്പെടുത്തിയെന്നത് പെൺകുട്ടിക്കും ഉൾക്കൊള്ളാനായിട്ടില്ല. കൊലപാതകത്തിന് ഇവർ നേരിട്ട് സാക്ഷിയായതിന്റെ മാനസികാഘാതം വലുതാണെന്ന് പൊലീസും പറയുന്നു. പിതാവ് റിമാൻഡിലായതോടെ, അടുത്ത ബന്ധുവിന്റെ വീട്ടിലേക്കുപോയ പെൺകുട്ടിയും അമ്മയും സഹോദരിയും ഇപ്പോൾ അവരുടെ സംരക്ഷണയിലാണ്.
അതിനിടെ അനീഷ് ജോർജ് കൊല്ലപ്പെട്ട സംഭവത്തിൽ, അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വീട്ടുകാരുടെ വാദം പൊലീസ് തള്ളിയിരുന്നു. അനീഷ് ചൊവ്വാഴ്ച രാത്രി 1.37-ന് ശേഷമാണ് പെൺസുഹൃത്തിന്റെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. അനീഷിന്റെ ഫോണിൽനിന്ന് രാത്രി 1.37 വരെ പെൺസുഹൃത്തിന്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നു. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്.
വീടിന്റെ പിൻഭാഗത്തുകൂടിയാണ് അനീഷ് ഇവിടേയ്‌ക്കെത്തിയത്. പ്രധാന റോഡ് ഒഴിവാക്കി പിന്നിലുള്ള കാടുകയറിയ പ്രദേശത്തുകൂടിയുള്ള വഴിയിലൂടെയാണ് എത്തിയത്. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായി പൊലീസ് പറയുന്നു. ഈ സമയത്ത് അനീഷ് എത്തിയത് പ്രതിയായ സൈമൺ ലാലൻ അറിഞ്ഞിരിക്കില്ലെന്നും പൊലീസ് കണക്കുകൂട്ടുന്നു.
മൂന്നു മണിക്ക് ശേഷമാണ് അനീഷ് വീട്ടിലുണ്ടെന്നത് ലാലൻ മനസ്സിലാക്കുന്നത്. ഇവർ തമ്മിൽ വാക്കുതർക്കം നടന്നോയെന്ന കാര്യം ഉറപ്പിക്കാൻ വീട്ടുകാരെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ഇവിടെ നിന്ന് പുലർച്ചെ ബഹളം കേട്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടില്ല. അനീഷിനെ, വീട്ടിൽ കണ്ടതോടെ സൈമൺ ലാലൻ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാൽ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ