കണ്ണൂർ: വായ്പ അനുവദിക്കാൻ അദ്ധ്യാപികയെ ഹോട്ടൽ മുറിയിലേക്ക് ലൈംഗിക വേഴ്ചയ്ക്കായി ക്ഷണിച്ച കണ്ണൂർ സ്വദേശിയായ പി. എഫ് ഓഫീസറെ വിജിലൻസ് ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിയും ഗെയ്ൻ പി. എസ് സംസ്ഥാന നോഡൽ ഓഫിസറുമായ ആർ.വിനോയ് ചന്ദ്രനാണ് അദ്ധ്യാപികയുടെ പരാതിയെ തുടർന്ന് കസ്റ്റഡിയിലായത്.

കോട്ടയത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം കോരത്തോട് സ്വദേശിനിയായ അദ്ധ്യാപികയാണ് പരാതിക്കാരി. ഹോട്ടലിൽ മുറിയെടുത്തതിനു ശേഷം ഇയാൾ അദ്ധ്യാപികയെ അങ്ങോട്ടു ചെല്ലുന്നതിന് നിരന്തരം വിളിച്ചുശല്യം ചെയ്യുകയായിരുന്നു. കാസർകോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് താളിക്കാവ് അശ്വതി അപ്പാർട്ട്മെന്റിലെ വിസ്മയ വീട്ടിൽ വിനോയ്് ചന്ദ്രൻ.

41 വയസുകാരനായ ഇയാൾ ഗവ. എയ്ഡഡ് ഇൻസ്റ്റിറ്റിയൂഷനൽ പി. എഫ്(ഗെയ്ൻ) സംസ്ഥാന നോഡൽ ഓഫിസറുടെ പദവിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം കൂടിയാണ്.കോട്ടയം പ്രൊവിഡന്റ് ഫണ്ട് ഓഫിസിലെ തന്റെ വായ്പയുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് അദ്ധ്യാപിക ഇയാളെ സമീപിക്കുന്നത്.

ഇതിനു ശേഷം ഇയാൾ ഇവരെ നിരന്തരം ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ലൈംഗികലക്ഷ്യംവെച്ചു ശല്യപ്പെടുത്തുകയായിരുന്നു. പ്രൊവിഡന്റ് ഫണ്ട് വിഷയം പരിഹരിക്കാൻ തനിക്ക് വഴങ്ങണമെന്നായിരുന്നു ആവശ്യം. താൻ കോട്ടയത്തു വരുന്നുണ്ടെന്നും കാണണമെന്നും ഇയാൾ പറഞ്ഞതായി അദ്ധ്യാപിക പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും കോട്ടയത്ത് എത്തിയ ശേഷം ഇയാൾ ഒരു ഹോട്ടലിൽ മുറിയെടുത്തതിനു ശേഷം പരാതിക്കാരിയായ അദ്ധ്യാപികയെ ഫോണിൽ വിളിക്കുകയായിരുന്നു. വരുമ്പോൾ തനിക്ക് സമ്മാനമായി 44 അളവുള്ള ഷർട്ടും കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പി. എഫ് വായ്പയിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷം തന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കാനാണ് ഇയാളുടെ ശ്രമമെന്ന് സംശയിച്ച അദ്ധ്യാപികയും കുടുംബവും വിജിലൻസ് ഇന്റലിജൻസിന് പരാതി നൽകിയത്. ഇതേ തുടർന്ന് വിജിലൻസ് തന്നെയാണ് ഇവർക്ക് 44 അളവിലുള്ള ഷർട്ടുവാങ്ങി നൽകി ഹോട്ടൽ മുറിയിലേക്ക് അയക്കുന്നത്. ഇയാൾ ഷർട്ടുവാങ്ങിച്ചയുടൻ വിജിലൻസ് സംഘം മുറിയിൽ കയറി പിടികൂടുകയായിരുന്നു.