തിരുവനന്തപുരം: പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ എല്ലാ പരാതികളും അഭിപ്രായങ്ങളും കേൾക്കുവാനും വേണ്ട നടപടികൾ ത്വരിതഗതിയിൽ എടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ഇ.പി.എഫ്.ഒ. സംഘടിപ്പിക്കുന്ന 'പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികിൽ' (നിധി ആപ്‌കെ നികട്) എന്ന പരിപാടി ഡിസംബർ പത്തിന് തിരുവനന്തപുരം പട്ടത്തുള്ള റീജിയണൽ പി.എഫ്. ഓഫീസിൽ വച്ച് നടക്കും. തിരുവനന്തപുരം റീജിയണൽ പി.എഫ്. ഓഫീസിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾക്കും പി.എഫ്. അംഗങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.

 എല്ലാ മാസവും പത്താം തീയതി (പത്താം തീയതി അവധി ദിവമാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) നടത്തുന്ന ഈ പരിപാടിയിൽ ഇ.പി.എഫ് അംഗങ്ങൾക്ക് മാത്രമല്ല തൊഴിലുടമകൾക്കും തൊഴിലാളി സംഘടനകൾക്കും പങ്കെടുക്കാവുന്നതാണ്.  എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് നിയമത്തിനു കീഴിലുള്ള പദ്ധതികൾ പ്രകാരം നിയമാനുസൃതമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വീഴ്ച വന്നിട്ടുണ്ടെങ്കിൽ, അതു സംബന്ധിച്ച പരാതികൾ മാത്രമല്ല വിവര സാങ്കേതികത ഉൾപ്പെടെ അടിസ്ഥാനമാക്കി ഇ.പി.എഫ്.ഒ. ആരംഭിച്ചിട്ടുള്ള പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും കൂടി ഈ നൂതന ജനസമ്പർക്ക പരിപാടിയുടെ പരിഗണനയ്ക്കായി കൊണ്ടു വരാവുന്നതാണ്.

പരിപാടിയിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരാതികൾ വ്യക്തമായി എഴുതി നവംബർ 30 ന് മുമ്പ് തന്നെ ലഭിക്കത്തക്ക വിധത്തിൽ  അയച്ചു കൊടുക്കുകയോ നേരിട്ട് നൽകുകയോ ചെയ്യേണ്ടതാണ്.